'മലയാളികളുടെ മനസ്സില്‍ ഇപ്പോഴും ജാതിവിവേചനമുണ്ട്':
ദളിത് വിമോചനം അധികാരം നല്‍കിയാല്‍ സാധ്യമാകില്ല-കെ രാധാകൃഷ്ണന്‍

'മലയാളികളുടെ മനസ്സില്‍ ഇപ്പോഴും ജാതിവിവേചനമുണ്ട്': ദളിത് വിമോചനം അധികാരം നല്‍കിയാല്‍ സാധ്യമാകില്ല-കെ രാധാകൃഷ്ണന്‍

ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്

മലയാളികളുടെ മനസ്സില്‍ ഇപ്പോഴും ജാതിബോധം ഉണ്ടെന്നുള്ള പരാമര്‍ശവുമായി മന്ത്രി കെ രാധാകൃഷ്ണന്‍. പൊതുമണ്ഡലത്തില്‍ മലയാളികള്‍ ജാതിബോധം പ്രകടിപ്പിക്കില്ലെങ്കിലും അവരുടെ ഉള്ളില്‍ ഇപ്പോഴും ജാതി ബോധത്തിന്റെ അവശേഷിപ്പുകള്‍ കാണാം എന്നായിരുന്നു മന്ത്രിയുടെ മറുപടി. ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ജാതിയെക്കുറിച്ചുള്ള മലയാളികളുടെ കാഴ്ചപ്പാട് മാറിയിട്ടില്ലെന്നും, ജാതിയുടെ പേരില്‍ കേരളത്തിൽ ഇപ്പോഴും വിവേചനമുണ്ടെന്നുമായിരുന്നു മന്ത്രി അഭിപ്രായപ്പെട്ടത്. കോട്ടയത്തെ കെവിന്റെ ദുരഭിമാനക്കൊലയാണ് അതിന് ഉദാഹരണമായി മന്ത്രി ചൂണ്ടിക്കാട്ടിയത്.

ജാതി മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടതുകൊണ്ടാണ് സിപിഐഎമ്മിന് ബംഗാളിനും കേരളത്തിനും അപ്പുറത്തേയ്ക്ക് വളരാന്‍ കഴിയാതെ പോയത് എന്ന് സമ്മതിക്കുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ജാതി വ്യവസ്ഥ അതിന്റെ ഉച്ചസ്ഥായിയിലായിരുന്ന 1920 കളുടെ തുടക്കത്തിലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അതിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇന്ത്യയിലെ ജാതി മനസ്സിലാക്കാതെ പാര്‍ട്ടി പ്രവര്‍ത്തിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

'കെ ആര്‍ നാരായണന്‍, രാം നാഥ് കോവിന്ദ്, ദ്രൗപതി മുര്‍മു എന്നിവരെല്ലാം ദളിതരെ പ്രതിനീധികരിച്ച് രാഷ്ട്രപതി വരെയുള്ള സ്ഥാനങ്ങളിലെത്തി. എന്നിട്ട് ഇന്ത്യയിലെ ദളിതരുടെയും ആദിവാസികളുടെയും അവസ്ഥ മെച്ചപ്പെട്ടോ?

ഇതുവരെ ഒരു ദളിത് നേതാവിന് മാത്രമാണ് സിപിഐഎം പോളിറ്റ് ബ്യൂറോയില്‍ ഇടം ലഭിച്ചിട്ടുള്ളത്. അത് സിപിഐമ്മില്‍ ജാതിവിവേചനം ഉള്ളത് കൊണ്ടാണോ എന്ന ചോദ്യത്തോട് അധികാരം നല്‍കുന്നതിലൂടെ ദളിതരുടെ വിമോചനം സാധ്യമാകില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. ദളിതരെ പരിഗണിക്കുന്നുണ്ടെന്നൊരു പ്രതീതി സൃഷ്ടിക്കാനാണ് മറ്റെല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 'കെ ആര്‍ നാരായണന്‍, രാം നാഥ് കോവിന്ദ്, ദ്രൗപതി മുര്‍മു എന്നിവരെല്ലാം ദളിതരെ പ്രതിനീധികരിച്ച് രാഷ്ട്രപതി വരെയുള്ള സ്ഥാനങ്ങളിലെത്തി. എന്നിട്ട് ഇന്ത്യയിലെ ദളിതരുടെയും ആദിവാസികളുടെയും അവസ്ഥ മെച്ചപ്പെട്ടോ? ഇത്തരം പ്രവര്‍ത്തികളിലൂടെയൊന്നും ദളിതരുടെ വിമോചനം നടക്കാന്‍ സാധ്യതയില്ല'. മന്ത്രി പറഞ്ഞു.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 458 കോടി രൂപയാണ് സഹായധനമായി കേരളത്തിലെ ക്ഷേത്രങ്ങള്‍ നല്‍കുന്നത്

