അടിയന്തര ശസ്ത്രക്രിയ വേണമെന്ന് മെഡിക്കൽ റിപ്പോർട്ടിൽ ഇല്ലെന്ന് കോടതി;  ഇടക്കാല ജാമ്യാപേക്ഷ പിൻവലിച്ച് എം ശിവശങ്കർ

അടിയന്തര ശസ്ത്രക്രിയ വേണമെന്ന് മെഡിക്കൽ റിപ്പോർട്ടിൽ ഇല്ലെന്ന് കോടതി; ഇടക്കാല ജാമ്യാപേക്ഷ പിൻവലിച്ച് എം ശിവശങ്കർ

പ്രത്യേക കോടതി തള്ളിയ കേസ് സുപ്രീംകോടതിയാണ് പരിഗണിക്കേണ്ടതെന്ന ഹൈക്കോടതി നിരീക്ഷണത്തെത്തുടർന്നാണ് ഹർജി പിൻവലിച്ചത്

ലൈഫ് മിഷൻ കോഴയിടപാടിലെ ഇ ഡി കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ഹൈക്കോടതിയിൽ നൽകിയ ഇടക്കാല ജാമ്യാപേക്ഷ പിൻവലിച്ചു . ഇടക്കാല ജാമ്യത്തിനായി പ്രത്യേക കോടതിയെ സമീപിക്കാനായിരുന്നു സുപ്രീംകോടതി നിർദേശമെന്നും ഇടക്കാല ജാമ്യാവശ്യം പ്രത്യേക കോടതി തള്ളിയെങ്കിൽ പിന്നീട് സുപ്രീംകോടതിയെയാണ് സമീപിക്കേണ്ടതെന്നുമുള്ള ഹൈക്കോടതി നിരീക്ഷണത്തെ തുടർന്നാണ് ഹർജി പിൻവലിച്ചത്.

പ്രത്യേക കോടതി അടിയന്തര ചികിത്സാ സാഹചര്യമില്ലെന്ന് നിരീക്ഷിച്ചല്ലേ ഇടക്കാല ജാമ്യാവശ്യം തള്ളിയതെന്ന് ഹൈക്കോടതി ചോദിച്ചു. അവസാന പരിഹാരമെന്ന രീതിയിലാണ് ശസ്ത്രക്രിയ ശുപാർശ ചെയ്യുന്നതെന്നും ശിവശങ്കർ ഏതു നിമിഷവും മരിച്ചേക്കാമെന്നും അഭിഭാഷകൻ അറിയിച്ചു. എന്നാൽ അടിയന്തര ശസ്ത്രക്രിയ വേണമെന്ന് മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നില്ലല്ലോയെന്ന് കോടതി ചോദിച്ചു. മെഡിക്കൽ റിപ്പോർട്ടിൽ സംശയമുണ്ടെന്ന് ഇഡിയും കോടതിയെ അറിയിച്ചു.

വടക്കാഞ്ചേരിയിൽ വീട് നിർമിച്ചുനൽകാൻ യുഎഇ റെഡ് ക്രസന്റ് എന്ന സംഘടന നൽകിയ ഫണ്ടിൽനിന്ന് 4.5 കോടി രൂപ ശിവശങ്കർ ഉൾപ്പെടെ സ്വർണക്കടത്ത് കേസിലെ പ്രതികൾ കമീഷനായി കൈപ്പറ്റിയെന്നും ഒരു കോടി രൂപ ഡോളറാക്കി മാറ്റി വിദേശത്തേക്ക് കടത്തിയെന്നുമാണ് കേസ്. തുക ഡോളറാക്കി വിദേശത്തേക്കു കടത്തിയത് വിദേശ നാണ്യ വിനിമയ ചട്ടത്തിന്റെ ലംഘനമാണെന്നാരോപിച്ചാണ് ഇഡി കേസ് എടുത്തത്.

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായ ശിവശങ്കറിനെ കേസിൽ ഫെബ്രുവരി 14നാണ് അറസ്റ്റ് ചെയ്തത്. ഇടക്കാല ജാമ്യം എന്ന ആവശ്യം നേരത്തെ പ്രത്യേക കോടതി തള്ളിയിരുന്നു. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

ശിവങ്കറിന്റെ ജാമ്യ ഹർജി നേരത്തെ ഹൈക്കോടതി തള്ളിയതിനെതിരായ ഹർജി സുപ്രിംകോടതിയുടെ പരിഗണനയിലാണ്. ഈ ഹർജിയിൽ തീരുമാനം വൈകുന്നതിനാൽ ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിൽ ഇടക്കാല ജാമ്യത്തിനായി കീഴ്ക്കോടതിയെ സമീപിക്കാൻ സുപ്രീം കോടതി അനുമതി നൽകിയിരുന്നു. വിചാരണക്കോടതി ഈ ഹർജി തള്ളിയതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്.

logo
The Fourth
www.thefourthnews.in