'പുറംപണി വേണ്ട'; മറ്റു പ്രസിദ്ധീകരണങ്ങള്‍ക്കുവേണ്ടി ലേഖനങ്ങളും പുസ്തകങ്ങളും എഴുതുന്നതിന് മനോരമയില്‍ വിലക്ക്

'പുറംപണി വേണ്ട'; മറ്റു പ്രസിദ്ധീകരണങ്ങള്‍ക്കുവേണ്ടി ലേഖനങ്ങളും പുസ്തകങ്ങളും എഴുതുന്നതിന് മനോരമയില്‍ വിലക്ക്

മാനേജ്മെന്റിന്റെ പ്രത്യേക അനുമതിയോടെ മാത്രമേ സാഹിത്യകൃതികൾ ഉൾപ്പെടെ എഴുതാനാകൂയെന്ന് പത്രത്തിന്റെ എഡിറ്റോറിയൽ ഡയറക്ടർ ഒരു സർക്കുലറിലൂടെ പത്രാധിപ സമിതി അംഗങ്ങളെ അറിയിച്ചു

ജോലിയുടെ ഭാഗമല്ലാതെയുള്ള പുസ്തകങ്ങളും മറ്റു പ്രസിദ്ധീകരണങ്ങളിൽ  ലേഖനങ്ങളും എഴുതുന്നതിൽ നിന്ന് ജീവനക്കാരെ കർശനമായി വിലക്കി മാധ്യമസ്ഥാപനമായ മലയാള മനോരമ. സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർ ഇനി മുതൽ മലയാള മനോരമയ്ക്കും അനുബന്ധ സ്ഥാപനങ്ങൾക്കും   വേണ്ടിയല്ലാതെ പുസ്തകങ്ങളോ ലേഖനങ്ങളോ എഴുതേണ്ടതില്ല എന്നാണ് മാനേജ്‍മെന്റിന്റെ പുതിയ തീരുമാനം. മാനേജ്മെന്റിന്റെ പ്രത്യേക അനുമതിയോടെ മാത്രമേ സാഹിത്യകൃതികൾ ഉൾപ്പെടെ എഴുതാനാകൂ എന്ന് പത്രത്തിന്റെ എഡിറ്റോറിയൽ ഡയറക്ടർ ഒരു സർക്കുലറിലൂടെ പത്രാധിപ സമിതി അംഗങ്ങളെ അറിയിച്ചു. ഇത് സംബന്ധിച്ച നിർദേശം ജൂൺ 16നാണ് ജീവനക്കാരെ അറിയിച്ചത്. 

പുതിയ സർക്കുലർ ആവിഷ്കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണ്. പല എഴുത്തുകാരും നിലവിൽ തന്നെ പ്രസിദ്ധീകരണ കമ്പനികളുമായി കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. അവയുടെ ഭാവി എന്താവുമെന്നും അറിയില്ല
മുതിർന്ന പത്രാധിപ സമിതി അംഗം

