'വിദ്യാർഥികളുടെ ഭാവിയിൽ ആശങ്ക വേണ്ട, ചലച്ചിത്ര മേഖലയിൽ വൈദഗ്ധ്യമുള്ളവർ വേറെയുമുണ്ട്': 
അടൂരിനെ തള്ളി ആർ ബിന്ദു

'വിദ്യാർഥികളുടെ ഭാവിയിൽ ആശങ്ക വേണ്ട, ചലച്ചിത്ര മേഖലയിൽ വൈദഗ്ധ്യമുള്ളവർ വേറെയുമുണ്ട്': അടൂരിനെ തള്ളി ആർ ബിന്ദു

അന്വേഷണ കമ്മീഷനുമായി ശങ്കർ മോഹൻ സഹകരിച്ചില്ലെന്ന് മന്ത്രി

കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികളുടെ ഭാവിയിൽ ആശങ്ക വേണ്ടെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. ചലച്ചിത്ര മേഖലയിൽ വൈദഗ്ധ്യമുള്ളവർ വേറെയുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അന്വേഷണ കമ്മീഷൻ ശങ്കർ മോഹനുമായി സംസാരിക്കാൻ തയ്യാറായില്ലെന്ന അടൂരിന്റെ ആരോപണം മന്ത്രി തള്ളി. കമ്മീഷനുമായി ശങ്കർ മോഹൻ സഹകരിച്ചില്ലെന്നും മന്ത്രി വ്യക്തമാക്കി. കമ്മീഷൻ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവരുന്നതിനു മുൻപ് തന്നെ ശങ്കർ മോഹന്‍ രാജിവച്ചു. ഒഴിഞ്ഞുപോകാൻ സർക്കാർ നിർദേശം നൽകുകയോ ശങ്കർ മോഹനെതിരെ എന്തെങ്കിലും നടപടി സ്വീകരിക്കുകയോ ചെയ്തിരുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

സെൻസിറ്റീവായ ഈ വിഷയത്തിൽ അവധാനതയോടെ മാത്രമേ ഇടപെടാവൂ എന്ന് മുഖ്യമന്ത്രി പ്രത്യേകം ഓർമ്മിപ്പിച്ചിരുന്നുവെന്ന് മന്ത്രി

അനുയോജ്യമായ നേതൃത്വമെന്ന നിലയിലാണ് ശങ്കർ മോഹനെയും അടൂരിനെയും നിയമിച്ചത്. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലെ അധ്യാപക - വിദ്യാർഥി- മാനേജ്മെൻറ് ബന്ധത്തെക്കുറിച്ച് ധാരണയുള്ളവരാണ് അന്വേഷണ കമ്മീഷൻ അംഗങ്ങള്‍. അതിനെ അടിസ്ഥാനപ്പെടുത്തിയുള്ള നിർദേശങ്ങളാണ് റിപ്പോർട്ടിൽ. സെൻസിറ്റീവായ ഈ വിഷയത്തിൽ അവധാനതയോടെ മാത്രമേ ഇടപെടാവൂ എന്ന് മുഖ്യമന്ത്രി പ്രത്യേകം ഓർമ്മിപ്പിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു.

അടൂരിന്റെ സമ്മത പ്രകാരമാണ് കമ്മീഷനെയും നിയോഗിച്ചതെന്നും മന്ത്രി പറഞ്ഞു. പ്രശ്നങ്ങൾ വസ്തുനിഷ്ഠമെന്ന് കണ്ട് തന്നെയാണ് റിപ്പോർട്ട് നൽകിയത്. അടൂരിന്റെത് പ്രതിഷേധ രാജി ആണെങ്കില്‍ അതിന് കാരണം കാണുന്നില്ല. പുതിയ ചെയർമാനെ കുറിച്ച് ആലോചന തുടങ്ങിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. അടൂർ പറഞ്ഞ കാര്യങ്ങളിൽ കഴമ്പുണ്ടെങ്കിൽ പരിശോധിക്കാവുന്നതെയുള്ളൂവെന്ന് മന്ത്രി പറഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ടിലെ ജോലിക്കാരിയെ കൊണ്ട് വീട്ടുജോലി ചെയ്യിക്കേണ്ടതില്ല എന്നതാണ് മനുഷ്യനെന്ന രീതിയിൽ തന്റെ അഭിപ്രായമെന്നും ആര്‍ ബിന്ദു വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in