സംസ്ഥാനത്ത് പാല്‍ വില കൂടും; പുതിയ നിരക്ക് ഡിസംബറിലെന്ന്  സൂചന

സംസ്ഥാനത്ത് പാല്‍ വില കൂടും; പുതിയ നിരക്ക് ഡിസംബറിലെന്ന് സൂചന

ലിറ്ററിന് അഞ്ച് രൂപ വരെ വര്‍ധിക്കാന്‍ സാധ്യത; അപര്യാപ്തമെന്ന് മില്‍മ

സംസ്ഥാനത്ത് ഡിസംബറോടെ പാല്‍ വില വര്‍ധിപ്പിക്കുമെന്ന സൂചനയുമായി മന്ത്രി ചിഞ്ചു റാണി. ലിറ്ററിന് അഞ്ചു രൂപ വരെ വര്‍ധിക്കാനാണ് സാധ്യത. ക്ഷീര കര്‍ഷകരോട് അഭിപ്രായം ചോദിച്ചതിനു ശേഷം മാത്രമാവും തീരുമാനമെടുക്കുക. എന്നാല്‍ പഠന റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാകും അന്തിമ തീരുമാനമെന്നും മന്ത്രി പറഞ്ഞു

വെറ്ററിനറി സര്‍വകലാശാലയിലെ ഉദ്യോഗസ്ഥനായ ഡോ .ജി ആര്‍ ജയദേവന്‍, കാര്‍ഷിക സര്‍വകലാശാലയിലെ ഡോ.ബെന്നി ഫ്രാങ്കോ എന്നിവരടങ്ങുന്ന മൂന്നംഗ സമിതിയെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. പാലുത്പാദനത്തിന്റെ ചെലവ് കണ്ടെത്താനായി തീരപ്രദേശം , സമതലം, ഹൈറേഞ്ച് എന്നിങ്ങനെ മൂന്ന് പ്രദേശങ്ങളാക്കി തിരിച്ചാണ് പഠനം നടത്തുക . തിരുവന്തപുരം മേഖലാ യൂണിയനു കീഴില്‍ ഇടുക്കി ,എറണാകുളം ,തൃശൂര്‍ ജില്ലകളിലും മലബാര്‍ മേഖലാ യൂണിയന് കീഴില്‍ വയനാട്, കണ്ണൂര്‍,പാലക്കാട് ജില്ലകളിലായും നടക്കുന്ന പഠനത്തിന്റെ റിപ്പോര്‍ട്ട് നവംബര്‍ 20 ന് സമര്‍പ്പിക്കും.

പാല്‍വില കൂട്ടാനുള്ള അധികാരം മില്‍മയ്ക്കാണ്, പക്ഷേ സര്‍ക്കാറിന്റെ അനുമതിയോടെ മാത്രമേ വില വര്‍ധന സാധ്യമാകുകയുള്ളൂ . കാലിത്തീറ്റ ഉള്‍പ്പെടെയുള്ളവയുടെ വില കൂടിയ പശ്ചാത്തലത്തിലാണ് പാല്‍ വില വര്‍ധിപ്പിക്കുന്നത് . ഉത്പാദന ചെലവ് വര്‍ധിച്ചതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലായെന്നും ഇതിനേക്കാള്‍ പ്രതിസന്ധിയിലാണ് തങ്ങളെന്നും മില്‍മ പറയുന്നു. ആറ് രൂപയെങ്കിലും വില കൂട്ടണമെന്നായിരുന്നു മില്‍മയുടെ ആവശ്യം.

logo
The Fourth
www.thefourthnews.in