എല്‍ഡിഎഫിന്റെ രാജ്ഭവന്‍ മാര്‍ച്ച് ഇന്ന്; ഒരു ലക്ഷം പേര്‍ പങ്കെടുക്കും, തലസ്ഥാനത്ത് ഗതാഗതനിയന്ത്രണം

എല്‍ഡിഎഫിന്റെ രാജ്ഭവന്‍ മാര്‍ച്ച് ഇന്ന്; ഒരു ലക്ഷം പേര്‍ പങ്കെടുക്കും, തലസ്ഥാനത്ത് ഗതാഗതനിയന്ത്രണം

രാവിലെ പത്ത് മുതല്‍ ഉച്ചവരെയാണ് സമരം, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സര്‍ക്കാര്‍ വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് സംഘടിപ്പിക്കുന്ന രാജ്ഭവന്‍ മാര്‍ച്ച് ഇന്ന്. ഒരു ലക്ഷം പ്രവര്‍ത്തകരെ അണിനിരത്തുന്ന മാര്‍ച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ വിദഗ്ധരും സാമൂഹ്യ സാംസ്‌കാരിക, സാഹിത്യ രംഗത്തെ പ്രമുഖരും സംസ്ഥാന നേതാക്കളും പങ്കെടുക്കുന്ന മാര്‍ച്ച് രാവിലെ പത്തിന് ആരംഭിക്കും. ഉച്ച വരെയാണ് സമരം. പ്രതിഷേധം കണക്കിലെടുത്ത് തലസ്ഥാനത്ത് രാവിലെ മുതല്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുക്കേണ്ടെന്നാണ് പാര്‍ട്ടി തീരുമാനമെടുത്തത്. എന്നാല്‍ ഡിഎംകെ രാജ്യസഭാ നേതാവ് തിരുച്ചി ശിവയെ മാര്‍ച്ചില്‍ പങ്കെടുപ്പിച്ചുകൊണ്ട് പ്രതിഷേധത്തിന് ദേശീയ ശ്രദ്ധ നല്‍കാനാണ് പാര്‍ട്ടി ശ്രമം.

സമരത്തില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരെ ആഹ്വാനം ചെയ്തുകൊണ്ടുള്ള നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രതികരിച്ചു. രജിസ്റ്ററില്‍ ഒപ്പിട്ട് ഗവര്‍ണക്കെതിരായുള്ള സമരത്തില്‍ സര്‍ക്കാര്‍ ജീവനക്കാരെ പങ്കെടുപ്പിക്കാനാണ് ശ്രമമെന്ന് ചൂണ്ടികാട്ടി കെ സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഭരണത്തലവനായ ഗവര്‍ണര്‍ക്കെതിരെ സമരം ചെയ്യുന്നതില്‍ നിന്നും സര്‍ക്കാര്‍ ജീവനക്കാരെ തടയണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

ഉന്നത വിദ്യാഭ്യാസ മേഖലയെ വലിയ പ്രതിസന്ധിയിലേക്ക് നയിക്കുന്നതാണ് ചാന്‍സലറുടെ ഇടപെടലുകളെന്നാണ് സിപിഎമ്മിന്റെ പക്ഷം. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കേന്ദ്ര സര്‍ക്കാരിന് നേരിട്ട് ഇടപെടുന്നതിന് പരിമിതികളുള്ളതുകൊണ്ട് ഗവര്‍ണര്‍മാരെ ഉപയോഗപ്പെടുത്തി സംഘപരിവാര്‍ വിദ്യാഭ്യാസ രംഗത്ത് ഇടപെടുകയാണെന്നാണ് സിപിഎം ആരോപിക്കുന്നത്. ഗവര്‍ണര്‍ക്കെതിരെ ഏതറ്റം വരെയും പോകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഇന്നലെ പ്രതികരിച്ചിരുന്നു. രാജ്ഭവന്‍ മാര്‍ച്ചോടെ കേരളത്തിന്റെ മനസ് ഗവര്‍ണര്‍ക്ക് മനസിലാകുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

logo
The Fourth
www.thefourthnews.in