പോലീസ് വെട്ടിലായി; പരുക്കേറ്റ വാച്ച് ആൻഡ് വാര്‍ഡുകളുടെ കൈയ്ക്ക്  പൊട്ടലില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

പോലീസ് വെട്ടിലായി; പരുക്കേറ്റ വാച്ച് ആൻഡ് വാര്‍ഡുകളുടെ കൈയ്ക്ക് പൊട്ടലില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

വാച്ച് ആന്റ് വാര്‍ഡിനെ ആക്രമിച്ച് ഗുരുതരമായി പരുക്കേല്‍പ്പിച്ചെന്ന് ആരോപിച്ച് ഏഴ് പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരുന്നു

നിയമസഭാ സംഘര്‍ഷത്തില്‍ പരുക്കേറ്റ രണ്ട് വനിതാ വാച്ച് ആൻഡ് വാര്‍ഡുകളുടെ കൈക്ക് പൊട്ടലില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. ജനറല്‍ ആശുപത്രിയില്‍ നടത്തിയ തുടര്‍ ചികിത്സയിലെ റിപ്പോര്‍ട്ടിലാണ് പൊട്ടലില്ലെന്ന് കണ്ടെത്തിയത്. വാച്ച് ആൻഡ് വാര്‍ഡിനെ ആക്രമിച്ച് ഗുരുതരമായി പരുക്കേല്‍പ്പിച്ചെന്ന് ആരോപിച്ച് ഏഴ് പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരുന്നു.

എന്നാല്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ സര്‍ക്കാരിനും പൊലീസിനും തിരിച്ചടിയായിരിക്കുകയാണ്. സഭയില്‍ പ്രതിപക്ഷം നടത്തിയ പ്രതിഷേധങ്ങളെ വാച്ച് ആന്‍ഡ് വാര്‍ഡിനെ ആക്രമിച്ചെന്ന ആരോപണം ഉന്നയിച്ച് സര്‍ക്കാര്‍ പ്രതിരോധിച്ചിരുന്നു.

സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ ഓഫീസിനു മുന്നില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ നടത്തിയ പ്രതിഷേധമാണ് സംഘര്‍ഷത്തിന് കാരണമായത്. സ്പീക്കറിന് ഓഫീസിനുള്ളിലേക്ക് കയറാന്‍ സാധിക്കാത്ത വിധത്തിലായിരുന്നു പ്രതിപക്ഷ പ്രതിഷേധം. ഇവരെ മാറ്റാനുള്ള വാച്ച് ആന്‍ഡ് വാര്‍ഡിന്റെ ശ്രമമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

രണ്ട് വാച്ച് ആൻഡ് വാര്‍ഡ് ജീവനക്കാരുടെ വലത് കൈമുട്ടിന് പൊട്ടലുണ്ടെന്ന ഡോക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു മ്യൂസിയം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ജനറല്‍ ആശുപത്രിയില്‍ നടത്തിയ തുടര്‍ ചികിത്സയിലെ റിപ്പോര്‍ട്ടിലാണ് പൊട്ടലില്ലെന്ന് കണ്ടെത്തിയത്. ഡിസ്ചാര്‍ജ് സമ്മറിയും സ്‌കാനിങ് റിപ്പോര്‍ട്ടും ആശുപത്രിയില്‍നിന്ന് പോലീസിന് നല്‍കിയിട്ടുണ്ടെന്നാണ് വിവരം.

ഇതോടെ പോലീസ് വെട്ടിലായിരിക്കുകയാണ്. പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ ചുമത്തിയ ജാമ്യമില്ലാ വകുപ്പായ ഐപിഎസി 326, റിപ്പോര്‍ട്ട് പുറത്തുവന്നതോടെ പോലീസിന് ഒഴിവാക്കേണ്ടി വരും. എന്നാല്‍ പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനെതിരെ ചുമത്തിയ വകുപ്പുകള്‍ നിലനില്‍ക്കും.

logo
The Fourth
www.thefourthnews.in