'വില കൂട്ടുന്നത് കര്‍ഷകരെ സഹായിക്കാനാവണം, മില്‍മയുടെ കടം തീര്‍ക്കാനാവരുത്'; 
ആശങ്കയൊഴിയാതെ ക്ഷീര കര്‍ഷകര്‍

'വില കൂട്ടുന്നത് കര്‍ഷകരെ സഹായിക്കാനാവണം, മില്‍മയുടെ കടം തീര്‍ക്കാനാവരുത്'; ആശങ്കയൊഴിയാതെ ക്ഷീര കര്‍ഷകര്‍

വില വര്‍ധനയുടെ ശരിയായ ഗുണം കര്‍ഷകന് ലഭിക്കണമെങ്കില്‍, പാലിന്റെ കൊഴുപ്പനുസരിച്ച് വില നിശ്ചയിച്ച് മില്‍മ 2019 ല്‍ തയ്യാറാക്കിയ ചാര്‍ട്ടില്‍ മാറ്റം വരണം

സംസ്ഥാനത്തെ പാല്‍വില വര്‍ധിപ്പിക്കാനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണ്. പാല്‍വില കൂട്ടേണ്ട സാഹചര്യമാണെന്ന് സര്‍ക്കാര്‍ തന്നെ വിലയിരുത്തുമ്പോള്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം മാത്രമാണ് ഉണ്ടാകേണ്ടത്. പാല്‍ വില ലിറ്ററിന് 8.75 രൂപ വര്‍ധിപ്പിക്കണമെന്ന് മില്‍മ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരിക്കുന്നത്. എന്നാല്‍ ആറ് രൂപ വരെയെങ്കിലും വിലവര്‍ധന ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.

വര്‍ധിക്കുന്ന വിലയുടെ 82 ശതമാനം ക്ഷീര കര്‍ഷകനും, ബാക്കിവരുന്ന 18 ശതമാനം സംഘത്തിനും, മേഖല യൂണിയനും ഏജന്‍സി കമ്മീഷനുമായാണ് വിഭജിക്കപ്പെടുക. എന്നാല്‍ വിലക്കയറ്റം ഉള്‍പ്പെടെ ജീവിത ചെലവ് വര്‍ധിച്ച ഇക്കാലത്ത് വില വര്‍ധനയുടെ ഗുണം ശരിയായ രീതിയില്‍ കര്‍ഷകര്‍ക്ക് ലഭിക്കില്ലെന്ന ആശങ്കയിലാണ് ക്ഷീരകര്‍ഷകര്‍.

വില വര്‍ധനയുടെ ശരിയായ ഗുണം കര്‍ഷകന് ലഭിക്കണമെങ്കില്‍ പാലിന്റെ കൊഴുപ്പനുസരിച്ച് വില നിശ്ചയിച്ച് മില്‍മ 2019 ല്‍ തയാറാക്കിയ ചാര്‍ട്ടില്‍ മാറ്റം വരണമെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. കൊഴുപ്പിന്റെ തോതനുസരിച്ച് മാത്രം ലഭിക്കുന്ന ഈ തുക ചുരുക്കം ചില കര്‍ഷകര്‍ക്ക് മാത്രമാണ് ലഭിക്കുകയെന്ന് തൃശൂരിലെ കൃഷ്ണ ഡയറി ഫാം ഉടമ കൃഷ്ണന്‍ പറയുന്നു.

''6 രൂപ വര്‍ധിപ്പിക്കുമ്പോള്‍ 5 രൂപ കര്‍ഷകനും ഒരു രൂപ സൊസൈറ്റിക്കും എന്ന തോതിലാണ് ലഭിക്കുന്നത്. കൊഴുപ്പുകൂടിയ പാല്‍ നല്‍കുന്നത് കുറഞ്ഞ അളവില്‍ പാല്‍ ഉത്പാദിപ്പിക്കുന്ന ചുരുക്കം ചില കര്‍ഷകര്‍ മാത്രമാണ്. കൊഴുപ്പ് കുറഞ്ഞ പാല്‍ അളക്കുന്ന കര്‍ഷകര്‍ക്ക് ചാര്‍ട്ട് പ്രകാരം 2 മുതല്‍ 2.50 രൂപ പരെ മാത്രമാണ് ലഭിക്കുക. ഈ സാഹചര്യം നിലനില്‍ക്കെ 5 രൂപ മുഴുവനായും കര്‍ഷകന് ലഭിക്കുന്ന വിധത്തില്‍ ചാര്‍ട്ടില്‍ വ്യത്യാസം വരുത്തേണ്ടി വരും. ഇതിനൊപ്പം മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെത്തുന്ന പാല്‍ നിയന്ത്രിക്കുകയും ചെയ്താല്‍ മാത്രമെ സംസ്ഥനത്ത് ക്ഷീര കര്‍ഷകര്‍ക്ക് നിലനില്‍ക്കാന്‍ സാധിക്കുകയുള്ളു'' - കൃഷ്ണന്‍ പറയുന്നു.

