'സന്തോഷ് ഈപ്പനെ പരിചയപ്പെടുത്തിയത് ശിവശങ്കര്‍'; ലൈഫ് മിഷന്‍ കോഴ കേസില്‍ ശിവശങ്കറിന് കുരുക്കായി യു വി ജോസിന്റെ മൊഴി

'സന്തോഷ് ഈപ്പനെ പരിചയപ്പെടുത്തിയത് ശിവശങ്കര്‍'; ലൈഫ് മിഷന്‍ കോഴ കേസില്‍ ശിവശങ്കറിന് കുരുക്കായി യു വി ജോസിന്റെ മൊഴി

സന്തോഷ് ഈപ്പന് ആവശ്യമായ സഹായം ചെയ്തുകൊടുക്കാന്‍ ശിവശങ്കര്‍ ആവശ്യപ്പെട്ടതായി യു വി ജോസ്

ലൈഫ് മിഷൻ കോഴ ഇടപാട് കേസില്‍ എം ശിവശങ്കറിനെ കൂടുതല്‍ വെട്ടിലാക്കി മുന്‍ സിഇഒ യു വി ജോസിന്റെ മൊഴി. കള്ളപ്പണ ഇടപാടിനെ കുറിച്ചോ ഗൂഢാലോചന സംബന്ധിച്ചോ തനിക്ക് ഒന്നും അറിയില്ലെന്ന് യു വി ജോസ് ഇ ഡിക്ക് മൊഴി നല്‍കി. ശിവശങ്കറാണ് യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ പരിചയപ്പെടുത്തിയത്. സന്തോഷ് ഈപ്പന് വേണ്ട സഹായം ചെയ്തുകൊടുക്കാനും ശിവശങ്കര്‍ ആവശ്യപ്പെട്ടതായി യു വി ജോസ് വ്യക്തമാക്കി. ആരോപണങ്ങള്‍ മാനസികമായി ഉലച്ചിരുന്നെന്നും യു വി ജോസ് ഇ ഡിയുടെ മൊഴിയെടുക്കലില്‍ അറിയിച്ചു.

ഇ ഡി ശിവശങ്കറിനെതിരെ തെളിവായി ചൂണ്ടിക്കാണിച്ചിരുന്ന വസ്തുതകള്‍ ശരിവയ്ക്കുന്നതാണ് യു വി ജോസിന്റെ മൊഴി. യു വി ജോസിനെയും ശിവശങ്കറിനെയും ഒന്നിച്ചിരുത്തിയാണ് ഇ ഡി മൊഴിയെടുത്തത്. ചാർട്ടേർഡ് അക്കൗണ്ടന്റ് വേണുഗോപാലുമായി ഇരുത്തി ചോദ്യം ചെയ്തപ്പോഴും ശിവശങ്കറിനെതിരായ മൊഴിയാണ് ലഭിച്ചത്. ശിവശങ്കറിന്റെ നിര്‍ദേശപ്രകാരമാണ് ലോക്കര്‍ സ്വപ്നയ്ക്ക് തുറന്ന് നല്‍കിയതെന്നും ലോക്കറില്‍ എന്തായിരുന്നെന്ന് വ്യക്തതയില്ലെന്നുമായിരുന്നു വേണുഗോപാലിന്റെ മൊഴി.

എന്നാല്‍ അന്വേഷണത്തോട് ശിവശങ്കര്‍ സഹകരിക്കുന്നില്ലെന്ന് ഇ ഡിക്ക് പരാതിയുണ്ട്. ആരോപണങ്ങളെല്ലാം പൂര്‍ണമായും ശിവശങ്കര്‍ നിഷേധിക്കുകയാണെന്ന് ഇ ഡി വ്യക്തമാക്കുന്നു.

മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം ചൊവ്വാഴ്ച രാത്രിയാണ് എം ശിവശങ്കറിന്റെ അറസ്റ്റ് ഇ ഡി രേഖപ്പെടുത്തിയത്. കേസിലെ പ്രധാന പ്രതിയായ സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ സ്വപ്ന സുരേഷിന്റെ ലോക്കറില്‍ ഒരു കോടിയോളം രൂപ കണ്ടെത്തിയിരുന്നു. ശിവശങ്കറിന്റെ സ്വകാര്യ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെയും സ്വപ്നയുടെയും സംയുക്ത ഉടമസ്ഥതയിലുള്ള ലോക്കറിലായിരുന്നു പണം. തുടര്‍ന്നുണ്ടായ ചോദ്യം ചെയ്യലിലാണ് അത് ലൈഫ്മിഷന്‍ പദ്ധതി കരാറുമായി ബന്ധപ്പെട്ട് ശിവശങ്കറിന് ലഭിച്ച കമ്മീഷനാണ് എന്ന് സ്വപ്ന വെളിപ്പെടുത്തുന്നത്. അതിനു പിന്നാലെയാണ് വീണ്ടും വിശദമായ അന്വേഷണത്തിലേക്ക് ഇ ഡി കടന്നത്.

logo
The Fourth
www.thefourthnews.in