മലയാളത്തിലെ പ്രശസ്തരായ നിരവധി എഴുത്തുകാർ ജോലിനോക്കുന്ന പത്രമാണ് മലയാള മനോരമ. സൂസന്നയുടെ ഗ്രന്ഥപ്പുര എന്ന എന്ന ശ്രദ്ധേയമായ നോവൽ എഴുതിയ അജയ് പി മങ്ങാട്ട്, പ്രശസ്ത ചെറുകഥാകൃത്ത് ബി മുരളി, നിരവധി അവാർഡുകൾ നേടിയ എഴുത്തുകാരൻ രവിവർമ തമ്പുരാൻ, വില്പന പട്ടികയിൽ മുൻപന്തിയിലുള്ള നോവലുകൾ രചിച്ച രാജീവ് ശിവശങ്കർ, അടുത്ത കാലത്ത് ശ്രദ്ധ നേടിയ സയൻസ് ഫിക്ഷൻ എഴുത്തുകാരൻ സിബി ജോൺ തൂവൽ, യുവ കവി വിനു ജോസഫ്, കവിയും കഥാകൃത്തുമായ കെ ടോണി ജോസ്, ചെറുകഥാകൃത്ത് ടി ബി ലാല്‍, നോവലിസ്റ്റ് മനോജ് തെക്കേടത്ത്, നോവലിസ്റ്റ് ശംസുദ്ദീൻ മുബാറക് തുടങ്ങിയവർ മലയാള മനോരമയുടെ വിവിധ യൂണിറ്റുകളിൽ പത്രാധിപ സമിതി അംഗങ്ങളാണ്. പുതിയ തീരുമാനം അനുസരിച്ച് ഇവരുടെ കഥകൾ/കവിതകൾ ഭാഷാപോഷിണിയിലോ മനോരമ വാർഷികപ്പതിപ്പിലോ മാത്രമേ പ്രസിദ്ധീകരിക്കാൻ പാടുള്ളൂ. പുസ്തകങ്ങൾ മനോരമ ബുക്സ് വഴി മാത്രം പ്രസിദ്ധീകരിക്കാം. 

"നമ്മുടെ പെരുമാറ്റച്ചട്ടത്തിലെ 'മൂൺലൈറ്റിങ്' എന്ന തലക്കെട്ടിലുള്ള പോയിന്റ് (3.8) താഴെച്ചേർക്കുന്നു. ഇതനുസരിച്ച് പ്രത്യേക അനുമതിയില്ലാതെ,  മനോരമയ്ക്കു പുറത്തുള്ള പ്രസിദ്ധീകരണങ്ങളിൽ എഴുതുന്നതും മറ്റു ജോലികൾ ചെയ്യുന്നതും ജോലിയുടെ ഭാഗമായിട്ടല്ലാതെ പുസ്തകങ്ങൾ എഴുതി പ്രസിദ്ധീകരിക്കുന്നതും അനുവദനീയമല്ല. ഇതു കർശനമായി നടപ്പാക്കാൻ തീരുമാനിച്ചതായി അറിയിച്ചിട്ടുണ്ട്," എഡിറ്റോറിയൽ ഡയറക്ടർ മാത്യൂസ് വർഗീസ് ജീവനക്കാർക്ക് അയച്ച മെയിലിൽ പറയുന്നു. മെയിലിന്റെ പകർപ്പും അടുത്തിടെ പ്രസിദ്ധീകരിച്ച പരിഷ്കരിച്ച പെരുമാറ്റച്ചട്ടത്തിന്റെ പകർപ്പും 'ദ ഫോർത്തി'ന് ലഭിച്ചു. 

പ്രശസ്ത എഴുത്തുകാരായ കെ ആർ മീര, രേഖ കെ, ജി, ആർ ഇന്ദുഗോപൻ എന്നിവർ നേരത്തെ മനോരമയിലെ ജീവനക്കാർ ആയിരുന്നു

അതേസമയം, ഇത്തരമൊരു സർക്കുലർ കണ്ടിട്ടില്ലെന്ന് മലയാള മനോരമ സീനിയർ അസോസിയേറ്റ് എഡിറ്ററും ഭാഷാപോഷിണി എഡിറ്റർ ഇൻ ചാർജ് ജോസ് പനച്ചിപ്പുറം ദ ഫോർത്തിനോട് പറഞ്ഞു. അറിയപ്പെടുന്ന ചെറുകഥാകൃത്തായ പനച്ചിപ്പുറത്തിന്റെ കഥകൾ മലയാളത്തിലെ വിവിധ പ്രസാധകരും ആനുകാലികങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