പാല്‍ വിലയും കാലിത്തീറ്റ വിലയും തമ്മില്‍ താരതമ്യം ചെയ്താല്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വില വര്‍ധന പോലും അപര്യാപ്തമാണെന്ന് വിലയിരുത്തേണ്ടിവരുമെന്നാണ് തൃശൂര്‍ മാളയിലെ അന്ന ഫാം ഉടമ സെബി പഴയാറ്റില്‍ പറയുന്നു. ''പാല്‍ വില കൂട്ടാനുള്ള തീരുമാനം സ്വഗതാര്‍ഹമാണ്. മൂന്ന് വര്‍ഷത്തിലേറെയായി പാല്‍ വില കൂട്ടിയിട്ടില്ല. എന്നാല്‍ ഇക്കാലയളവില്‍ കാലിത്തീറ്റയുടെ വില വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. ഇക്കാര്യം ആരും ശ്രദ്ധിക്കുന്നില്ല'' - സെബി വിശദീകരിക്കുന്നു.

''സംസ്ഥാനത്ത് പാല്‍വില ഉയര്‍ന്നാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ഗുണമേന്മയില്ലാത്ത പാലിന്റെ ഒഴുക്ക് വര്‍ധിക്കുന്ന നിലയുണ്ടാവും. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് പാല്‍ ശേഖരിച്ച് സംസ്ഥാനത്ത് എത്തിച്ച് കൂടിയ വിലയ്ക്ക് വില്‍പ്പന നടത്തി ഇടനിലക്കാര്‍ ലാഭം കൊയ്യുന്ന അവസ്ഥയിലേക്ക് എത്തും''- സെബി പറയുന്നു.

സംസ്ഥാനത്ത് ക്ഷീര കര്‍ഷകരുടെ അവസ്ഥ പരിതാപകരമാണ്. ഈ മേഖലയില്‍ നിന്ന് കര്‍ഷകര്‍ കൊഴിഞ്ഞുപോകുന്നു. ഫാമുകള്‍ പലതും ലീസിന് കൊടുക്കുകയോ വില്‍ക്കാന്‍ വച്ചിരിക്കുകയോ ചെയ്യുന്നതാണ് സാഹചര്യം.

''പാല്‍ വില വര്‍ധന കര്‍ഷകരെ സഹായിക്കുക ലക്ഷ്യമിട്ടുള്ളതാവണം എന്നാണ് ക്ഷീര സഹകരണ സംഘങ്ങളുടെ നിലപാട്. അല്ലാതെ വില വര്‍ധന മില്‍മയുടെ കടം തീര്‍ക്കാനാവരുത്''. ക്ഷീര കര്‍ഷകനും പിണറായി ക്ഷീര സഹകരണ സംഘം ഡയറക്ടറുമായ വി പ്രകാശന്‍ പറയുന്നു.

സംസ്ഥാനത്തെ ക്ഷീര മേഖലയിലെ ഉത്പാദന ചെലവ് വളരെ ഉയര്‍ന്നതാണെന്ന് വിഷയം പഠിച്ച സമിതി റിപ്പോര്‍ട്ടില്‍ തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നി ഈ മേഖലയിലെ പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. ലിറ്ററിന് 47 രൂപ 63 പൈസയാണ് കര്‍ഷകന് ഉത്പാദന ചെലവ് വരുന്നത്. എന്നാല്‍ ക്ഷീരകര്‍ഷകന് മില്‍മ നല്‍കുന്ന വില കൊഴുപ്പിന്റെ തോതനുസരിച്ച് 37.76 രൂപ വരെ മാത്രമാണെന്നാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശം.

logo
The Fourth
www.thefourthnews.in