'കരാർ പുതുക്കാന്‍ താത്പര്യമില്ല'; എം ജി രാധാകൃഷ്ണന്‍ ഏഷ്യാനെറ്റ് ന്യൂസ് വിട്ടു

'കരാർ പുതുക്കാന്‍ താത്പര്യമില്ല'; എം ജി രാധാകൃഷ്ണന്‍ ഏഷ്യാനെറ്റ് ന്യൂസ് വിട്ടു

പടിയിറങ്ങുന്നത് ഏഷ്യാനെറ്റ് ന്യൂസ് നെറ്റ് വര്‍ക്കിന്റെ എഡിറ്റോറിയല്‍ അഡ്വൈസര്‍ സ്ഥാനത്ത് നിന്ന്

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എം ജി രാധാകൃഷ്ണന്‍ ഏഷ്യാനെറ്റ് ന്യൂസ് വിട്ടു. കരാർ അവസാനിച്ചുവെന്നും പുതുക്കാന്‍ താത്പര്യമില്ലാത്തതിനാലാണ് സ്ഥാപനം വിടുന്നതെന്നും ദ ഫോർത്തിനോട് അദ്ദേഹം പ്രതികരിച്ചു. ഏഷ്യാനെറ്റ് ന്യൂസ് നെറ്റ് വര്‍ക്കിന്റെ എഡിറ്റോറിയല്‍ അഡ്വൈസര്‍ സ്ഥാനമായിരുന്നു കേരളത്തിലെ മുതിർന്ന മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ എംജിആർ വഹിച്ചിരുന്നത്. നേരത്തേ ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ എഡിറ്റര്‍ ആയിരുന്നു

മാതൃഭൂമി പത്രാധിപരായിരുന്ന മനോജ് കെ ദാസിനെ ഗ്രൂപ്പ് മാനേജിങ് എഡിറ്ററായി നിയമിച്ചതിനെ തുടർന്നാണ് ഏഷ്യാനെറ്റിൻ്റെ തലപ്പത്ത് മാറ്റങ്ങൾ ഉണ്ടായത്. എഡിറ്ററായിരുന്ന എം ജി രാധാകൃഷ്ണൻ ആ സ്ഥാനം ഒഴിഞ്ഞെങ്കിലും , പിന്നീട് എഡിറ്റോറിയൽ കൺസൽട്ടൻ്റായി നിയമിക്കപ്പെട്ടത്. ഏഴ് വര്‍ഷമാണ് ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്താ തലപ്പത്ത് എം ജി രാധാകൃഷ്ണന്‍ ഉണ്ടായിരുന്നത്.

ചാനല്‍ മാനേജ്മെന്‍റുമായി ആശയപരമായി ഭിന്നതകളൊന്നുമില്ലെന്നും സ്വന്തം താത്പ്പര്യപ്രകാരമാണ് സ്ഥാപനം വിടുന്നതെന്നും എം ജി രാധാകൃഷ്ണന്‍ പറഞ്ഞു. മറ്റ് ചാനലുകളിലേക്കൊന്നും തത്ക്കാലം പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും വിശ്രമ ജീവിതത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ഉടമ രാജീവ് ചന്ദ്രശേഖര്‍ കേന്ദ്രമന്ത്രിയായതിന് പിന്നാലെയായിരുന്നു 2021ല്‍ എഡിറ്റർ സ്ഥാനത്ത് നിന്നുള്ള രാധാകൃഷ്ണന്‍റെ പടിയിറക്കം . ബിജെപിക്കെതിരെ ആസൂത്രിത പ്രചരണം നടത്തുന്നുവെന്ന് ആരോപിച്ച് പാര്‍ട്ടിയുടെ കേരളഘടകം ചാനല്‍ ബഹിഷ്‌കരിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ വാര്‍ത്തകള്‍ മെനയാന്‍ ചാനല്‍ പദ്ധതിയിട്ടെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. എം ജി രാധാകൃഷ്ണനെ ലക്ഷ്യമിട്ടായിരുന്നു സുരേന്ദ്രന്റെ ആരോപണമെന്നായിരുന്നു ആക്ഷേപം.

സിപിഎം സൈദ്ധാന്തികനായിരുന്ന പി ഗോവിന്ദപിള്ളയുടെ മകനാണ് എം ജി രാധാകൃഷ്ണന്‍. മന്ത്രി വി ശിവന്‍കുട്ടിയുടെ ഭാര്യാ സഹോദരനുമാണ്. മാതൃഭൂമിയിലൂടെയാണ് എംജിആർ പത്രപ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് ഇന്ത്യാ ടുഡേയിലേക്ക് മാറി. ടി എന്‍ ഗോപകുമാറിന്റെ മരണശേഷമാണ് ഏഷ്യാനെറ്റ് എഡിറ്റർ സ്ഥാനത്തെത്തുന്നത്.

logo
The Fourth
www.thefourthnews.in