കോണ്‍ഗ്രസിന്റെ വേദവാക്യവും മദന കാമരാജന്‍ കഥകളും; നിയമസഭയിലെ ഇ ഡി തര്‍ക്കങ്ങള്‍

കോണ്‍ഗ്രസിന്റെ വേദവാക്യവും മദന കാമരാജന്‍ കഥകളും; നിയമസഭയിലെ ഇ ഡി തര്‍ക്കങ്ങള്‍

ലൈഫ് മിഷന്‍ കോഴക്കേസില്‍ അറസ്റ്റിലായ എം ശിവശങ്കറിനെതിരായ റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ള പരാമര്‍ശങ്ങള്‍ ഉയര്‍ത്തിക്കാട്ടി മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഭരണ പക്ഷത്തെയും മുഖ്യമന്ത്രിയെയും വെല്ലുവിളിച്ചു.

മുഖ്യമന്ത്രിയുടെ ഇടതും വലതും നിന്നവരും, ലൈഫ് മിഷന്‍ കോഴക്കേസും. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ള പരാമര്‍ശങ്ങളുടെ പേരില്‍ നിയമസഭയില്‍ ഏറ്റുമുട്ടി ഭരണപക്ഷവും പ്രതിപക്ഷവും.

കോണ്‍ഗ്രസിന്റെ വേദവാക്യവും മദന കാമരാജന്‍ കഥകളും; നിയമസഭയിലെ ഇ ഡി തര്‍ക്കങ്ങള്‍
ശിവശങ്കറിന്റെ റിമാന്‍ഡില്‍ ചൂടുപിടിച്ച് സഭ; പച്ചക്കള്ളമെന്ന് മുഖ്യമന്ത്രി, നിയമ നടപടിക്ക് വെല്ലുവിളിച്ച് പ്രതിപക്ഷം

പച്ചക്കള്ളം, കോണ്‍ഗ്രസിന്റെ വേദവാക്യം, മദന കാമരാജന്‍ കഥകള്‍, കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം പ്രഖ്യാപിക്കുന്നതിലെ യുക്തി എന്നിവയാണ് ഇന്ന് സഭയില്‍ ശ്രദ്ധ പിടിച്ചു പറ്റിയ പരാമര്‍ശങ്ങള്‍. ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് നേരിട്ട് പങ്കുണ്ടെന്ന ആരോപണം നിയമസഭയില്‍ ആവര്‍ത്തിക്കുകയാണ് പ്രതിപക്ഷം ചെയ്തത്. കേസില്‍ അറസ്റ്റിലായ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരായ റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ള പരാമര്‍ശങ്ങള്‍ ഉയര്‍ത്തിക്കാട്ടി മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഭരണ പക്ഷത്തെയും മുഖ്യമന്ത്രിയെയും വെല്ലുവിളിച്ചു.

പച്ചക്കള്ളം - എന്ന ഒറ്റവാക്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപണങ്ങളെ തള്ളി

'പച്ചക്കള്ളം', എന്ന ഒറ്റവാക്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപണങ്ങളെ മൊത്തത്തില്‍ തള്ളി. ഇതാണ് നിലപാട് എങ്കില്‍ ഇ ഡിക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ തയ്യാറാവണമെന്ന് മാത്യു കുഴല്‍നാടന്‍ ആവശ്യപ്പെട്ടു. ഇ ഡി പറയുന്ന തരത്തില്‍ ഒരു കൂടിക്കാഴ്ച നടന്നിട്ടില്ലെങ്കില്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെ അപമാനിക്കുന്നതാണ്. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കണം, അതിന് പ്രതിപക്ഷം കൂടെ നില്‍ക്കുമെന്നും മാത്യു കുഴല്‍ നാടന്‍ വ്യക്തമാക്കി.

എന്നാല്‍, ആരോപണം നിഷേധിക്കുന്നുണ്ടോ എന്ന ചോദ്യത്തിനായിരുന്നു താന്‍ മറുപടി പറഞ്ഞത് എന്നായിരുന്നു പരാമര്‍ശങ്ങള്‍ക്ക് മുഖ്യമന്ത്രി നല്‍കിയ വിശദീകരണം. ആരോപണം ഉന്നയിച്ചവരുടെ അഭിഭാഷകനായാണോ മാത്യു കുഴല്‍നാടന്‍ സംസാരിക്കുന്നത് എന്നും മുഖ്യമന്ത്രി ചോദിച്ചു.

