ജയില്‍ മുന്‍ ഡിജിപി ആര്‍ ശ്രീലേഖ
ജയില്‍ മുന്‍ ഡിജിപി ആര്‍ ശ്രീലേഖ

ആര്‍ ശ്രീലേഖയുടെ വെളിപ്പെടുത്തലിന്റെ നിയമ സാധുതയും; ഉയരുന്ന ചോദ്യങ്ങളും

തെളിവിന്റെ പിന്‍ബലമില്ലാത്ത വെളിപ്പെടുത്തല്‍ വെറും ആരോപണങ്ങളായി അവശേഷിക്കാനാണ് സാധ്യത

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ജയില്‍ മുന്‍ ഡിജിപി ആര്‍ ശ്രീലേഖ നടത്തിയ വെളിപ്പെടുത്തലില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. നടിയെ ആക്രമിച്ച കേസ് നിര്‍ണായക ഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോള്‍ പൊലീസില്‍ ഉന്നത സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള ഉദ്യോഗസ്ഥ നടത്തുന്ന പരാമര്‍ശങ്ങള്‍ നിയമ നടപടികളെ എങ്ങനെ ബാധിക്കുമെന്നതാണ് ചര്‍ച്ചകളില്‍ പ്രധാനം. വെളിപ്പെടുത്തലിന്റെ നിയമ സാധുതയെ കുറിച്ചും സംശയങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ശ്രീലേഖയെ ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ച് തീരുമാനം.

ജയില്‍ മുന്‍ ഡിജിപി ആര്‍ ശ്രീലേഖ നടത്തിയ വെളിപ്പെടുത്തല്‍ നിയമപരമായി വലിയ ചലനമുണ്ടാക്കുന്നതല്ലെന്ന് നിയമവിദഗ്ധര്‍ നല്‍കുന്ന സൂചന. തെളിവിന്റെ പിന്‍ബലമില്ലാത്ത വെളിപ്പെടുത്തല്‍ വെറും ആരോപണങ്ങളായി അവശേഷിക്കാനാണ് സാധ്യതയെന്നും പ്രമുഖ അഭിഭാഷകര്‍ ദി ഫോര്‍ത്തിനോട് പ്രതികരിച്ചു.

''സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയും''

പ്രതി ഭാഗത്തിന് വേണമെങ്കില്‍ ശ്രീലേഖയെ സാക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാം. കോടതി അനുമതി നല്‍കിയാല്‍ സാക്ഷി വിസ്താരം നടത്താം. അതല്ലാതെയുള്ള വെളിപ്പെടുത്തലുകള്‍ ഏതൊരു സാധാരണക്കാരനും പറയുന്നത് പോലെയുള്ള അഭിപ്രായങ്ങള്‍ മാത്രമാണെന്ന് അഭിഭാഷകന്‍ വെങ്ങാനൂര്‍ ശിവശങ്കര്‍ പറയുന്നു. പക്ഷെ മുമ്പ് ഇവര്‍ വഹിച്ചിരുന്ന പദവിയുടെ പിന്‍ബലമുള്ളതിനാല്‍ സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാന്‍ വെളിപ്പെടുത്തലുകള്‍ക്കാകും എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ വിധിയെ സ്വാധീനിക്കാനുള്ള ശ്രമമായും പ്രോസിക്യൂഷന്‍ നടപടികളിലെ ഇടപെടലായും വെളിപ്പെടുത്തലിനെ കണക്കാക്കാവുന്നതാണൊണ് അഡ്വ. ഹരീഷ് വാസുദേവന്റെ അഭിപ്രായം. അതിജീവിതയ്ക്കെതിരായ ഒരു പൊതുബോധമുണ്ടാക്കാനുള്ള നീക്കമായി കൂടി വേണം ഇതിനെ കാണാന്‍. അല്ലെങ്കില്‍ ഉത്തരവാദിത്തപ്പെട്ട ഒരു കസേരയില്‍ ഇരുന്ന സമയത്ത് ആര്‍ ശ്രീലേഖ എന്തുകൊണ്ട് ഇതിനെതിരെ നടപടിയെടുത്തില്ല എന്ന ചോദ്യവും ബാക്കിയാവുന്നു.

നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക തെളിവുകളില്‍ ഒന്നായ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതില്‍ ഹൈക്കോടതി പരിശോധന ആവശ്യപ്പെട്ടതിലൂടെയുണ്ടായ തിരിച്ചടി മറികടക്കാനുള്ള ദിലീപ് ക്യാമ്പിന്റെ ശ്രമവും കൂടിയാകാം ഇത്തരം നീക്കങ്ങള്‍ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ക്രൈംബ്രാഞ്ച് ശ്രീലേഖയെ ചോദ്യം ചെയ്യുന്നത് എന്തിന് ?

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ പോലീസ് വ്യാജരേഖ ചമച്ചെന്നാണ് ശ്രീലേഖയുടെ ആരോപണം. അതിന് തെളിവിന്റെ പിന്‍ബലമുണ്ടോയെന്ന് പരിശോധിക്കാനാണ് ക്രൈംബ്രാഞ്ച് ശ്രീലേഖയെ ചോദ്യം ചെയ്യുക. തെളിവുണ്ടെങ്കില്‍ വ്യാജരേഖ കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് എടുക്കേണ്ടി വരും. ഇത് കേസിന്റെ ഗതി തന്നെ മാറും. തന്നെ കുടുക്കാന്‍ അന്വേഷണസംഘം ഗൂഢാലോചന നടത്തിയെന്ന ദിലീപിന്റെ എക്കാലത്തെയും ആരോപണം സാധൂകരിക്കപ്പെടും.

