അപര്‍ണ ബാലമുരളിയോട് മോശം പെരുമാറ്റം: ലോ കോളേജ്
വിദ്യാര്‍ഥിക്ക് സസ്പെന്‍ഷന്‍

അപര്‍ണ ബാലമുരളിയോട് മോശം പെരുമാറ്റം: ലോ കോളേജ് വിദ്യാര്‍ഥിക്ക് സസ്പെന്‍ഷന്‍

എറണാകുളം ലോ കോളേജ് സ്റ്റാഫ് കൗണ്‍സിലിന്റേതാണ് നടപടി

കോളജ് യൂണിയൻ ഉദ്ഘാടന വേദിയിൽ നടി അപർണ ബാലമുരളിയോട് മോശമായി പെരുമാറിയ വിദ്യാർഥിക്ക് സസ്പെന്‍ഷന്‍. എറണാകുളം ലോ കോളജിലെ അവസാന വർഷ എൽഎൽബി വിദ്യാർഥി വിഷ്ണുവിനെതിരെയാണ് നടപടി. ഒരാഴ്ചത്തേക്കാണ് സസ്പെന്‍ഷന്‍. സ്റ്റാഫ് കൗണ്‍സിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. വിഷയത്തിൽ ലോ കോളജ് പ്രിന്‍സിപ്പല്‍ വിഷ്ണുവിനോട് നേരത്തെ വിശദീകരണം തേടിയിരുന്നു.

കഴിഞ്ഞ ദിവസമാണ് യൂണിയന്‍ ഉദ്ഘാടനത്തോടൊപ്പം തങ്കം സിനിമയുടെ പ്രമോഷന് കൂടി എത്തിയ അപര്‍ണ ബാലമുരളിയോട് ലോ കോളേജിലെ വിദ്യാര്‍ഥി മോശമായി പെരുമാറിയത്. നടിക്ക് പൂ കൊടുക്കാനായി വേദിയില്‍ കയറിയതായിരുന്നു വിദ്യാര്‍ഥി വേദിയില്‍ കയറിവന്ന വിദ്യാര്‍ത്ഥി അപര്‍ണയ്ക്ക് ഷേക്ക്ഹാന്‍ഡ് നല്‍കിയ ശേഷം തോളില്‍ കയ്യിടാന്‍ ശ്രമിച്ചതോടെ നടി അനിഷ്ടം പ്രകടിപ്പിക്കുകയായിരുന്നു.

വിദ്യാര്‍ത്ഥി അപര്‍ണയ്ക്ക് ഷേക്ക്ഹാന്‍ഡ് നല്‍കിയ ശേഷം തോളില്‍ കയ്യിടാന്‍ ശ്രമിച്ചതോടെ നടി അനിഷ്ടം പ്രകടിപ്പിക്കുകയായിരുന്നു

ലോ കോളേജില്‍ നടന്ന സംഭവം വേദനിപ്പിച്ചെന്ന് അപര്‍ണയും പിന്നീട് വ്യക്തമാക്കിയിരുന്നു. '' ഒരു സ്ത്രീയുടെ സമ്മതം ചോദിക്കാതെ അവരുടെ ദേഹത്തു കൈവെയ്ക്കുന്നത് ശരിയല്ലെന്ന് ലോ കോളേജ് വിദ്യാര്‍ത്ഥി മനസിലാക്കിയില്ല. കൈ പിടിച്ച് എഴുന്നേല്‍പ്പിക്കുന്നതേ ശരിയല്ല, പിന്നീടാണ് കൈ ദേഹത്ത് വെച്ചു നിര്‍ത്താന്‍ നോക്കിയത്. ഇതൊന്നും ഒരു സ്ത്രീയോട് കാണിക്കേണ്ട മര്യാദയല്ല'' - അപര്‍ണ ബാലമുരളി അഭിപ്രായപ്പെട്ടു. പരാതിപ്പെടാനില്ലെന്ന് പറഞ്ഞ അപര്‍ണ്ണ സംഘാടകരോട് പരിഭവമില്ലെന്നും വ്യക്തമാക്കിയിരുന്നു. നടന്‍ വിനീത് ശ്രീനിവാസന്‍, സംഗീത സംവിധായകന്‍ ബിജിപാല്‍ അടക്കമുള്ളവരും വേദിയിലിരിക്കെയായിരുന്നു സംഭവം.

അപര്‍ണയോട് വിദ്യാര്‍ഥി മോശമായി പെരുമാറിയതില്‍ ലോ കോളേജ് യൂണിയന്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.പിന്നാലെ വേദിയിൽ വച്ചുതന്നെ സംഘാടകരില്‍ ഒരാളായ വിദ്യാർഥി അപർണയോട് ക്ഷമ ചോദിച്ചു. നടിയോട് മോശമായി പെരുമാറിയ വിദ്യാര്‍ത്ഥിക്ക് എതിരെ നടപടി വേണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. ഖേദം പ്രകടിപ്പിച്ച് കോളജ് യൂണിയൻ രംഗത്തെത്തിയതിന് പിന്നാലെ നടപടി ആവശ്യപ്പെട്ട് കെഎസ് യുവിന്റെ പേരിൽ പോസറ്ററിറക്കുകയും ചെയ്തിരുന്നു.

സംഭവം വിവാദമായതോടെ അപര്‍ണയെ അനുകൂലിച്ചും കണ്‍സന്റിന്റെ പ്രാധാന്യത്തെ മുന്‍നിര്‍ത്തിയും നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രതികരണവുമായി എത്തിയിരിക്കുന്നത്.

logo
The Fourth
www.thefourthnews.in