സിദ്ധാര്‍ത്ഥന്റെ മരണം:  കുടുംബം ആവശ്യപ്പെടുന്ന അന്വേഷണം നടത്തും, മുഖം നോക്കാതെ നടപടി, സര്‍ക്കാരിന്റെ ഉറപ്പ്

സിദ്ധാര്‍ത്ഥന്റെ മരണം: കുടുംബം ആവശ്യപ്പെടുന്ന അന്വേഷണം നടത്തും, മുഖം നോക്കാതെ നടപടി, സര്‍ക്കാരിന്റെ ഉറപ്പ്

കാമ്പസിനകത്ത് സീനിയര്‍- ജൂനിയര്‍ ആയിട്ടുള്ള വിദ്യാര്‍ഥികള്‍ റാഗിങ് അടക്കമുള്ള കാര്യങ്ങളിലേക്ക് നീങ്ങുന്നത് ഒരിക്കലും അനുവദിക്കാവുന്ന കാര്യമല്ല

വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്‌റെ മരണത്തില്‍ കുടുംബം ആവശ്യപ്പെടുന്ന അന്വേഷണം നടത്തുമെന്ന് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെയുള്ള നടപടി ഉണ്ടാകുമെന്ന ഉറപ്പും മന്ത്രി നല്‍കി. സിദ്ധാര്‍ത്ഥിന്‌റെ വീട് സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മന്ത്രി. ഇതിനകത്ത് രാഷ്ട്രീയം കാണുന്നില്ല. ഇത്തരം സംഭവങ്ങള്‍ ഒരു കാമ്പസിനകത്ത് ഉണ്ടാകാന്‍ പാടില്ലാത്തതാണ്. കാമ്പസിനകത്ത് സീനിയര്‍- ജൂനിയര്‍ ആയിട്ടുള്ള വിദ്യാര്‍ഥികള്‍ റാഗിങ് അടക്കമുള്ള കാര്യങ്ങളിലേക്ക് നീങ്ങുന്നത് ഒരിക്കലും അനുവദിക്കാവുന്ന കാര്യമല്ലെന്നും സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജി ആര്‍ അനില്‍ പറഞ്ഞു.

ഇത് സംഘടനകള്‍ തമ്മിലുള്ള തര്‍ക്കമല്ല, രണ്ട് ബാച്ചിലെ വിദ്യാര്‍ഥികള്‍ തമ്മിലുള്ള പ്രശ്നമാണ്. ഇതിനോടൊന്നും ഒരു തരത്തിലുമുള്ള അനുകൂല നിലപാടും കിട്ടില്ല.

മാതാപിതാക്കളുടെ പരാതികള്‍ കേട്ടതുകൊണ്ടാണ് കര്‍ശന നിലപാടിലേക്കു പോയത്. അവര്‍ക്കുള്ള സംശയത്തിന്‌റെ പിറകേയാണ് അന്വേഷണം ആ ദിശയിലേക്ക് പോകാന്‍ തയ്യാറായത്. സംഭവം ഗൗരവമായി കണ്ടുകൊണ്ടുള്ള നിമനടപടികള്‍ സ്വീകരിക്കും. കുടുംബം ആവശ്യപ്പെടുന്നത് എന്താണോ അതിനെ അടിസ്ഥാനമാക്കിയുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു.

സിദ്ധാര്‍ത്ഥന്റെ മരണം:  കുടുംബം ആവശ്യപ്പെടുന്ന അന്വേഷണം നടത്തും, മുഖം നോക്കാതെ നടപടി, സര്‍ക്കാരിന്റെ ഉറപ്പ്
സിദ്ധാര്‍ത്ഥന്റെ മരണം: ആറുപേര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍; ഡീനിനോട് വിശദീകരണം തേടി, കുടുംബത്തെ സന്ദര്‍ശിക്കാന്‍ ഗവര്‍ണര്‍

