മാര്‍ ജോസഫ് പൗവത്തില്‍ അന്തരിച്ചു

മാര്‍ ജോസഫ് പൗവത്തില്‍ അന്തരിച്ചു

ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

ചങ്ങനാശേരി അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പൗവത്തില്‍ അന്തരിച്ചു. 92 വയസ്സായിരുന്നു. ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സിബിസിഐയുടെയും കെസിബിസിയുടെയും അധ്യക്ഷനായി പ്രവർത്തിച്ച മാര്‍ ജോസഫ് പൗവത്തില്‍ കാഞ്ഞിരപ്പള്ളി രൂപത മെത്രാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

1930 ഓഗസ്റ്റ് 14ന് കുറുമ്പനാടം പൗവത്തിൽ കുടുംബത്തിൽ ജനിച്ച അദ്ദേഹം 1962 ഒക്ടോബർ മൂന്നിന് പൗരോഹിത്യം സ്വീകരിച്ചു. 1977ൽ കാഞ്ഞിരപ്പള്ളി രൂപതയുടെ ആദ്യ മെത്രാനായി. 1977 മേയ് 12ന് ബിഷപ്പായി ചുമതലയേറ്റു. 1985 മുതൽ 2007 വരെ ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ്പായി സേവനമനുഷ്ഠിച്ചു. ബനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ ദീർഘകാല സുഹൃത്തായിരുന്ന അദ്ദേഹം സിറോ മലബാർ സഭയിൽ മാർപാപ്പ അഭിഷേകം ചെയ്ത ആദ്യ ബിഷപ്പാണ്. 1972 ജനുവരി 29ന് ചങ്ങനാശേരി അതിരൂപതയുടെ സഹായ മെത്രാനായി നിയമിതനായ മാര്‍ പൗവത്തിലിനെ 1972 ഫെബ്രുവരി 13ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍വച്ച് പോള്‍ ആറാമന്‍ മാര്‍പാപ്പയാണ് മെത്രാനായി അഭിഷേകം ചെയ്തത്.

1993 മുതല്‍ 96 വരെ കെസിബിസി ചെയര്‍മാന്‍, 1994 മുതല്‍ 98വരെ സിബിസിഐ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 2007-ല്‍ ആണ് അദ്ദേഹം വിരമിച്ചത്. "സീറോ മലബാര്‍ സഭയുടെ കിരീടം" എന്ന പേരില്‍ അദ്ദേഹം വിശേഷിക്കപ്പെട്ടിരിന്നു.1962 മുതൽ ഒരു ദശാബ്‌ദക്കാലം ചങ്ങനാശേരി എസ്‌ബി കോളജിൽ അധ്യാപകനായിരുന്നു.

logo
The Fourth
www.thefourthnews.in