വാക്‌തര്‍ക്കം: മലയാളിയുവതിയെ പ്രഷർ കുക്കർ കൊണ്ട് തലയ്ക്കടിച്ചുകൊന്നു, കൊല്ലം സ്വദേശി അറസ്റ്റിൽ

വാക്‌തര്‍ക്കം: മലയാളിയുവതിയെ പ്രഷർ കുക്കർ കൊണ്ട് തലയ്ക്കടിച്ചുകൊന്നു, കൊല്ലം സ്വദേശി അറസ്റ്റിൽ

കോളേജ് കാലം മുതൽ പ്രണയത്തിലായിരുന്ന ദേവയും വൈഷ്ണവും ഐ ടി മേഖലയിൽ ജോലി കിട്ടിയാണ് ബെംഗളൂരുവിലെത്തുന്നത്

ബെംഗളുരുവിൽ മലയാളി യുവതിയെ പങ്കാളി കുക്കർ കൊണ്ട് തലയ്ക്ക് അടിച്ച് കൊന്നു. തിരുവനന്തപുരം സ്വദേശിനി ദേവയാണ് കൊല്ലപ്പെട്ടത് . പ്രതിയും ദേവയുടെ പങ്കാളിയുമായി കൊല്ലം സ്വദേശി വൈഷ്ണവിനെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച വൈകിട്ട് ഇവർ താമസിക്കുന്ന ബേഗൂരിലെ ന്യൂ മൈക്കോ ലേ ഔട്ടിൽ വെച്ചാണ് സംഭവം നടന്നത്.

ഇരുവരും തമ്മിൽ വാക്ക് തർക്കം പതിവായിരുന്നെന്നു തൊട്ടടുത്ത താമസക്കാർ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ശനിയാഴ്ച രാത്രി പതിവ് പോലെ ഇരുവരും തർക്കത്തിൽ ഏർപ്പെട്ടതായാണ് വിവരം. തർക്കം രൂക്ഷമായതോടെ ദേവയെ വൈഷ്ണവ് ആക്രമിക്കുകയായിരുന്നു. ആദ്യം കൈകൊണ്ടു മർദിക്കുകയും ദേവ പ്രതിരോധിച്ചപ്പോൾ അടുക്കളയിലെ കുക്കർ ഉപയോഗിച്ച് വൈഷ്ണവ് തലയ്ക്ക് അടിച്ചകൊല്ലുകയായിരുന്നു. ഇവരുടെ വീട്ടിൽ വൈകിട്ട് ബഹളം കേട്ടിരുന്നുവെന്നും അയൽവാസികൾ പോലീസിനോട് പറഞ്ഞു.

കോളേജ് കാലം മുതൽ പ്രണയത്തിലായിരുന്ന ദേവയും വൈഷ്ണവും ഐ ടി മേഖലയിൽ ജോലി കിട്ടിയാണ് ബെംഗളൂരുവിലെത്തുന്നത്. കഴിഞ്ഞ മൂന്ന് വർഷമായി ഒന്നിച്ച് താമസിച്ച് വരികയായിരുന്നു ഇരുവരും. ഇവർ വൈകാതെ വിവാഹിതരാകാനിരിക്കുകയായിരുന്നുവെന്നാണ് പോലീസിനോട് ഇവരുടെ സുഹൃത്തുക്കൾ പങ്കു വെച്ച വിവരം.

വൈഷ്ണവിന് മറ്റൊരു പെൺകുട്ടിയുമായി അടുപ്പമുണ്ടെന്ന സംശയം ദേവയെ അസ്വസ്ഥയാക്കിയിരുന്നുവെന്നാണ് അറിയുന്നത്. ഇതേക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം ഇരുവരും തമ്മിൽ വഴക്കുണ്ടാകുക പതിവാണെന്നാണ് വൈഷ്ണവ് പോലീസിന് നൽകിയ മൊഴി. ബന്ധമില്ലെന്ന് പലകുറി വിശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും ദേവ കൂട്ടാക്കിയില്ല. ഇങ്ങനെയുള്ള തർക്കമാണ് ശനിയാഴ്ച കൊലപാതകത്തിൽ കലാശിച്ചത്. കൊലപ്പെടുത്താൻ മനഃപൂർവം ചെയ്തതല്ലെന്നും കോപം നിയന്ത്രിക്കാനാവാതെ സംഭവിച്ചു പോയതാണെന്നുമാണ് വൈഷ്ണവിന്റെ കുറ്റസമ്മത മൊഴി.

കൊലപാതകത്തിൽ മറ്റാർക്കും പങ്കില്ലെന്നാണ് പോലീസിന്റെ നിഗമനം . അറസ്റ്റിലായ വൈഷ്ണവിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത് വരികയാണ്. പോസ്റ്റ് മോർട്ടത്തിന് ശേഷം ദേവയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

logo
The Fourth
www.thefourthnews.in