'എല്ലാം ചട്ടപ്രകാരം'; ദുരിതാശ്വാസ നിധി വകമാറ്റല്‍ കേസില്‍ അസാധാരണ വാര്‍ത്താക്കുറിപ്പുമായി ലോകായുക്ത

'എല്ലാം ചട്ടപ്രകാരം'; ദുരിതാശ്വാസ നിധി വകമാറ്റല്‍ കേസില്‍ അസാധാരണ വാര്‍ത്താക്കുറിപ്പുമായി ലോകായുക്ത

ലോകായുക്തയിലെ ജഡ്ജിമാരെ അധിക്ഷേപിക്കുന്ന പരാതിക്കാരന്റെയും ചില രാഷ്ട്രീയനേതാക്കളുടെയും അതിനു പ്രചാരണം നല്‍കുന്ന മാധ്യമങ്ങളുടെയും നടപടി പ്രതിഷേധാര്‍ഹമാണെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുര്‍വിനിയോഗ കേസുമായി ബന്ധപ്പെട്ട് നടപടികളില്‍ വിശദീകരണവുമായി അസാധാരണ വാര്‍ത്താക്കുറിപ്പുമായി ലോകായുക്ത. കേസ് മൂന്നംഗ ബെഞ്ചിനു കൈമാറല്‍, പേപ്പട്ടി പരാമര്‍ശം മുഖ്യമന്ത്രിയുടെ ഇഫ്താര്‍വിരുന്ന് തുടങ്ങിയ വിവാദങ്ങളിലാണ് ലോകായുക്ത വിശദീകരണം നല്‍കിയിരിക്കുന്നത്.

ദുരിതാശ്വാസ നിധി ദുര്‍വിനിയോഗ കേസില്‍ ഭിന്നവിധി പുറപ്പെടുവിട്ട സംഭവങ്ങള്‍ക്ക് പിന്നാലെ ഉയര്‍ന്ന ആക്ഷേപങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കുന്നു. ലോകായുക്തയും ഉപലോകായുക്തയും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടായാല്‍ കേസ് മൂന്നംഗ ബഞ്ച് ഒരുമിച്ച് പരിഗണിക്കണമെന്ന് ലോകയുക്താ നിയമത്തിന്റെ 7(1) വകുപ്പ് അനുശാസിക്കുന്നതുകൊണ്ടാണ് കേസ് മൂന്നംഗ ബഞ്ചിനുവിട്ടതെന്നും ഈ നടപടി നിയമാനുസൃതമാണെന്നുമാണ് ലോകായുക്ത വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നത്.

രണ്ടംഗ ബഞ്ചിലെ ജഡ്ജിമാര്‍ പ്രത്യേകം വിധിന്യായങ്ങള്‍ എഴുതിയിെല്ലന്ന ആക്ഷേപത്തില്‍ കഴമ്പില്ല. കേസ് മൂന്നംഗ ബഞ്ചിനു വിടുമ്പോള്‍ പ്രത്യേകം വിധിന്യായങ്ങള്‍ എഴുതണമെന്നോ, രണ്ടുപേരുടെയും നിലപാടുകള്‍ എന്താണെന്നു വ്യക്തമാക്കണമെന്നോ, പ്രസ്തുതനിലപാടിന്റെ സാധൂകരണം എന്താണെന്ന് വിശദീകരിക്കണമെന്നോ നിയമം ആവശ്യെപ്പടുന്നില്ല. വ്യക്തമാക്കെപ്പട്ട ഏതെങ്കിലും വിഷയത്തില്‍ തങ്ങള്‍ക്കു ഭിന്നാഭിപ്രായമുണ്ടെന്നു രേഖെപ്പടുത്തിയാല്‍ മതി. ഈ കേസില്‍ തന്നെ ജസ്റ്റീസ് പയസ് കുര്യാക്കോസും ജസ്റ്റീസ് എകെ ബഷീറും അടങ്ങുന്ന രണ്ടംഗ ബഞ്ച് 2018ല്‍ കേസ് മൂന്നംഗ ബഞ്ചിനു വിട്ടപ്പോഴും പ്രത്യേകം വിധിന്യായങ്ങള്‍ എഴുതിയിരുന്നില്ലെന്നും അതിലൊന്നും പരാതിക്കാരനു പരാതിയുമില്ലായിരുന്നുവെന്നും ലോകായുക്ത ചൂണ്ടിക്കാട്ടുന്നു.

പരാതിക്കാരന്‍ ഉന്നയിച്ച ആരോപണങ്ങളെയും ലോകായുക്തയുടെ വാര്‍ത്താക്കുറിപ്പില്‍ കുറ്റപ്പെടുത്തുന്നുണ്ട്. അടിസ്ഥാനമില്ലാത്തതും പ്രസക്തമല്ലാത്തതുമായ വിഷയങ്ങള്‍ ഉയര്‍ത്തി നിയമപ്രശ്‌നങ്ങളില്‍ നിന്നു ശ്രദ്ധതിരിച്ചു പുകമറ സൃഷ്ടി ക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് പരാതിക്കാരന്‍ നടത്തുന്നതെന്നും ലോകായുക്തയുടെ ഓര്‍ഡര്‍ നിയമപരമായി തെറ്റാണെങ്കില്‍ അതിനെ കോടതിയില്‍ ചോദ്യം ചെയ്യുന്നതിനുപകരം ലോകായുക്തയിലെ ജഡ്ജിമാരെ പൊതുജന മധ്യത്തില്‍ അധിക്ഷേപിക്കുന്ന പരാതിക്കാരന്റെയും ചില രാഷ്ട്രീയനേതാക്കളുടെയും അതിനു പ്രചാരണം നല്‍കുന്ന ചില മാധ്യമങ്ങളുടെയും നടപടി പ്രതിഷേധാര്‍ഹമാണെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

