ഇപി ജയരാജന്‍
ഇപി ജയരാജന്‍

വെള്ളക്കരം വർധിപ്പിക്കാൻ എൽഡിഎഫ് അനുമതി; 'ഉന്നത വിദ്യാഭ്യാസമേഖലയിൽ വിദേശ നിക്ഷേപമാകാം'

ജല അതോറിറ്റിയുടെ സാമ്പത്തിക ബാധ്യത കണക്കിലെടുത്താണ് വെള്ളക്കരം കൂട്ടാനുള്ള ശുപാര്‍ശയ്ക്ക് എല്‍ഡിഎഫ് അംഗീകാരം നല്‍കിയത്

സംസ്ഥാനത്ത് വെള്ളക്കരം വര്‍ധിപ്പിക്കാന്‍ എല്‍ഡിഎഫ് അനുമതി നല്‍കി. ലിറ്ററിന് ഒരു പൈസ വീതം കൂട്ടാനാണ് അനുമതിയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ പറഞ്ഞു. ജല അതോറിറ്റിയുടെ സാമ്പത്തിക ബാധ്യത കണക്കിലെടുത്താണ് വെള്ളക്കരം കൂട്ടാനുള്ള ശുപാര്‍ശയ്ക്ക് എല്‍ഡിഎഫ് അംഗീകാരം നല്‍കിയത്. ഉന്നതവിദ്യാഭ്യാസമേഖലയിൽ വിദേശ നിക്ഷേപമാകാമെന്നും എൽഡിഎഫി നിലപാടെടുത്തു. സംസ്ഥാന വികസനത്തിനായി തയാറാക്കിയ കേരള വികസനത്തിനുള്ള കാഴ്ചപ്പാട് എന്ന നയരേഖ ഇടതുമുന്നണി നേതൃയോഗം അംഗീകരിച്ചു.

കരം വർധിപ്പിക്കുന്നതോടെ കുറഞ്ഞത് 10 രൂപ കൂടും. സ്ലാബനുസരിച്ചാണ് മറ്റ് മാറ്റങ്ങൾ. ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ക്ക് വർധന ബാധകമല്ല.

വെള്ളക്കരം കൂട്ടണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ജലവിഭവ വകുപ്പ് സര്‍ക്കാരിനെ സമീപിച്ചിരുന്നു. ഇന്ന് ചേര്‍ന്ന ഇടതുമുന്നണി യോഗത്തിലാണ് മന്ത്രി റോഷി അഗസ്റ്റിന്‍ മുന്നോട്ടുവെച്ച ശുപാര്‍ശയ്ക്ക് അംഗീകാരമായത്. വാട്ടര്‍ അതോറിറ്റി 2,391കോടി രൂപ നഷ്ടത്തിലാണ്, കെഎസ്ഇബിയ്ക്ക് വലിയ തുക കുടിശികയുണ്ട്, ഈ സാഹചര്യത്തിലാണ് വെള്ളക്കരം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതെന്നും ഇപി ജയരാജന്‍ വ്യക്തമാക്കി. കരം വർധിപ്പിക്കുന്നതോടെ കുറഞ്ഞത് 10 രൂപ കൂടും. സ്ലാബനുസരിച്ചാണ് മറ്റ് മാറ്റങ്ങൾഎന്നാല്‍ ഇത് ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ക്ക് ബാധകമല്ല.

ഉന്നത വിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനാണ് പുതിയ നയരേഖയില്‍ ലക്ഷ്യമിടുന്നതെന്ന് എൽഡിഎഫ് കൺവീനർ പറഞ്ഞു. വിദേശ വിദ്യാര്‍ഥികളെ സ്വീകരിക്കാന്‍ പാകത്തിന് വിദ്യാഭ്യാസ രീതി മാറും. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നയം മാറ്റം എന്നല്ല പറയേണ്ടത് കാലോചിത പരിഷ്‌കാരം എന്നാണ് പറയേണ്ടെന്നും ഉന്നത വിദ്യാഭ്യാസ വികസനത്തിന് ഗുണം ചെയ്യുന്ന എന്തിനേയും സ്വാഗതം ചെയ്യുമെന്നും ഇപി ജയരാജന്‍ പറഞ്ഞു. സ്വകാര്യ സര്‍വകലാശാലകള്‍ വരുന്നതിനെ ദോഷകരമല്ലെങ്കില്‍ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന വികസനത്തിനായി തയാറാക്കിയ കേരള വികസനത്തിനുള്ള കാഴ്ചപ്പാട് എന്ന നയരേഖ ഇടതുമുന്നണി നേതൃയോഗം അംഗീകരിച്ചു. ഓരോ വകുപ്പും നടപ്പാക്കേണ്ട കര്‍മ പരിപാടികള്‍ക്ക് യോഗത്തില്‍ രൂപം നല്‍കി. ബന്ധപ്പെട്ട വകുപ്പുകള്‍ ഇത് വിശദമായി ചര്‍ച്ച ചെയ്യും. വിദ്യാഭ്യാസം, കൃഷി, തൊഴില്‍, ആരോഗ്യം തുടങ്ങി എല്ലാ മേഖലയിലെയും തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ എത്രയും പെട്ടെന്ന് ജനങ്ങള്‍ക്ക് അനുഭവിക്കാന്‍ കഴിയണമെന്നും വികസന പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ നയരേഖയുടെ അടിസ്ഥാനത്തില്‍ വിപുലമായി ചര്‍ച്ച ചെയ്യുമെന്നും ഇ പി ജയരാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in