എം എ യൂസഫലി
എം എ യൂസഫലി

വ്യാജ ആരോപണങ്ങളിലും കുപ്രചാരണങ്ങളിലും ഭയപ്പെടുന്നവരല്ല ലുലു ഗ്രൂപ്പ്- എം എ യൂസഫലി

പാവപ്പെട്ടവരുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുമ്പോൾ ഇത്തരം പ്രശ്നങ്ങൾ നേരിടേണ്ടി വരുംമെന്നും യൂസഫലി

ലൈഫ് മിഷൻ കേസുകളുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തള്ളി ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. തനിക്കെതിരായി വരുന്ന വാർത്തകളുടെ നിജസ്ഥിതി അത് റിപ്പോർട്ട് ചെയ്യ്തവരോട് ചോദിക്കണമെന്ന് അദ്ദേഹം ദുബായിൽ പറഞ്ഞു. ലൈഫ് മിഷൻ കേസിൽ ഇ ഡി സമൻസ് അയച്ചെന്ന റിപ്പോർട്ടുകൾ മാധ്യമപ്രവർത്തകർ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴായിരുന്നു ലുലു ഗ്രൂപ്പ് ചെയര്‍മാന്റെ പ്രതികരണം. ''അത് റിപ്പോർട്ട് ചെയ്യുന്നവരോട് ചോദിച്ചാൽ ക്ലിയർ ആയിട്ട് അറിയും. അതിന് ഞാൻ മറുപടി പറയേണ്ട ആവശ്യം ഇല്ലലോ''- എം എ യൂസഫലി പറഞ്ഞു.

സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണങ്ങളും വ്യക്തിഹത്യയും കണ്ട് ഭയപ്പെടുന്നവരല്ല ലുലു ഗ്രൂപ്പ്

എം എ യൂസഫലി

65000 ത്തിലധികം പേർ ജോലി ചെയ്യുന്ന സ്ഥാപനമാണ് ലുലു ഗ്രൂപ്പ്. സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണങ്ങളും വ്യക്തിഹത്യയും ലുലു ഗ്രൂപ്പിനെതിരെ നടക്കുന്നുണ്ട്. ഇതൊന്നും കണ്ട് ഭയപ്പെടുന്നവരല്ല ലുലു ഗ്രൂപ്പെന്ന് എം എ യൂസഫലി വ്യക്തമാക്കി. നിയമ വിദഗ്ദരുടെ ഒരു ശക്തമായ ടീം തന്നെ ലുലു ഗ്രൂപ്പിനുണ്ട്. കുപ്രാരണങ്ങൾക്കെതിരെ നിയമവഴി സ്വീകരിക്കാന്‍ മുതിര്‍ന്ന അഭിഭാഷകരടങ്ങിയ സംഘം തയ്യാറാണ്. പാവപ്പെട്ടവരുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുമ്പോൾ ഇത്തരം പ്രശ്നങ്ങൾ നേരിടേണ്ടി വരും. ഇതുകണ്ട് ഭയപ്പെട്ട് ഓടുന്ന ആളല്ല യൂസഫലിയെന്നും പാവപ്പെട്ടവര്‍ക്ക് വേണ്ടി ഇനിയും നിലനില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

''സമൂഹമാധ്യമങ്ങളിൽ ചിലർ കുത്തിയിരുന്ന് കുറ്റം പറയുകയും , വ്യക്തിഹത്യ നടത്തുകയും ചെയ്യുന്നു. അത് കണ്ട് ചിലർ സന്തോഷിക്കുകയും ചെയ്യുന്നുണ്ട്. ഇതൊന്നും കണ്ട് ഭയപ്പെടുന്നവരല്ല ഞങ്ങൾ''- യൂസഫലി പറഞ്ഞു. ''ചിലർ നിങ്ങൾക്കുവേണ്ടി സംസാരിക്കുന്നു, മറ്റു ചിലർ നിങ്ങൾക്ക് എതിരെ സംസാരിക്കുന്നു, വാസ്തവത്തിൽ എല്ലാവരും നിങ്ങളെക്കുറിച്ചു സംസാരിക്കുന്നു എന്നതാണ് സത്യം'' വ്യാജപ്രചാരകരോട്, ഈ ബൈബിൾ വാക്യങ്ങളാണ് തനിക്ക് മറുപടിയായി നൽകാനുള്ളതെന്ന് എം എ യൂസഫലി കൂട്ടിച്ചേർത്തു.

ബിസിനസിനൊപ്പം സന്നദ്ധ പ്രവര്‍ത്തനങ്ങളുമായി ശക്തമായി മുന്നോട്ട് പോകും

യുപിയിലും ഹൈദരാബാദിലും ചെന്നൈയിലും അഹമ്മദാബാദിലുമായി ലുലു ഗ്രൂപ്പിന്റെ പുതിയ പദ്ധതികൾ വരാനിരിക്കുകയാണ്. ബിസിനസിനൊപ്പം സന്നദ്ധ പ്രവര്‍ത്തനങ്ങളുമായി ശക്തമായി മുന്നോട്ട് പോകുമെന്നും ഇതിനിടയിലെ വ്യാജ പ്രചാരണങ്ങള്‍ കാര്യമാക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in