ലോക പരിസ്ഥിതി ദിനത്തില്‍ 
മിഷന്‍  അരിക്കൊമ്പന്‍ 2.0;  
തമിഴ്നാട് ദൗത്യസംഘം ആനയെ മയക്കുവെടിവച്ച് പിടിച്ചു

ലോക പരിസ്ഥിതി ദിനത്തില്‍ മിഷന്‍ അരിക്കൊമ്പന്‍ 2.0; തമിഴ്നാട് ദൗത്യസംഘം ആനയെ മയക്കുവെടിവച്ച് പിടിച്ചു

ജനവാസമേഖലയില്‍ ഇറങ്ങിയ അരിക്കൊമ്പനെ തമിഴ്നാട് ദൗത്യസംഘം മയക്കുവെടിവച്ച് പിടികൂടി

ലോക പരിസ്ഥിതി ദിനത്തില്‍ വീണ്ടും അരിക്കൊമ്പനുനേരെ മയക്കുവെടി. നാട്ടിലേക്കിറങ്ങിയ ആനയെ തമിഴ്നാട് വനംവകുപ്പാണ് മയക്കു വെടിവച്ചത്. തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്ത് വച്ചാണ് അരിക്കൊമ്പന് മയക്കുവെടിയേറ്റത്. ആന വനത്തിൽ നിന്നും പുറത്തു വന്നപ്പോഴായിരുന്നു വെടിവച്ചത്. അരിക്കൊമ്പനുമായി തിരുനെൽവേലി റൂട്ടിൽ യാത്രചെയ്യുകയാണ് തമിഴ്നാടിന്റെ ദൗത്യസംഘം.

രാത്രി ജനവാസ മേഖലയില്‍ ഇറങ്ങിയതോടെയാണ് മയക്കുവെടി വച്ചത് .രണ്ടു തവണ വെടിയുതിര്‍ത്തപ്പോഴാണ് അരിക്കൊമ്പന്‍ മയങ്ങിയത് . ആരോഗ്യ പരിശോധനക്ക് ശേഷമാകും വനത്തിലേക്കു കടത്തി വിടുക. രാത്രി 12.30 ഓടെയായിരുന്നു രണ്ടാം അരിക്കൊമ്പന്‍ ദൗത്യമാരംഭിച്ചത്. മയങ്ങിത്തുടങ്ങിയ ആനയുടെ കാലുകൾ കെട്ടി ആനിമൽ ആംബുലൻസിൽ കുങ്കിയാനകളുടെ സഹായത്തോടെ വനത്തിനുള്ളിലേക്ക് കടത്തിവിടും.

മേയ് 27ന് കമ്പം ജനവാസ മേഖലയിലേക്കിറങ്ങി അരിക്കൊമ്പന്‍ പരിഭ്രാന്തി പരത്തിയതിനു പിന്നാലെയാണ് മയക്കുവെടിവച്ച് ആനയെ കാട്ടിലേക്ക് മാറ്റാന്‍ തമിഴ്‌നാട് വനം വകുപ്പ് തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി കമ്പം മുന്‍സിപ്പാലിറ്റിയില്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നു. എല്ലാ തയ്യാറെടുപ്പുകളും നടത്തിയെങ്കിലും അരിക്കൊമ്പന്‍ കാട്ടിലേക്ക് മറഞ്ഞതോടെ ആ ദൗത്യം അവസാനിപ്പിക്കുകയായിരുന്നു.

ഇടുക്കി ചിന്നക്കനാലിനെ വിറപ്പിച്ച അരിക്കൊമ്പനെ ഏപ്രില്‍ 29ന് മയക്കുവെടി വച്ച് ആനിമൽ ആംബുലന്‍സില്‍ കൊണ്ട് വന്ന് പെരിയാര്‍ വന്യ ജീവി സങ്കേതത്തിലെത്തിക്കുകയായിരുന്നു . ഉള്‍വനത്തിലേക്കു മറിഞ്ഞ അരിക്കൊമ്പന്‍ ദിവസങ്ങള്‍ക്കുള്ളില്‍ തമിഴ്‌നാട് വനമേഖലയിലെത്തി . പിന്നാലെയാണ് കമ്പത്ത് ജനവാസ മേഖലയിലേക്കിറങ്ങി പ്രശ്‌നമുണ്ടാക്കാന്‍ തുടങ്ങിയത്.

logo
The Fourth
www.thefourthnews.in