വിടവാങ്ങിയത് ഇടതുപക്ഷത്തിന്റെ ശക്തിസ്തംഭമെന്ന് മുഖ്യമന്ത്രി, തീരാവേദനയെന്ന് ഡി രാജ; അനുശോചിച്ച് നേതാക്കൾ

വിടവാങ്ങിയത് ഇടതുപക്ഷത്തിന്റെ ശക്തിസ്തംഭമെന്ന് മുഖ്യമന്ത്രി, തീരാവേദനയെന്ന് ഡി രാജ; അനുശോചിച്ച് നേതാക്കൾ

പാര്‍ട്ടിയിലെ കരുത്തുറ്റ നേതാക്കളില്‍ ഒരാളെയാണ് കാനത്തിന്റെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജ പറഞ്ഞു

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മരണത്തില്‍ അനുശോചിച്ച് രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍. കാനം രാജേന്ദ്രൻ ഇടതുപക്ഷത്തിന്റെ ശക്തിസ്തംഭങ്ങളിൽ ഒന്നായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുമസ്മരിച്ചു. കാനത്തിന്റെ വിയോഗം ഞെട്ടിപ്പിക്കുന്നതാണെന്നും ഇടതുപക്ഷ മതേതര ഐക്യത്തിന് ഏറ്റവും ആവശ്യമുള്ള ഘട്ടത്തിലാണ് അദ്ദേഹത്തിന്റെ വിയോഗമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നികത്താനാവാത്ത നഷ്ടമാണിത്. കേരളത്തിന്റെ താൽപ്പര്യങ്ങൾക്കു വേണ്ടി നിലകൊള്ളുന്ന ഒരു നേതാവിനെയാണ് സഖാവ് കാനം രാജേന്ദ്രന്റെ വിയോഗത്തിൽ നമുക്ക് നഷ്ടപ്പെട്ടിട്ടുള്ളത്. ഇടതുപക്ഷത്തിന്റെ എന്നല്ല കേരളത്തിന്റെ പൊതുവായ നഷ്ടമാണിത്. നിസ്വാർത്ഥനായ രാഷ്ട്രീയ നേതാവിനെയാണ് കേരളത്തിനു നഷ്ടമായത്. സി പി ഐയുടെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും ബന്ധുമിത്രാദികളുടെയും ദുഃഖത്തിൽ പങ്കു ചേരുന്നു. കേരള ജനതയുടെയാകെ അനുശോചനം രേഖപ്പെടുത്തുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

പാര്‍ട്ടിയിലെ കരുത്തുറ്റ നേതാക്കളില്‍ ഒരാളെയാണ് കാനത്തിന്റെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജ. കേരളത്തിലെ പാര്‍ട്ടിക്ക് മാത്രമല്ല, ദേശീയതലത്തിലും വലിയ നഷ്ടമാണ് കാനത്തിന്റെ വിടവാങ്ങൽ. എഐവൈഎഫിലൂടെ കടന്നുവന്ന അദ്ദേഹം സംസ്ഥാന സെക്രട്ടറിയായപ്പോള്‍ പാര്‍ട്ടിയെ വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. യുവജന സംഘടന കാലം മുതല്‍ കാനവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സാധിച്ചിട്ടുണ്ട്. വ്യക്തിപരമായി തീരാവേദനയാണ് കാനത്തിന്റെ വിയോഗമെന്നും ഡി രാജ പറഞ്ഞു.

അര നൂറ്റാണ്ടു കാലത്തെ വൈകാരികബന്ധമാണ് കാനവുമായി ഉണ്ടായിരുന്നതെന്ന് പന്ന്യന്‍ രവീന്ദ്രന്‍ അനുസ്മരിച്ചു. അദ്ദേഹം മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലായിരുന്നു. എനിക്ക് വിദൂരമായ ഒരു ധാരണ പോലുമില്ലായിരുന്നു. പ്രസ്ഥാനത്തിന്‌റെ പ്രധാനപ്പെട്ട ഒരു ഏടാണ് നഷ്ടമായത്. അതിലുണ്ടാകുന്ന ആഘാതം ഒരിക്കലും ഊഹിക്കാന്‍ പറ്റുന്നതല്ലെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.

സിപിഐയുടെ ശക്തനായ നേതാക്കളിലൊരാളായിരുന്നു കാനം രാജേന്ദ്രനെന്ന് സിപിഐ നേതാവ് സി ദിവാകരന്‍ പ്രതികരിച്ചു. സികെ ചന്ദ്രപ്പന് ശേഷം പാർട്ടി സഖാക്കള്‍ വളരെ പ്രതീക്ഷയോടെ സെക്രട്ടറിയായി തിരഞ്ഞെടുത്ത നേതാവാണ് കാനം. ഒന്നല്ല, രണ്ടല്ല, മൂന്ന് തവണ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. വളരെ ധൈര്യമുള്ള നേതാവായിരുന്നു. ഏത് കാര്യത്തിനും നേരിട്ടിറങ്ങാനും അഭിപ്രായം പറയാനും പാർട്ടിയെ ശരിയായ വഴിയിലേക്ക് നയിക്കാനും കാനത്തിന് സാധിച്ചിരുന്നെന്നും ദിവാകരന്‍ പറഞ്ഞു.

