മഞ്ജു വാര്യര്‍, സിദ്ദിഖ്, ഉണ്ണി മുകുന്ദന്‍, അനുശ്രീ, രമേശ് പിഷാരടി; 'സ്ഥാനാര്‍ഥി പ്രഖ്യാപനം' നടത്തി സോഷ്യല്‍ മീഡിയ

മഞ്ജു വാര്യര്‍, സിദ്ദിഖ്, ഉണ്ണി മുകുന്ദന്‍, അനുശ്രീ, രമേശ് പിഷാരടി; 'സ്ഥാനാര്‍ഥി പ്രഖ്യാപനം' നടത്തി സോഷ്യല്‍ മീഡിയ

സോഷ്യല്‍ മീഡിയയും ചില മാധ്യമങ്ങളും സ്ഥാനാര്‍ഥികളായി അവതരിപ്പിച്ച താരങ്ങള്‍ ആരൊക്കെയെന്ന് നോക്കാം

ലോക്‌സഭ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളിലേക്ക് പാര്‍ട്ടികളും മുന്നണികളും കടക്കുന്നതേയുള്ളു. എന്നാൽ സമൂഹ മാധ്യമങ്ങളിലാകട്ടെ ഏതാണ്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞ മട്ടാണ് . മഞ്ജു വാര്യര്‍ മുതല്‍ സിദ്ദിഖ് വരെയുള്ള താരങ്ങളുടെ പേരുകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചയാണ്. സോഷ്യല്‍ മീഡിയയും ചില മാധ്യമങ്ങളും സ്ഥാനാര്‍ഥികളായി അവതരിപ്പിച്ച താരങ്ങള്‍ ആരൊക്കെയെന്ന് നോക്കാം.

ചാലക്കുടിയില്‍ മഞ്ജു വാര്യര്‍!

കഴിഞ്ഞദിവസം നടന്ന ഏറ്റവും വലിയ പ്രചാരണം ചാലക്കുടിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മഞ്ജു വാര്യര്‍ വരുന്നു എന്നതായിരുന്നു. ഒരു പ്രമുഖ ദേശീയ ദിനപത്രമാണ് ആദ്യമായി ഈ വാര്‍ത്ത പുറത്തുവിട്ടത്. ഇതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ മഞ്ജു വാര്യരുടെ ചാലക്കുടി സ്ഥാനാര്‍ഥിത്വം ചര്‍ച്ചയായി. എന്നാല്‍, പാര്‍ട്ടി നേതാക്കളോ, ഇടത് പ്രൊഫൈലുകളോ ഈ വാര്‍ത്ത തള്ളുകയോ കൊള്ളുകയോ ചെയ്തിട്ടില്ല.

2014-ലും 2019-ലും ഇന്നസെന്റ് മത്സരിച്ച ചാലക്കുടിയില്‍ ഇത്തവണ സിനിമ രംഗത്തുനിന്ന് മഞ്ജു വാര്യരേയും പരിഗണിക്കുന്നു എന്നായിരുന്നു പത്രത്തിലെ വാര്‍ത്ത. ജെയ്ക് സി തോമസ്, സിഐടിയു നേതാവ് യു പി ജോസഫ്, മുന്‍ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് എന്നിവര്‍ക്കൊപ്പം മഞ്ജു വാര്യരുടെ പേരും സിപിഎം നേതൃത്വം ചാലക്കുടി മണ്ഡലത്തിലേക്ക് പരിഗണിക്കുന്നു എന്നാണ് വാര്‍ത്ത. മഞ്ജു വാര്യരെ കളത്തിലിറക്കിയാല്‍ ചാലക്കുടിയില്‍ ജയിക്കാന്‍ സാധിക്കുമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടക്കുന്നത്.

അതേസമയം, ചാലക്കുടിയില്‍ സിറ്റിങ് എം പി ബെന്നി ബെഹനാന്‍ തന്നെയാകും ഇത്തവണയും യുഡിഎഫ് സ്ഥാനാര്‍ഥിയെന്നാണ് സൂചന. ചാലക്കുടിയില്‍ യുഡിഎഫ് സീറ്റില്‍ കണ്ണുനട്ട് ഇടവേള ബാബു രംഗത്തെത്തിയിട്ടുണ്ട് എന്നൊരു അഭ്യൂഹവും സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ കറങ്ങിനടക്കുന്നുണ്ട്. സിനിമ പ്രമോഷന്‍ പേജുകളില്‍ ഇടവേള ബാബുവിന്റെ അഭിമുഖങ്ങള്‍ നിരന്തരം പ്രത്യക്ഷപ്പെടുന്നതിന് പിന്നില്‍ ഇതാണ് കാരണം എന്നാണ് 'സോഷ്യല്‍ മീഡിയ നിരീക്ഷകരുടെ' കണ്ടെത്തല്‍!

