നടി ആക്രമിക്കപ്പെട്ട കേസ്; മാധ്യമങ്ങള്‍ യുക്തിയുടെ പരിധി  ലംഘിച്ചെന്ന് ഹൈക്കോടതിയുടെ വിമര്‍ശനം

നടി ആക്രമിക്കപ്പെട്ട കേസ്; മാധ്യമങ്ങള്‍ യുക്തിയുടെ പരിധി ലംഘിച്ചെന്ന് ഹൈക്കോടതിയുടെ വിമര്‍ശനം

അതിജീവിത സുപ്രീം കോടതിയിലേക്ക്

നടി ആക്രമിക്കപ്പെട്ട കേസില്‍ കോടതി മാറ്റം ആവശ്യപ്പെട്ടുള്ള ഹര്‍ജിയുമായി അതിജീവിത സുപ്രീം കോടതിയിലേക്ക്. വിചാരണ കോടതി മാറ്റുന്നതിനെതിരെയുള്ള ഹര്‍ജി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് ഇതേ ആവശ്യവുമായി ആക്രമിക്കപ്പെട്ട നടി സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. നടിയെ ആക്രമിച്ച കേസില്‍ വിചാരണ നടക്കുന്ന സി ബിഐ പ്രത്യേക കോടതിയില്‍ നിന്നും കേസ് സെഷന്‍സ് കോടതിയിലേക്ക് മാറ്റിയത് നിയമപരമല്ലെന്നായിരുന്നു അതിജീവിതയുടെ വാദം.

വിചാരണാ കോടതി ജഡ്ജിക്കും അവരുടെ ഭര്‍ത്താവിനും കേസിലെ എട്ടാം പ്രതിയായ ദിലീപുമായി അടുത്ത ബന്ധമുണ്ട്. പോലീസിന് ലഭിച്ച വോയ്സ് ക്ലിപ്പുകളില്‍ ഇത് സംബന്ധിച്ച തെളിവുകളുണ്ടെന്നുമായിരുന്നു അതിജീവിതയുടെ ആരോപണം. ഹണി എം വര്‍ഗീസാണ് വിചാരണ നടത്തുന്നതെങ്കില്‍ തനിക്ക് നീതി ലഭിക്കില്ലെന്നും നീതിയുക്തമായ വിചാരണ ഉണ്ടാകില്ലെന്നും നടി ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. എന്നാല്‍, വാദങ്ങള്‍ നിരാകരിച്ച ജസ്റ്റിസ് സിയാദ് റഹ്‌മാന്റെ ബെഞ്ച് വിചാരണ മാറ്റേണ്ടതില്ലെന്ന് ഉത്തരവിടുകയായിരുന്നു.

കേസുമായി ബന്ധപ്പെട്ട് ചില ചാനലുകള്‍ സമാന്തരമായി വിചാരണ നടത്തി. ഇത് കോടതിയെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തുന്ന നിലയുണ്ടായി

അതിനിടെ, വിചാരണ മാറ്റേണ്ടതില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ച വിധിയില്‍ മാധ്യമങ്ങള്‍ക്ക് രൂക്ഷ വിമര്‍ശനം. കേസുമായി ബന്ധപ്പെട്ട് ചില ചാനലുകള്‍ സമാന്തരമായി വിചാരണ നടത്തി. ഇത് കോടതിയെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തുന്ന നിലയുണ്ടായി.

കേസിന്റെ തുടക്കം മുതലേ നടി സംശയത്തോടെയാണ് കോടതിയെ കണ്ടതെന്ന പരാമര്‍ശവും വിധിയിലുണ്ട്. വിചാരണ കോടതി ജഡ്ജിയും ദിലീപും തമ്മില്‍ ബന്ധമുണ്ടെന്ന് സംശയിച്ചു. ഹര്‍ജി ആദ്യം പരിഗണിച്ച ബെഞ്ച് പിന്മാറാന്‍ ആവശ്യപ്പെട്ടു. മാധ്യമങ്ങള്‍ സൃഷ്ടിച്ച ഇത്തരം തെറ്റായ ധാരണയ്ക്ക് പരാതിക്കാരി ഇരയാക്കപ്പെട്ടെന്നും കോടതി പരാമര്‍ശിച്ചു.

കേസില്‍ ശരിയും തെറ്റും ന്യായ അന്യായങ്ങളും കോടതി വ്യവഹാരവും മനസ്സിലാക്കാതെയാണ് മാധ്യമങ്ങള്‍ കേസ് കൈകാര്യം ചെയ്തത്. ഇത് പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിച്ചു. മാസങ്ങളോളം ചില ടിവി ചാനലുകള്‍ ഈ വിഷയം ചര്‍ച്ച ചെയ്തു. കേസില്‍ ശരിയുടേയും ന്യായത്തിന്റേയും യുക്തിയുടേയും പരിധി മാധ്യമങ്ങള്‍ ലംഘിച്ചെന്നും കോടതി ചൂണ്ടിക്കാട്ടി.

വലിയ തോതില്‍ മാധ്യമ ശ്രദ്ധ പതിഞ്ഞ കേസാണിത്. മുഖ്യധാര മാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളും ഈ കേസിലെ കോടതി നടപടികളെ കുറിച്ച് വ്യാപകമായി ചര്‍ച്ച ചെയ്തു. കേസുമായി ബന്ധപ്പെട്ട് മുന്നിലെത്തുന്ന വസ്തുതകളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് കോടതി നടപടികള്‍ സ്വീകരിക്കുക. ജനാധിപത്യത്തില്‍ മാധ്യമ സ്വാതന്ത്ര്യം സുപ്രധാനമാണ്. എന്നാല്‍ ജുഡീഷ്യറി എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെക്കുറിച്ച് കാര്യമായ അറിവോ ധാരണയോ ഇല്ലാതെ പാതി വെന്ത വസ്തുതകള്‍ ആയുധമാക്കി കോടതിയെ കടന്നാക്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടുന്നു.

logo
The Fourth
www.thefourthnews.in