ഒരു മനുഷ്യായുസ് മുഴുവന്‍ അധ്വാനിക്കുന്ന തൊഴിലാളി വര്‍ഗത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച നേതാവാണ് കാനം രാജേന്ദ്രനെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അനസ്മരിച്ചു. കമ്യൂണിസ്റ്റ് വിപ്ലവ പ്രസ്ഥാനത്തിനുവേണ്ടി നിലകൊണ്ട, സംസ്ഥാന സെക്രട്ടറിയെന്ന നിലയില്‍ നേതൃത്വം നല്‍കിയ നേതാവിനെയാണ് നഷ്ടമായത്. വളരെയേറെ പ്രതികൂല സാഹചര്യങ്ങള്‍ രൂപപ്പെടുമ്പോഴെല്ലാം വളരെ ശരിയായ ദിശാബോധത്തോട് കൂടി സിപിഎമ്മിനേയും സിപിഐയേയും യോജിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകുന്നതില്‍ വളരെ ശ്രദ്ധേയ നേതൃത്വമായിട്ടാണ് കാനം നിലക്കൊണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൃത്യമായ നിരീക്ഷണവും ലക്ഷ്യബോധവും കമ്യൂണിസ്റ്റ് മൂല്യവും ഉയര്‍ത്തിപ്പിടിക്കാന്‍ എല്ലാ കാലത്തും ആത്മാര്‍ത്ഥമായി പരിശ്രമിച്ച് പോരാടിയ വിപ്ലവകാരിയായിരുന്നു കാനം രാജേന്ദ്രനെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ പറഞ്ഞു. ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ യോജിപ്പിനും ഐക്യത്തിനും വേണ്ടി അങ്ങേയറ്റം പരിശ്രമിച്ചു. കേരളത്തിന്റെ സാമൂഹിക മനസുകളില്‍ ഇടതുപക്ഷ അനുഭാവം ഉയര്‍ത്തിക്കൊണ്ടുവരാന്‍ അദ്ദേഹം പരിശ്രമിച്ചു. നിയമസഭാ സാമാജികനെന്ന നിലയിലും പൊതുപ്രവര്‍ത്തകനെന്ന നിലയിലും കേരളം മുഴുവന്‍ നിറഞ്ഞുനിന്ന ഉത്തമനായ കമ്യൂണിസ്റ്റ് നേതാവായിരുന്നു കാനമെന്നും ഇ പി കൂട്ടിച്ചേര്‍ത്തു.

വിടവാങ്ങിയത് ഇടതുപക്ഷത്തിന്റെ ശക്തിസ്തംഭമെന്ന് മുഖ്യമന്ത്രി, തീരാവേദനയെന്ന് ഡി രാജ; അനുശോചിച്ച് നേതാക്കൾ
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു

ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും, കേരളത്തിലെ ഇടതുപക്ഷമുന്നണിക്കും മുന്നണിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനും സഖാവ് കാനത്തിന്റെ വിയോഗം വലിയ നഷ്ടമായിരിക്കും സൃഷ്ടിക്കുകയെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ കെ ബാലൻ പ്രതികരിച്ചു. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അടിത്തറ ശക്തിപ്പെടുത്തുന്നതിനും ഐക്യത്തിനും വേണ്ടിയിട്ടുള്ള സന്ദേശം കേരളത്തിലെ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള വലിയൊരു ശ്രമമാണ് അദ്ദേഹം നടത്തിയത്. അതുകൊണ്ട് തന്നെ സാധാരാണ നിലയില്‍ കാണുന്ന സിപിഐ, സിപിഎം വൈരുദ്ധ്യം രണ്ട് സര്‍ക്കാരിലും ഇല്ലാതായതിന്റെ പ്രധാന കാരണം അദ്ദേഹത്തിന്റെ വ്യക്തിപരമായ ഇടപെടലും സമീപനവുമായിരുന്നുവെന്നും ബാലൻ പറഞ്ഞു.

കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ തീരാനഷ്ടമാണ് കാനം രാജേന്ദ്രന്റെ വേർപാടെന്ന് എം വി ജയരാജൻ പറഞ്ഞു. തൊഴിലാളികളുടെയും കൃഷിക്കാരുടെയും പക്ഷം ചേർന്ന് അവർക്കുവേണ്ടി ശക്തമായ നിലപാട് സ്വീകരിച്ച വിപ്ലവകാരിയായിരുന്നു അദ്ദേഹമെന്നും എം വി ജയരാജൻ പറഞ്ഞു.

ഇടതുപക്ഷത്തെ സൗമ്യമുഖമായിരുന്ന കാനം രാജേന്ദ്രൻ നിലപാടുകൾ വെട്ടിത്തുറന്ന് പറയാൻ ആർജവം കാണിച്ച വ്യക്തിയായിരുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ അനുസ്മരിച്ചു. സിപിഐയുടെ ജനകീയ മുഖമായിരുന്ന അദ്ദേഹം ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് എടുത്ത പല നിലപാടുകളും പ്രശംസനീയമാണ്. എതിർ രാഷ്ട്രീയ ചേരിയിലായിരുന്നുവെങ്കിലും കാനവുമായി എന്നും നല്ല വ്യക്തിബന്ധമായിരുന്നു പുലർത്തിയിരുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

logo
The Fourth
www.thefourthnews.in