അടിസ്ഥാന വേതനം ഉറപ്പാക്കുമെന്ന് മന്ത്രിമാരുടെ വാഗ്ദാനം; ശിശുസംരക്ഷണ ജീവനക്കാര്‍ നടത്തിയ സമരം ഒത്തുതീര്‍പ്പായി

അടിസ്ഥാന വേതനം ഉറപ്പാക്കുമെന്ന് മന്ത്രിമാരുടെ വാഗ്ദാനം; ശിശുസംരക്ഷണ ജീവനക്കാര്‍ നടത്തിയ സമരം ഒത്തുതീര്‍പ്പായി

അധികമായി ആവശ്യം വരുന്ന തുക സംസ്ഥാന വിഹിതമായി അനുവദിക്കാമെന്നും മന്ത്രിമാര്‍ ഉറപ്പ് നല്‍കി

സംസ്ഥാനത്തെ ശിശുസംരക്ഷണ മേഖലയില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ നടത്തിയ അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു. മന്ത്രിമാരായ കെ എന്‍ ബാലഗോപാലും വീണാ ജോര്‍ജും മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം സിഐടിയു നേതൃത്വവുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍പ്പായത്. ജൂണ്‍ ഒന്നു മുതലായിരുന്നു സംസ്ഥാനത്തെ ശിശുസംരക്ഷണ മേഖലയിലെ ജീവനക്കാര്‍ അനിശ്ചിതകാലം സമരം ആരംഭിച്ചത്.

ജീവനക്കാരുടെ വെട്ടിക്കുറച്ച വേതനം പുനഃസ്ഥാപിക്കുക, കരാര്‍ പുതുക്കുന്നതിലെ കാലതാമസം ഒഴിവാക്കി സമയബന്ധിതമായി പുതുക്കി നല്‍കുക, മൂന്ന് വര്‍ഷ കരാര്‍ നടപ്പിലാക്കുക. ശിശുസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നിയമം അനുശാസിക്കുന്ന തരത്തില്‍ സൊസൈറ്റിയായി പ്രവര്‍ത്തിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു എസിപിഎസ് എംപ്ലോയീസ് യൂണിയന്‍ സമര രംഗത്തിറങ്ങിയത്. ഇടത് തൊഴിലാളി സംഘടനയായ സിഐടിയുവിന്റെ നേതൃത്യത്തിലായിരുന്നു സമരം നടന്നത്. ഇടത് ഭരണത്തില്‍ കീഴില്‍ കേരളത്തിലുടനീളം നടന്ന ഇടത് പക്ഷ സമരമെന്ന പ്രത്യേകതകൂടിയുണ്ടായിരുന്നു ഈ സമരത്തിന്. വനിതാ ശിശുവികസന വകുപ്പിലെ ഭൂരിപക്ഷം വരുന്ന വനിതാ ജീവനക്കാരണ് തൊഴിലവകാശങ്ങള്‍ക്കും ശമ്പളത്തിനുമായി സമരമുഖത്ത് ഉണ്ടായിരുന്നവരിലേറയും.

സെപ്റ്റംബര്‍ മുതല്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ ശമ്പളം പുനഃസ്ഥാപിക്കാനും കേന്ദ്രം നിശ്ചയിച്ചതിന് പുറമേ എല്ലാ ജീവനക്കാര്‍ക്കും അടിസ്ഥാന വേതനം ഉറപ്പാക്കാനും തീരുമാനമായതോടെയാണ് സമരം പിന്‍വലിച്ചത്. അധികമായി ആവശ്യം വരുന്ന തുക സംസ്ഥാന വിഹിതമായി അനുവദിക്കാമെന്നും മന്ത്രിമാര്‍ ഉറപ്പ് നല്‍കി. സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കുന്നത് വരെ പ്രസവാവധി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ വകുപ്പുതലത്തില്‍ പ്രത്യേകമായി പരിഗണിക്കുമെന്നും വ്യക്തമാക്കി. സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദിന്റെ ഇടപെടലിനെ തുടര്‍ന്നാണ് സിഐടിയു നേതൃത്വവുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയത്.

logo
The Fourth
www.thefourthnews.in