അരിക്കൊമ്പന്റെ ആക്രമണത്തിൽ പരുക്കേറ്റയാള്‍ മരിച്ചു

അരിക്കൊമ്പന്റെ ആക്രമണത്തിൽ പരുക്കേറ്റയാള്‍ മരിച്ചു

നിലവില്‍ ഷണ്മുഖ നദി ഡാമിന്റെ ജല സംഭരണിക്ക് സമീപമാണ് അരിക്കൊമ്പനുള്ളത്

അരിക്കൊമ്പന്റെ അക്രമണത്തിൽ പരുക്കേറ്റ കമ്പം സ്വദേശി മരിച്ചു. കമ്പം ടൗണിൽ അരിക്കൊമ്പൻ തട്ടിയിട്ട ബൈക്ക് യാത്രക്കാരനായ പാൽരാജ് ആണ് മരിച്ചത്. വീഴ്ചയിൽ 57 കാരനായ പാൽരാജിന്റെ തലയിൽ സാരമായ പരുക്കേറ്റിരുന്നു.

തേനി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. ശനിയാഴ്ചയാണ് പാല്‍രാജിന് നേരെ ആക്രമണം ഉണ്ടായത്.

തലയ്ക്ക് പുറമേ ആന്തരികാവയവങ്ങൾക്കും പരുക്കേറ്റിരുന്നു. ആന്തരിക രക്തസ്രാവമുണ്ടായിരുന്നു. എല്ലുകൾ ഒടിഞ്ഞുപോയിരുന്നുവെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. പോസ്റ്റ്മോർട്ടം നടപടികൾക്കുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. കമ്പത്തെ ഒരു സ്വകാര്യ കമ്പനിയിലെ സെക്യൂരിറ്റി ഗാർഡായിരുന്നു പാൽരാജ്. തമിഴ്നാട് സർക്കാർ കുടുംബത്തിന് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.

അതേസമയം, തമിഴ്‌നാട് വനംവകുപ്പിന്റെ അരിക്കൊമ്പന്‍ ദൗത്യം ഇന്നും തുടരും. നിലവില്‍ ഷണ്മുഖ നദി ഡാമിന്റെ ജല സംഭരണിക്ക് സമീപമാണ് അരിക്കൊമ്പനുള്ളത്. വനത്തില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയാണ് ഇത്. സൗകര്യപ്രദമായ സ്ഥലത്ത് എത്തിയാല്‍ മയക്കുവെടി വയ്ക്കുമെന്നാണ് വനം വകുപ്പ് അറിയിച്ചിരിക്കുന്നത്. എന്നാല്‍, മേഘമലയിലേക്ക് ആനയെ കയറ്റിവിടാനുള്ള ശ്രമവും നടക്കുന്നുണ്ട്.

വെറ്ററിനറി സര്‍ജന്‍മാര്‍ ഉള്‍പ്പെടുന്ന സംഘത്തിന്റെ നിരീക്ഷണവലയത്തിലാണ് നിലവില്‍ അരിക്കൊമ്പനുള്ളത്. തമിഴ്നാട് വനംവകുപ്പിന്റെ കൂടുതല്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തേയ്ക്കെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കാട്ടിൽ നിന്ന് പുറത്തിറങ്ങാതെ വനാതിർത്തിയിലൂടെയായിരുന്നു അരിക്കൊമ്പന്റെ സഞ്ചാരം. കാട്ടിലേക്കും തിരിച്ചുമുള്ള ആനയുടെ സഞ്ചാരം ദൗത്യത്തിന് വലിയ തിരിച്ചടിയാകുന്നുണ്ട്. ദൗത്യസംഘവും കുങ്കിയാനകളും മൂന്ന് ദിവസമായി കമ്പത്ത് തുടരുകയാണ്. അതേസമയം, അരികൊമ്പന്റെ തുമ്പി കയ്യിലേറ്റ മുറിവും ആശങ്കയ്ക്കിടയാക്കുന്നുണ്ട്.

logo
The Fourth
www.thefourthnews.in