അഹമ്മദ് ദേവർകോവില്‍ കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുന്നു
അഹമ്മദ് ദേവർകോവില്‍ കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുന്നു

'വിഴിഞ്ഞം തുറമുഖം അടച്ചുപൂട്ടില്ല; സമന്വയത്തിലൂടെ പ്രശ്നം പരിഹരിക്കും': അഹമ്മദ് ദേവർകോവില്‍

കോടതിയുടെ നിര്‍ദേശങ്ങള്‍ അംഗീകരിക്കാന്‍ സമരക്കാര്‍ക്കും സര്‍ക്കാരിനും ബാധ്യതയുണ്ടെന്നും മന്ത്രി

വിഴിഞ്ഞം തുറമുഖം അടച്ചുപൂട്ടാനാകില്ലെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. വലിയ മുതല്‍മുടക്കില്‍ ആരംഭിച്ച പദ്ധതി അടച്ചുപൂട്ടണമെന്ന സമരക്കാരുടെ ആവശ്യം അംഗീകരിക്കാന്‍ സാധിക്കുന്നതല്ല. സമന്വയത്തിലൂടെ പ്രശ്‌നം പരിഹരിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ സമരക്കാരുമായി വീണ്ടും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി പറഞ്ഞു.

എല്ലാ ബോട്ടുകള്‍ക്കും സൗജന്യമായ മണ്ണെണ്ണ നല്‍കണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ഒരാവശ്യം. സംസ്ഥാനത്തിന് കൂടുതല്‍ ബാധ്യതയാകുമെന്നതിനാല്‍ അത് അംഗീകരിക്കാന്‍ സര്‍ക്കാരിന് പ്രയാസമാണ്. ഏഴ് ആവശ്യങ്ങളില്‍ അഞ്ചും പരിഹരിച്ചിട്ടും സമരം അവസാനിപ്പിക്കാന്‍ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് അറിയില്ല. കോടതിയുടെ നിര്‍ദേശങ്ങള്‍ അംഗീകരിക്കാന്‍ സമരക്കാര്‍ക്കും സര്‍ക്കാരിനും ബാധ്യതയുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരം ക്രമസമാധാനം തകര്‍ക്കുന്നതാകരുതെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. സമരപ്പന്തല്‍ പൊളിച്ചുമാറ്റണമെന്നും കോടതി ആവര്‍ത്തിച്ചു. ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ കടുത്ത നടപടിയെടുക്കേണ്ടിവരുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. സുരക്ഷയൊരുക്കണമെന്ന കോടതി നിര്‍ദേശം പാലിക്കപ്പെടുന്നില്ലെന്ന് കാണിച്ച് അദാനി ഗ്രൂപ്പ് നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതി പരാമര്‍ശം.

logo
The Fourth
www.thefourthnews.in