മുന്‍ സുപ്രീംകോടതി ജഡ്ജി ഇന്ദു മല്‍ഹോത്ര കേരള സന്ദര്‍ശനവേളയില്‍ കമ്മ്യൂണിസ്റ്റുകാര്‍ വരുമാനം നോക്കി ക്ഷേത്രങ്ങള്‍ കൈയടക്കാന്‍ ശ്രമിക്കുകയാണെന്ന് പറഞ്ഞ പരാമര്‍ശത്തെ മന്ത്രി എതിര്‍ത്തു. സംസ്ഥാന സര്‍ക്കാര്‍ ക്ഷേത്രങ്ങളില്‍ നിന്ന് ഒരു പൈസ പോലും വാങ്ങുന്നില്ല. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 458 കോടി രൂപയാണ് സഹായധനമായി കേരളത്തിലെ ക്ഷേത്രങ്ങള്‍ നല്‍കുന്നത്. പ്രതിവര്‍ഷം ശബരിമല ക്ഷേത്രത്തിന് 30 കോടി രൂപയാണ് നല്‍കുന്നത്. ക്ഷേത്രത്തിലെ അടിസ്ഥാന സൗകര്യത്തിനും വികസനത്തിനുമെല്ലാം ഫണ്ട് നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എസ്എഫ്ഐയുടെ പല നടപടികളിലും പാർട്ടി ഇടപെടൽ നടത്താൻ തീരുമാനിച്ചിട്ടുണ്ട്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എസ്എഫ്‌ഐ പല ഗുരുതര കുറ്റകൃത്യങ്ങളിലും പ്രതിസ്ഥാനത്താണ് ഇത് അധഃപതനത്തിന്റെ സൂചനയാണോ എന്ന ചോദ്യത്തിന് സംഘടനയെ കുറ്റപ്പെടുത്തേണ്ട കാര്യമില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ഈയിടെയാണ് തൊപ്പി എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന യൂട്യൂബര്‍ കേരളത്തില്‍ വളരെ ചര്‍ച്ചയായത്. ആ യുവാവ് ഈ സമൂഹത്തിന് വേണ്ടി എന്താണ് ചെയ്തത്. പക്ഷേ ആ യുവാവിനെ കാണാന്‍ ഒരു വലിയ ജനക്കൂട്ടം ഒരു സ്ഥലത്ത് തടിച്ച് കൂടി. ഇത്തരത്തിലുള്ള ചില ആളുകള്‍ എസ്എഫ്‌ഐ പോലുള്ള സംഘടനയിലും കയറിക്കൂടിയിട്ടുണ്ട്. അത് കൊണ്ടാണ് ഇത്തരത്തിലുള്ള കാര്യങ്ങള്‍ സംഭവിക്കുന്നത്. ഇത്തരം സംഭവങ്ങളിൽ പാര്‍ട്ടി വ്യാപകമായി ഇടപെടല്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹത്തില്‍ നിന്ന് ഇപ്പോഴും ഡോക്ടര്‍മാരുടെ അഭാവം ഉണ്ട്. അത് ഒരു പക്ഷേ എംബിബിഎസ് പഠനത്തിന്റെ ചിലവ് വഹിക്കാന്‍ സാധിക്കാത്തതിനാലാകില്ലേ എന്നും മന്ത്രിയോട് ചോദിച്ചു. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ നിലവില്‍ വന്നതോടെ എസ്ടി, എസ്‌സി വിഭാഗത്തില്‍ നിന്നുള്ള കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ എംബിബിഎസ് കോഴ്‌സുകളിലേക്ക് പ്രവേശനം നേടുന്നുണ്ടെന്നും കൂടുതൽ ഡോക്ടർമാർ ഉയർന്ന് വരുന്നുണ്ടെന്നുമായിരുന്നു ഇതിനോട് മന്ത്രിയുടെ മറുപടി.

logo
The Fourth
www.thefourthnews.in