കേരള ഹൈക്കോടതി
കേരള ഹൈക്കോടതി

രാഷ്ട്രീയ പാർട്ടികളുടെ ആഭ്യന്തര കാര്യങ്ങളിൽ അന്വേഷണം നടത്താൻ ലോകായുക്തയ്ക്ക് അധികാരമില്ലെന്ന് ഹൈക്കോടതി

2014ൽ തിരുവനന്തപുരത്ത് ഡോ. ബെനറ്റ് എബ്രഹാമിന്റെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ടായിരുന്നു ഹർജി
Updated on
1 min read

രാഷ്ട്രീയ പാർട്ടികളുടെ ആഭ്യന്തര കാര്യങ്ങളിൽ അന്വേഷണം നടത്താൻ ഉത്തരവിടാൻ ലോകായുക്തയ്ക്ക് അധികാരമില്ലെന്ന് ഹൈക്കോടതി. തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ തീരുമാനിക്കുന്നത് രാഷ്ട്രീയ പാർട്ടികളുടെ ആഭ്യന്തര വിഷയമാണ്. അതിൽ അന്വേഷണം നടത്താൻ ലോകായുക്തയ്ക്ക് അധികാരമില്ലെന്നാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാർ അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.

സിപിഐ മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ ഉള്‍പ്പെടെയുള്ളവർക്കെതിരെ അന്വേഷണം നടത്താനുള്ള ലോകായുക്തയുടെ ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. 2014 നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ഡോ. ബെനറ്റ് എബ്രഹാമിന്റെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ടായിരുന്നു ലോകായുക്ത അന്വേഷണത്തിന് നിർദേശിച്ചത്. തിരുവന്തപുരം മണ്ഡലത്തിലേത് പെയ്മെന്റ് സീറ്റാണെന്നും തിരഞ്ഞെടുപ്പിൽ 1.87 കോടിയുടെ കോഴ ഇടപാട് നടന്നെന്നും ചൂണ്ടികാട്ടി ലോകായുക്തയിൽ തിരുവനന്തപുരം സ്വദേശി എ ഷംനാദാണ് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ വിഷയത്തിൽ സീനിയർ പോലീസ് ഉദ്യോഗസ്ഥനോട് അന്വേഷണം നടത്താൻ ലോകായുക്ത ഉത്തരവിട്ടിരുന്നു.

പന്ന്യൻ രവീന്ദ്രൻ, ദേശീയ എക്സിക്യൂട്ടീവ് അംഗമായിരുന്നു സി ദിവാകരൻ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായിരുന്ന ആർ രാമചന്ദ്രൻ എന്നിവർക്കെതിരെയായിരുന്നു പരാതി. ഇത്തരത്തിൽ അന്വേഷണത്തിന് ഉത്തരവിടാൻ ലോകായുക്തയ്ക്ക് അധികാരമില്ലെന്ന് ചൂണ്ടികാട്ടി പന്ന്യൻ രവീന്ദ്രനാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇത് അംഗീകരിച്ചാണ് ലോകായുക്തയുടെ ഉത്തരവ് റദ്ദാക്കി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്.

logo
The Fourth
www.thefourthnews.in