സിദ്ധാര്‍ത്ഥിന്‌റെ മരണത്തില്‍ ഡീന്‍ അടക്കമുള്ളവര്‍ക്ക് വീഴ്ച ഉണ്ടായതായി പ്രോ വൈസ്ചാന്‍സ് ലര്‍ കൂടിയായ മന്ത്രി ജെ ചിഞ്ചുറാണിയും പറഞ്ഞിരുന്നു. സിദ്ധാര്‍ത്ഥിന്‌റെ മരണം ബന്ധുക്കളെ അറിയിക്കുന്നതില്‍ വീഴ്ചയുണ്ടായി. കുടുംബം ആവശ്യപ്പെടുന്ന ഏത് അന്വേഷണവും നടത്തുമെന്നും മന്ത്രി പറഞ്ഞു. മരണം കൃത്യമസമയത്ത് അറിയിക്കാത്തത് ആരായാലും അത് തെറ്റ് തന്നെയാണെന്നും ചിഞ്ചുറാണി പറഞ്ഞു.

എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും ഇന്ന് സിദ്ധാര്‍ഥിന്‌റെ വീട് സന്ദര്‍ശിച്ചിരുന്നു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് സിദ്ധാര്‍ത്ഥിന്‌റെ വീട് സന്ദര്‍ശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

സിദ്ധാര്‍ഥന്‌റെ മാതാപിതാക്കള്‍ ഗവര്‍ണര്‍ക്ക് നല്‍കിയ പരാതിയില്‍ പൂക്കോട് വെറ്ററിനറി സര്‍വകലാശാല വൈസ്ചാന്‍സ് ലറോട് ഗവര്‍ണര്‍ വിശദീകരണം തേടിയിട്ടുണ്ട്.

18 പേരാണ് പോലീസിന്‌റെ പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നത്. ഇതില്‍ 10 പേര്‍ പോലിസിന്‌റെ പിടിയിലായിട്ടുണ്ട്. നിലവില്‍ മൂന്ന് പേര്‍ പോലിസിന്‌റെ കസ്റ്റഡിയിലുമുണ്ട്. ഇവരുടെ അറസ്റ്റും ഇന്നുണ്ടാകും.

 കേസിലെ പ്രതികളായ എസ്എഫ്ഐ നേതാക്കളായ അമല്‍ ഇഹ്‌സാന്‍, കെ അരുണ്‍ എന്നിവര്‍ ഇന്നലെ രാത്രി കല്‍പ്പറ്റ ഡിവൈഎസ്പി ഓഫീസില്‍ എത്തി കീഴടങ്ങിയിരുന്നു. കേസിലെ മറ്റൊരു പ്രതിയായ ആസിഫിനെ ന്നലെ കൊല്ലത്തുനിന്ന് പോലീസ് പിടിയിലായിരുന്നു. ഇവരുടെ മൂന്ന് പേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. സംഭവത്തില്‍ മുഖ്യപ്രതി കെ അഖിലിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പാലക്കാട് നിന്ന് കസ്റ്റഡിയിലെടുത്ത അഖിലിനെ വിശദമായി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടായേക്കുമെന്നും പോലീസ് 'ദ ഫോര്‍ത്തിനോട്' പറഞ്ഞു.

ഇക്കഴിഞ്ഞ ഫെബ്രുവരി 18-നാണ് നെടുമങ്ങാട് സ്വദേശിയായ സിദ്ധാര്‍ത്ഥനെ ക്യാമ്പസിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യഘട്ടത്തില്‍ ആത്മഹത്യ ആണെന്ന് കോളേജ് അധികൃതര്‍ വിശദീകരിച്ചെങ്കിലും മരണത്തില്‍ ദുരൂഹത ആരോപിച്ച് സിദ്ധാര്‍ത്ഥന്റെ കുടുംബം രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് കോളേജ് അധികൃതര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ റാഗിങ് നടന്നതായി കണ്ടെത്തിയിരുന്നു. പിന്നാലെയാണ് കോളേജിലെ 12 വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതു കൂടാതെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത ആറു പേരെയും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.

logo
The Fourth
www.thefourthnews.in