'ആര്‍എസ്എസിന്റെ സ്ലീപ്പിങ് ഏജന്റുമാർ'; വി ഡി സതീശനും കെ സുധാകരനുമെതിരെ മുഹമ്മദ് റിയാസ്

'ആര്‍എസ്എസിന്റെ സ്ലീപ്പിങ് ഏജന്റുമാർ'; വി ഡി സതീശനും കെ സുധാകരനുമെതിരെ മുഹമ്മദ് റിയാസ്

ഏക വ്യക്തിനിയമത്തിൽ സിപിഎം സെമിനാർ പരാജയപ്പെടുത്താൻ ശ്രമിച്ചെന്ന് ആക്ഷേപം

പ്രതിക്ഷ നേതാവ് വി ഡി സതീശനും കെപിസിസി പ്രസിഡന്‌റ് കെ സുധാകരനുമെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി മുഹമ്മദ് റിയാസ്. പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും ബി ജെ പിയുടെ സ്ലീപ്പിങ് ഏജന്റുമാരെന്ന് മുഹമ്മദ് റിയാസ് ആരോപിച്ചു. ഏക വ്യക്തി നിയമത്തില്‍ സിപിഎം സംഘടിപ്പിച്ച സെമിനാറില്‍ നേതാക്കള്‍ പങ്കെടുക്കാതിരിക്കാന്‍ ഇവര്‍ ശ്രമിച്ചെന്നാണ് ആക്ഷേപം.

സംസ്ഥാനത്ത് ബിജെപിക്ക് കളമൊരുക്കാനാണ് ഈ നേതാക്കളുടെ ശ്രമമെന്ന് മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി.'' കേരളത്തിലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ സെമിനാര്‍ പരാജയപ്പെടുത്താനും ജനപങ്കാളിത്തം കുറയ്ക്കാനും ശ്രമിച്ചു. വിവിധ മേഖലയിലുള്ളവര്‍ സെമിനാറില്‍ പങ്കെടുക്കാതിരിക്കാനും സെമിനാറിന്റെ ഉദ്ദേശ്യശുദ്ധിയെ ചോദ്യംചെയ്ത് കുപ്രചരണം നടത്താനുമാണ് അവര്‍ ശ്രമിച്ചത്. അവര്‍ ആര്‍എസ്എസിന്‌റെ സ്ലീപ്പിങ് ഏജന്‌റുമാരായി കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്നവരാണ്. യഥാര്‍ഥ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇത്തരക്കാരെ തിരിച്ചറിയണം,'' റിയാസ് പറഞ്ഞു.

മുസ്ലിം വനിതാ സംഘടനകള്‍ക്ക് സെമിനാറില്‍ അവസരം ലഭിച്ചില്ലെന്ന ആരോപണം ശോഭ കെടുത്താന്‍ മാത്രം ലക്ഷ്യമിട്ടെന്നും പ്രചാരണത്തിന് പിന്നില്‍ ആര്‍എസ്എസ് അനുകൂലികളെന്നും മന്ത്രി പറഞ്ഞു. '' മറ്റ് സംസ്ഥാനങ്ങളില്‍ ഇത്തരം പ്രക്ഷോഭങ്ങളും സെമിനാറുകളും നടത്തിയാല്‍ അതിന്റെ പേരില്‍ വേട്ടയാടുകയും അതിനെ ശരിപ്പെടുത്തുകയും ചെയ്യുന്ന സമീപനമാണ് ബിജെപിക്ക്. കേരളത്തില്‍ അത് നടക്കില്ല എന്നതുകൊണ്ടാണ് സെമിനാറിനെ പരിഹസിക്കുന്നത്,'' റിയാസ് പറഞ്ഞു.

സെമിനാര്‍ പരാജയപ്പെടണമെന്ന് ബിജെപി ആഗ്രഹിക്കുന്നത് മനസിലാക്കാം. എന്നാല്‍ ജനപങ്കാളിത്തമില്ലാതാക്കാന്‍ കോണ്‍ഗ്രസ് നേതാക്കളാണ് ശ്രമിച്ചതെന്ന് റിയാസ് കുറ്റപ്പെടുത്തി.

logo
The Fourth
www.thefourthnews.in