ഇഡി വിഷയത്തില്‍ വാളയാറിന് അപ്പുറത്തും, ഇപ്പുറത്തും കോണ്‍ഗ്രസിന് രണ്ട് നിലപാട്

മന്ത്രി എംബി രാജേഷ്

എല്ലാ വിശ്വാസ്യതയും നഷ്ടപ്പെട്ട അന്വേഷണ ഏജന്‍സിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടാണ് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ വേദവാക്യമെന്നായിരുന്നു മുഖ്യമന്ത്രിയെ പ്രതിരോധിച്ച് മന്ത്രി എം ബി രാജേഷിന്റെ പരാമര്‍ശം. വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് യൂണിടാകും-റെഡ് ക്രെസന്റുമായുള്ള കരാറില്‍ അഴിമതി നടന്നിട്ടുണ്ടെങ്കില്‍ അതില്‍ സര്‍ക്കാരിന് സാമ്പത്തിക ഉത്തരവാദിത്വമില്ലെന്ന് എം ബി രാജേഷ് സഭയില്‍ വ്യക്തമാക്കി.

ഇ ഡി വിഷയത്തില്‍ വാളയാറിന് അപ്പുറത്തും ഇപ്പുറത്തും കോണ്‍ഗ്രസിന് രണ്ട് നിലപാടാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. രാഹുല്‍ ഗാന്ധിയെയും സോണിയാ ഗാന്ധിയും ചോദ്യം ചെയ്തപ്പോള്‍ ഡല്‍ഹിയില്‍ ഇ ഡിക്കെതിരേ സമരം ചെയ്യുന്നവര്‍ കേരളത്തില്‍ ഇ ഡിക്കായി വാദിക്കുന്നത് പരിഹാസ്യമെന്ന് എം ബി രാജേഷ് ഓര്‍മിപ്പിച്ചു.

യൂണിടാക്കിന്റെ കമ്മീഷന്‍ ഇടപാടില്‍ ലൈഫ് മിഷനോ ഉദ്യോഗസ്ഥര്‍ക്കോ യാതൊരു പങ്കുമില്ല. ഏതെങ്കിലും ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോ എന്ന കാര്യം വിജിലന്‍സ് അന്വേഷിക്കുകയാണ്. ഇടപാടുമായി ബന്ധപ്പെട്ട് ഏതുതരത്തിലുള്ള അന്വേഷണം നടത്താനും സര്‍ക്കാര്‍ തയ്യാറാണ്. എന്നാല്‍, കേന്ദ്ര എജന്‍സികള്‍ വിജിലന്‍സ് അന്വേഷണത്തിന് വിവരം നല്‍കുന്നില്ലെന്ന പരാതിയും എംബി രാജേഷ് സഭയില്‍ ഉന്നയിച്ചു.

യൂണിടാക്കിന്റെ കമ്മീഷന്‍ ഇടപാടില്‍ ലൈഫ് മിഷനോ ഉദ്യോഗസ്ഥര്‍ക്കോ യാതൊരു പങ്കുമില്ല

ലൈഫ് മിഷനില്‍ അന്വേഷണം നടക്കുമ്പോള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന സര്‍ക്കാര്‍ സ്വര്‍ണ കടത്തില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണമാവശ്യപ്പെട്ടത് എന്തിനെന്നായിരുന്നു വിഷയത്തില്‍ ഇടപെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉന്നയിച്ച സംശയം. സംസ്ഥാന ഏജന്‍സികളുടെ അന്വേഷ പരിധിയില്‍ നില്‍ക്കാത്ത വിഷയമായതു കൊണ്ടാണ് സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ആവശ്യപ്പെട്ടതെന്ന് പ്രതിപക്ഷ നേതാവിന് മുഖ്യമന്ത്രിയുടെ മറുപടി. അങ്ങനെയെങ്കില്‍ ആ യുക്തി ലൈഫ് മിഷന്‍ കേസിലും ബാധമാകില്ലേ എന്ന് പ്രതിപക്ഷ നേതാവും മറു ചോദ്യം ഉന്നയിച്ചു.

ലൈഫ് മിഷന്‍ കേസിലെ വിജിലന്‍സ് അന്വേഷണം സംബന്ധിച്ചും പ്രതിപക്ഷ നേതാവിന് സംശയങ്ങളുണ്ട്. രാജ്യത്തിനകത്തും പുറത്തും വ്യാപിച്ചു കിടക്കുന്ന കേസ് എങ്ങനെയാണ് വിജിലന്‍സ് അന്വേഷിക്കുകയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. '' കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്തുവരുന്ന 'മദന കാമരാജന്‍' കഥകളോട് താത്പര്യമില്ല, എന്തെല്ലാം ചാറ്റുകളാണ് പുറത്തു വന്നത്, ഇഡി മൂന്നു കൊല്ലം എവിടെയായിരുന്നു, ഇപ്പോള്‍ പാല്‍ക്കുപ്പിയുമായി വന്നിരിക്കുകയാണ്'' - പ്രതിപക്ഷ നേതാവ് പറഞ്ഞു. ലൈഫ് മിഷന്‍ കേസിലെ സിബിഐ അന്വേഷണം നിലച്ചത് ഒത്തു തീര്‍പ്പിന്റെ ഭാഗമാണെന്നും പ്രതിപക്ഷം ആരോപിച്ചു.

logo
The Fourth
www.thefourthnews.in