പരസ്പരം മത്സരിക്കുന്ന പ്രസിദ്ധീകരണങ്ങളിൽ കഥയും കവിതയും എഴുതാൻ പാടില്ലെന്ന് നേരത്തെ തന്നെ നിബന്ധനയുണ്ട്. എന്നാൽ ഓണപ്പതിപ്പുകളിലും മറ്റും എഴുതാൻ അപ്പോഴും ഇളവുകളുണ്ടായിരുന്നു. പുതിയ സർക്കുലർ അനുസരിച്ച് ഇത് പാടെ നിലയ്ക്കും. മാത്രമല്ല പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാനും പാടില്ല. ഇത് ആവിഷ്കാര സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണ്. പല എഴുത്തുകാരും നിലവിൽ തന്നെ പ്രസിദ്ധീകരണ കമ്പനികളുമായി കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. അവയുടെ ഭാവി എന്താവുമെന്നും അറിയില്ല,” പേര് വെളിപ്പെടുത്താൻ പാടില്ലെന്ന നിബന്ധനയോടെ ഒരു മുതിർന്ന പത്രാധിപ സമിതി അംഗം പറഞ്ഞു.

അടുത്തിടെയായി ധാരാളം പുതിയ എഴുത്തുകാർ  വരുന്നുണ്ട്. അരുൺ എഴുത്തച്ഛന്റെ പുസ്തകം ഏറെ ശ്രദ്ധ നേടിയ ഒന്നാണ്. സമകാലിക മലയാളം പുതിയ ലക്കത്തിലെ കൂരച്ചില്ല എന്ന കഥയെഴുതിയ ജോബിൻ കെ ജോസഫ് പാലക്കാട് യൂണിറ്റിലെ സബ് എഡിറ്ററാണ്,” അദ്ദേഹം പറഞ്ഞു. 

കെ ആർ മീര
കെ ആർ മീര

ചലച്ചിത്ര രംഗത്ത് ഗണ്യമായ സംഭാവനകൾ നൽകിയ മനോരമ ജീവനക്കാർക്കും പുതിയ സർക്കുലർ പ്രകാരം അത്തരം ജോലികളിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരും. ദേശീയ അവാർഡ് നേടിയ കുട്ടി സ്രാങ്ക്, മോഹൻലാൽ ചിത്രം ഒടിയൻ എന്നിവയുടെ തിരക്കഥാകൃത്ത് കെ ഹരികൃഷ്ണൻ, ഓർഡിനറിയുടെ തിരക്കഥാകൃത്ത് മനുപ്രസാദ്‌, സണ്ണി ജോസഫ് - മാനുവൽ ജോഡി തുടങ്ങിയവർ മനോരമയിലാണ് ജോലി ചെയ്യുന്നത്.

മലയാളത്തിൽ ഏറ്റവും ഉയർന്ന ശമ്പളം നൽകുന്ന മാധ്യമ സ്ഥാപനമാണ് മലയാള മനോരമ. പ്രശസ്ത എഴുത്തുകാരായ കെ ആർ മീര, രേഖ കെ, ജി, ആർ ഇന്ദുഗോപൻ എന്നിവർ നേരത്തെ മനോരമയിലെ ജീവനക്കാർ ആയിരുന്നു. സ്വതന്ത്ര സാഹിത്യ പ്രവർത്തനത്തിന് ജോലിയിലെ നിബന്ധനകൾ വിഘാതമായതോടെ ഇവർ സ്ഥാപനം വിടുകയായിരുന്നു. ചെറുകഥാകൃത്ത് വിനു എബ്രഹാം ദ വീക്കിലും ചെറുകഥാകൃത്തും പ്രസാധകനുമായ ടോം ജെ മങ്ങാട്ട് ബാലരമയിലും പത്രാധിപ സമിതി അംഗങ്ങളായിരുന്നു. 

'ദ ഹിന്ദു', ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള പല പത്രങ്ങളും അവരുടെ ജീവനക്കാർക്ക് മറ്റ് പത്രങ്ങൾക്കോ സ്ഥാപനങ്ങൾക്കോ വേണ്ടി എഴുതുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അവിടെയും പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നതിലും മറ്റ് സർഗാത്മകസൃഷ്ടികൾക്കും ഉദാരമായ സമീപനമാണ് മാനേജ്മെന്റുകൾ കൈക്കൊള്ളുന്നത്. 

logo
The Fourth
www.thefourthnews.in