ഗൾഫിൽ  മാത്രമല്ല, അമേരിക്കയിലും ബ്രിട്ടനിലും മാസ്സാകാൻ മിൽമ

ഗൾഫിൽ മാത്രമല്ല, അമേരിക്കയിലും ബ്രിട്ടനിലും മാസ്സാകാൻ മിൽമ

മെർച്ചെന്റ് എക്സ്പോർട്ടർ സംവിധാനം വഴി മൂന്ന് മലയാളി കമ്പനികളാണ് മിൽമ ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നത്

ദിവസങ്ങൾക്കകം ന്യുസീലൻഡ്, സിംഗപ്പൂർ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലെ ഷോപ്പിങ് മാളുകളിലെ ഷെൽഫിൽ കേരളത്തിന്റെ സ്വന്തം മിൽമ ഉത്പന്നങ്ങൾ ഇടംപിടിക്കും. ആദ്യം നെയ്യായിരിക്കും എത്തുക. ഫ്ലേവേർഡ് മിൽക്ക്, പാൽപ്പൊടി, പേട മുതലായവ പിന്നാലെ എത്തും. യൂറോപ്യൻ യൂണിയനിൽ ഉൾപ്പെടാത്ത രാജ്യങ്ങളിലേക്ക് ഉത്പന്നങ്ങൾ അയക്കാൻ മിൽമ തിരുവനന്തപുരം യൂണിയന് കീഴിലെ പത്തനംതിട്ട ഡയറി അനുമതി നേടിയതോടെയാണ് ഈ മാറ്റം.

മെർച്ചെന്റ് എക്സ്പോർട്ടർ സംവിധാനം വഴി മൂന്ന് മലയാളി കമ്പനികളാണ് മിൽമ ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നത്. ആലപ്പുഴ ആസ്ഥാനമായ മാവേലി, എറണാകുളത്തുള്ള ഇയാൻ, എം എസ് ആൻഡ് സൺസ് എന്നീ കമ്പനികളാണ് ആദ്യഘട്ടത്തിലെ ഇടപാടുകാർ. 6.5 ടൺ നെയ്യുടെ കൺസൈൻമെന്റ് പത്തനംതിട്ടയിൽ നിന്ന് പുറപ്പെട്ടു കഴിഞ്ഞു. അമേരിക്ക, കാനഡ, ബ്രിട്ടൻ അടക്കമുള്ള വൻകിട രാജ്യങ്ങളിലും മിൽമ ഉത്പന്നങ്ങൾ വൈകാതെ എത്തും

മിൽമയ്ക്ക് അടിച്ച ലോട്ടറി

വർഷം 110 ടൺ നെയ്യുടെ അധിക വിൽപ്പനയാണ് പത്തനംതിട്ട മിൽമ ഇതുവഴി കണക്കുകൂട്ടുന്നത്. 12 കോടിയുടെ അധിക വരുമാനവും പ്രതീക്ഷിക്കുന്നു. ഇതിന്റെ പ്രയോജനം കർഷകർക്കും ലഭിക്കുമെന്നാണ് മിൽമയുടെ അവകാശവാദം. വമ്പൻ രാജ്യങ്ങളിലും വിപണി തുറന്നു കിട്ടുന്നു എന്നൊരു നേട്ടവും മിൽമയ്ക്കുണ്ട്. വിദേശത്ത് എത്തുന്ന മിൽമ ഉത്പന്നങ്ങളുടെ പാക്കിങ്ങിലും അതിനു പുറത്തുള്ള ഗ്രാഫിക്സ് ഡിസൈനിങ്ങിലും മാറ്റമുണ്ട്.

അതേസമയം വില തീരുമാനിക്കുന്നത് അതാത് മെർച്ചെന്റ് എക്സ്പോർട്ടർ ആയിരിക്കും. ഹോൾസെയിൽ നിരക്കിലാണ് മിൽമ നെയ്യ് മെർച്ചന്റ് എക്സ്പോർട്ടർക്ക് കൈമാറുക. ഉത്പന്നതിന്റെ ഗുണനിലവാരം മിൽമയുടെ ഉത്തരവാദിത്വം ആയിരിക്കും.

ഷിപ്പ്മന്റ് വഴി അയക്കുന്ന ഉത്പന്നങ്ങൾ ഒരു വർഷം വരെ കേടുകൂടാതെ ഇരിക്കും. വിദേശത്തെ ഗുണനിലവാര മാനദണ്ഡങ്ങൾ പാലിച്ചാവും വിൽപ്പന. ഒരുകിലോ, അരക്കിലോ 200ഗ്രാം ബോട്ടിലുകളിൽ നെയ്യ് വിൽപ്പനയ്ക്കെത്തും. ഹോട്ടലുകളെ ലക്ഷ്യമിട്ട് 15 കിലോ ബോട്ടിലുകളും പിന്നാലെ തയ്യാറാക്കും. ഉത്സവ കാലങ്ങളടക്കം കണക്കിലെടുത്ത് മതിയായ സ്റ്റോക്ക് ഉറപ്പുവരുത്താനാകും എന്ന് മിൽമ പത്തനംതിട്ട ഡയറി മാനേജർ സാമൂവൽ പറഞ്ഞു.

വഴികാട്ടി മലബാർ യൂണിയൻ

മിൽമയുടെ മലബാർ യൂണിയൻ നിലവിൽ ഗൾഫ് രാജ്യങ്ങളിൽ ഉത്പന്നങ്ങൾ എത്തിക്കുന്നുണ്ട്. മാസം 10 ടൺ ആണ് വിൽപ്പന. ഈ സാധ്യത ഉൾക്കൊണ്ടാണ് തിരുവനന്തപുരം യൂണിയനും രംഗത്ത് എത്തിയത്.

പദ്ധതിയുടെ ഉദ്ഘാടനം ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പത്തനംതിട്ടയിൽ നിർവഹിച്ചു. പാൽപ്പൊടിയും മറ്റു മൂല്യവർധിത ഉത്പന്നങ്ങളും യഥേഷ്ടം വിപണിയിൽ എത്തിക്കാൻ മിൽമയ്ക്ക് കഴിയുമെന്ന് ജെ ചിഞ്ചുറാണി പറഞ്ഞു.

logo
The Fourth
www.thefourthnews.in