ആലപ്പുഴയില്‍ സിദ്ദിഖ്!

എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ആലപ്പുഴ മണ്ഡലത്തില്‍ മത്സരിക്കുന്നില്ലെങ്കില്‍ നടന്‍ സിദ്ദിഖിനെ കോണ്‍ഗ്രസ് പരിഗണിച്ചേക്കും എന്നാണ് വാര്‍ത്തകള്‍. മത-സാമുദായിക സമവാക്യങ്ങള്‍ പഗിണിച്ചാണ് ഈ നീക്കത്തിന് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും സൂചനയുണ്ട്. തിരഞ്ഞെടുപ്പ് സമയത്ത് സിദ്ദിഖിലേക്ക് ചര്‍ച്ചകള്‍ എത്തുന്നത് ആദ്യമായാല്ല. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ അരൂരില്‍ നിന്ന് സിദ്ദിഖ് മത്സരിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. കോണ്‍ഗ്രസുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന സിദ്ദിഖിന്റെ ജനപ്രിയത മുതലാക്കണം എന്നാണ് കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ അണികളില്‍ ഉയര്‍ന്നിരിക്കുന്ന ആവശ്യം.

പത്തനംതിട്ടയില്‍ ഉണ്ണി മുകുന്ദന്‍!

ഉണ്ണി മുകുന്ദന്‍ ബിജെപി സ്ഥാനാര്‍ഥിയായേക്കുമെന്ന് തിരഞ്ഞെടുപ്പ് വര്‍ഷത്തിന് മുന്‍പുതന്നെ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ച സജീവമാണ്. ബിജെപി-സംഘപരിവാര്‍ നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഉണ്ണിമുകുന്ദന്‍, സമൂഹ മാധ്യമങ്ങളില്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വക്താവായി മാറിയിട്ടുണ്ട്. പത്തനംതിട്ടയിലേക്ക് ഉണ്ണിമുകുന്ദന്റെ പേര് ബിജെപി ഗൗരവമായി പരിഗണിക്കുന്നുണ്ടെന്ന് കഴിഞ്ഞദിവസം വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

തൃശൂരില്‍ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപി തന്നെയെന്നത് ഉറപ്പാണ്. ഇനി ഔദ്യോഗിക പ്രഖ്യാപനം മാത്രം വന്നാല്‍ മതിയാകും. സുരേഷ് ഗോപിക്കൊപ്പം നടന്‍ കൃഷ്ണകുമാറിനേയും ബിജെപി സ്ഥാനാര്‍ഥിയാക്കാന്‍ ഒരു വിഭാഗം സോഷ്യല്‍ മീഡിയയില്‍ സജീവമായി പണിയെടുക്കുന്നുണ്ട്. ബിജെപി ദേശീയ സമിതി അംഗമായ കൃഷ്ണകുമാര്‍, കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ നിന്ന് പരാജയപ്പെട്ടിരുന്നു.

നേരത്തെ ഈഞ്ചക്കല്‍ ഫ്‌ളൈ ഓവര്‍ യാഥാര്‍ഥ്യമാക്കാന്‍ പരിശ്രമിച്ച കെകെജി(കൃഷ്ണകുമാര്‍)ക്ക്‌ അഭിനന്ദനങ്ങള്‍ എന്നപേരില്‍ തിരുവനന്തപുരം നഗത്തില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് ലോക്‌സഭ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള നീക്കമായിരുന്നു എന്ന് ബിജെപിയില്‍ തന്നെ അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. നടി അനുശ്രീയെ ബിജെപി സ്ഥാനാര്‍ഥിയാക്കണമെന്നും ചില ഗ്രൂപ്പുകളില്‍ ചര്‍ച്ച നടക്കുന്നുണ്ട്. രമേശ് പിഷാരടി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകുമെന്ന ചര്‍ച്ചയും സജീവമാണ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ബാലുശേരിയില്‍ നിര്‍ത്തി തോല്‍പ്പിച്ച ധര്‍മ്മജനെ കോണ്‍ഗ്രസ് ഇത്തവണയും പരിഗണിക്കണമെന്ന് ഇടത് പ്രൊഫൈലുകള്‍ പരിഹസിക്കുന്നുണ്ട്.

logo
The Fourth
www.thefourthnews.in