എന്നാല്‍ അതിനുള്ള സാധ്യത തുലോം തുച്ഛമാണ്. കാരണം ആദ്യം മുതലെ ദിലീപിനൊപ്പമെന്ന പരസ്യ നിലപാടുള്ള ആര്‍ ശ്രീലേഖ തെളിവുണ്ടായിരുന്നെങ്കില്‍ എത്രയോ മുമ്പ് നിയമപരമായി തന്നെ നീങ്ങിയേനെ എന്നാണ് അന്വേഷണസംഘവും വിലയിരുത്തുന്നത്. സ്വന്തം യൂട്യൂബ് ചാനലിലൂടെ പുറത്തുവിടേണ്ട ഒരു വിവരം മാത്രമല്ല ഇതെന്ന് നിയമം പഠിച്ച ശ്രീലേഖയ്ക്കും അറിയാം.

എന്തായിരുന്നു ശ്രീലേഖയുടെ വെളിപ്പെടുത്തല്‍

'കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ദിലീപിനെതിരെ തെളിവില്ലെന്നും അറസ്റ്റ് ചെയ്തത് മാധ്യമങ്ങളുടെ സമ്മര്‍ദം മൂലമാണെന്നുമാണ് സസ്നേഹം ശ്രീലേഖ എന്ന യൂട്യൂബ് ചാനലിലൂടെയുള്ള വെളിപ്പെടുത്തല്‍. കേസില്‍ നിര്‍ണായക തെളിവായ പള്‍സര്‍ സുനിക്കൊപ്പം നില്‍ക്കുന്ന ദിലീപിന്റെ ചിത്രം പോലീസ് വ്യാജമായി ഉണ്ടാക്കിയതാണ്. അത് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ തന്നെ സമ്മതിച്ചിരുന്നു. ജയിലില്‍ നിന്ന് ദിലീപിന് കത്തെഴുതിയത് പള്‍സര്‍ സുനിയല്ല. സഹതടവുകാരന്‍ വിപിന്‍ ലാലാണ്. ദിലീപിന്റെ മൊഴികളില്‍ പോലും പോലീസ് കൃത്രിമം കാണിച്ചു. കേസില്‍ ദിലീപിന് പങ്കുണ്ടെന്ന് കരുതുന്നില്ല. ദിലീപിന് നിരവധി ശത്രുക്കളുണ്ട് . അതിശക്തനായ ഒരു ശത്രുവാണ് ഇതിന് പിന്നിലെന്നും സംശയിക്കുന്നു. പള്‍സര്‍ സുനി മുമ്പും പല നടിമാരുടെയും ദൃശ്യങ്ങള്‍ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ പണം നല്‍കി ഒത്തുതീര്‍പ്പാക്കുകയായിരുന്നു.

ദിലീപിനെ രക്ഷിക്കാനുള്ള നീക്കം; സംവിധായകന്‍ ബാലചന്ദ്രകുമാര്‍

വ്യാജ രേഖയുണ്ടാക്കിയെന്ന് അറിഞ്ഞ അന്നുതന്നെ എന്തുകൊണ്ട് ആര്‍ ശ്രീലേഖ പ്രതികരിച്ചില്ലെന്ന ചോദ്യമാണ് ദിലീപിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിന് പറയാനുള്ളത്. ആക്ഷേപം ഉണ്ടെങ്കില്‍ മുഖ്യമന്ത്രിക്കോ ഡിജിപിക്കോ പരാതി നല്‍കാതെ നടത്തുന്ന ഇത്തരം വിളിച്ചു പറയലുകള്‍ ദിലീപിന് വേണ്ടിയുള്ള പി ആര്‍ വര്‍ക്കാണെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു

ചിത്രം വ്യാജമല്ലെന്ന് ഫോട്ടോ പകര്‍ത്തിയ ബിദില്‍

ദിലീപിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ പള്‍സര്‍ സുനിയുണ്ടായിരുന്നെന്ന് തെളിയിക്കുന്ന ചിത്രം വ്യാജമല്ലെന്ന് ഫോട്ടോഗ്രാഫര്‍ ബിദില്‍ പ്രതികരിച്ചു. ഫോണിലാണ് അന്ന് ഫോട്ടോ എടുത്തത്. പതിനായിരം രൂപയ്ക്ക് വാങ്ങിയ ഫോണായിരുന്നെന്നും എഡിറ്റിംഗോ ഫോട്ടോഷോപ്പോ ചെയ്യാവുന്ന ഫോണായിരുന്നില്ലെന്നും ലൊക്കേഷന്‍ സെല്‍ഫി എന്ന പേരില്‍ ഫെയ്സ്ബുക്കിലടക്കം പോസ്റ്റ് ചെയ്തിരുന്നെന്നും ബിദില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

logo
The Fourth
www.thefourthnews.in