മുഖ്യമന്ത്രിയുടെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തതിനെക്കുറിച്ചും ലോകായുക്ത വിശദീകരണം നല്‍കി. ലോകായുക്തയും ഉപലോകായുക്തയും പങ്കെടുത്തത് പിണറായി വിജയന്‍ നടത്തിയ സ്വകാര്യ ഇഫ്താര്‍ വിരുന്നിലല്ലെന്നും കേരളത്തിന്റെ മുഖ്യമന്ത്രി ആതിഥ്യം നല്‍കിയ ഔദ്യോഗിക ഇഫ്താര്‍ വിരുന്നിലാണെന്നുമാണ് ലോകായുക്തയുടെ വിശദീകരണം. ലോകായുക്തക്കും ഉപലോകായുക്തക്കും ഒപ്പം സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍, കേരളാ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബൂണല്‍ ചെയര്‍മാന്‍, പിന്നോക്ക വിഭാഗ കമ്മീഷന്‍ ചെയര്‍മാന്‍ എന്നീ മുന്‍ ജഡ്ജിമാരും മുഖ്യമന്ത്രിയുടെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തിരുന്നു. ലോകായുക്തയും ഉപലോകായുക്തയുമല്ലാതെ വേറെ ജഡ്ജിമാര്‍ ആരും പങ്കെടുത്തില്ല എന്നത് ദുരുദ്ദേശപരമായ ദുഷ്പ്രചാരണമാണെന്ന് കുറ്റപ്പെടുത്തിയ ലോകായുക്ത മുഖ്യമന്ത്രിയുംലോകായുക്തയും സ്വകാര്യസംഭാഷണം നടത്തിയെന്ന പ്രസ്താവ പച്ചക്കള്ളമാണന്നും അറിയിച്ചു.

സംസ്ഥാനത്ത് ഗവര്‍ണര്‍, മുഖ്യമന്ത്രി തുടങ്ങിയവരും വിശേഷാവസരങ്ങളില്‍ നടത്തുന്ന ഔദ്യോഗിക വിരുന്നു സല്‍ക്കാരങ്ങളില്‍ സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാര്‍ പങ്കെടുക്കുന്ന പതിവുണ്ടെന്നും കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും കക്ഷികളായിട്ടുള്ള കേസുകള്‍ കോടതികളില്‍ ഉണ്ടെന്നത് അതിനു തടസമാകുന്നില്ല. ലോകായുക്തയും ഉപലോകായുക്തയും ജഡ്ജിമാരുടെ പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിച്ചു എന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും ഒരു ഔദ്യോഗിക വിരുന്നില്‍ പങ്കെടുത്താല്‍ സര്‍ക്കാരിനു അനുകൂലമായി വിധി എഴുതുന്നവരാണ് ജഡ്ജിമാര്‍ എന്ന ചിന്ത അധമവും സംസ്‌കാര രഹിതവുമാണെന്നും ലോകായുക്ത കുറ്റപ്പെടുത്തി.

പരാതിക്കാരനെ പേപ്പട്ടിയെന്നു വിളിച്ചു എന്ന ആരോപണത്തിലും ലോകായുക്ത വിശദീകരണം നല്‍കി. പരാതിക്കാരനെ പേപ്പട്ടിയെന്നു വിളിച്ചിട്ടില്ലെന്നും അത് കുപ്രചരണമാണെന്നുമാണ് ലോകായുക്തയുടെ വിശദീകരണം. കോടതിയില്‍ കേസ് നടക്കുമ്പോള്‍, പരാതിക്കാരനും കൂട്ടാളികളും സമൂഹ മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ളവയില്‍ ജഡ്ജിമാരെ വ്യക്തിപരമായി അവഹേളിക്കുന്നതിലെ അനൗചിത്യം ലോകായുക്ത ചൂണ്ടികാട്ടിയെന്നതു സത്യമാണ്. എങ്കിലും അതിനൊക്കെ മറുപടി പറയാത്തത് ജഡ്ജിമാരുടെ വിവേകം കൊണ്ടാണെന്നും ലോകായുക്ത വ്യക്തമാക്കി.

ആശയം വിശദമാക്കാന്‍ ഒരു ഉദാഹരണം പറഞ്ഞാല്‍ പരാതിക്കാരനെ പേപ്പട്ടി എന്നു വിളിച്ചു എന്നു പറഞ്ഞു ബഹളമുണ്ടാക്കുന്നത് നിയമ പ്രശ്‌നത്തില്‍ നിന്നു ശ്രദ്ധതിരിക്കാനും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുമാണ് എന്ന് ലോകായുക്ത കുറ്റപ്പെടുത്തി. കക്ഷികളുടെ ആഗ്രഹവും താല്പര്യവും അനുസരിച്ചു ഉത്തരവിടാന്‍ ലോകായുക്തയിലെ ജഡ്ജിമാരെ കിട്ടുകയില്ലെന്നും ലോകായുക്ത വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in