ഇനി പെരിയാറിന്റെ കൊമ്പന്‍

ഇനി പെരിയാറിന്റെ കൊമ്പന്‍

ചിന്നക്കനാല്‍ മേഖലയിലെ ജന ജീവിതത്തിന് അരിക്കൊമ്പന്‍ പതിയെ ഭീഷണിയായി

ഇടുക്കി ജില്ലയിലെ ചിന്നക്കനാല്‍, ശാന്തന്‍പാറ, ആനയിറങ്കല്‍ മേഖലകളില്‍ നിരന്തര ശല്യക്കാരനായ ഒരു കാട്ടാനയ്ക്ക് പ്രദേശവാസികള്‍ നല്‍കിയ പേര് അരിക്കൊമ്പന്‍. മുപ്പതിനും നാല്‍പ്പതിനും ഇടയില്‍ പ്രായമുള്ള ഈ കാട്ടാനയ്ക്ക് ഇത്തരം ഒരു പേരുവരാന്‍ കാരണം അതിന്റെ സ്വഭാവം തന്നെയാണ്. ചിന്നക്കനാല്‍ പ്രദേശത്തെ റേഷന്‍ കടകള്‍ക്ക് പേടി സ്വപ്നമായിരുന്നു ഈ കാട്ടാന. റേഷന്‍ കടകളില്‍ കയറി ചാക്കുകണക്കിന് അരിയും ഗോതമ്പും ആട്ടയും പഞ്ചസാരയുമൊക്കെയാണ് അരിക്കൊമ്പന്‍ ഒറ്റയടിക്ക് അകത്താക്കുന്നത്. പലപ്പോഴും കടകള്‍ തകര്‍ക്കപ്പെട്ടു.

ഏകദേശം 30 വയസ്സില്‍ അധികം പ്രായമാണ് അരിക്കൊമ്പന് കണക്കാക്കുന്നത്

ചിന്നക്കനാല്‍ മേഖലയിലെ ജന ജീവിതത്തിന് അരിക്കൊമ്പന്‍ പതിയെ ഭീഷണിയായി. പതിയെ അക്രമങ്ങള്‍ വാര്‍ത്തകളായി. അരിക്കൊമ്പന്‍ കേരളം ചര്‍ച്ച ചെയ്യുന്ന തലക്കെട്ടായി മാറുകയും ചെയ്തു. കുറ്റങ്ങള്‍ എറെയായിരുന്നു അരിക്കൊമ്പന് എതിരെ ജനങ്ങള്‍ ഉയര്‍ത്തിയത്. അതില്‍ റേഷന്‍ കട തകര്‍ക്കല്‍ മുതല്‍ കൊലക്കേസ് വരെ ഉള്‍പ്പെട്ടു. കൊച്ചി- ധനുഷ്‌കോടി ദേശീയ പാതയില്‍ വന്ന ലോറി തടഞ്ഞു നിര്‍ത്തി സാധനങ്ങളെല്ലാം അകത്താക്കിയതുള്‍പ്പെടെ ഇതില്‍ പെടുന്നു.

അരിക്കൊമ്പന്‍ ദൗത്യം
അരിക്കൊമ്പന്‍ ദൗത്യം

നായകനോ വില്ലനോ

കഥകള്‍ നിരവധിയാണ് അരിക്കൊമ്പനെ കുറിച്ച് നിലവിലുള്ളത്. കാടിറങ്ങി കൃഷി നശിപ്പിച്ചും, കടകളും, വീടുകളും നശിപ്പിച്ചു, ആളുകളെ ആക്രമിച്ചും ഒരു ആക്രമകാരിയായ ആനയായിട്ടായിരുന്നു അരിക്കൊമ്പനെ കേരളം അറിഞ്ഞു തുടങ്ങിയത്. പതിയെ വാര്‍ത്തകള്‍ക്ക് മറ്റൊരു മുഖവും കൈവന്നു. അതില്‍ മാതൃസ്‌നേഹവും, സൗഹൃദവും, കരുത്തും നിറയുന്ന നായകനായി അരിക്കൊമ്പന്‍.

മരണ സമയത്ത് അമ്മയ്ക്കൊപ്പം കൂടെ നിന്നവന്‍, അമ്മ ചെരിഞ്ഞ സ്ഥലം കാണാന്‍ എല്ലാ വര്‍ഷവും എത്തുന്നവന്‍ എന്നിങ്ങനെയുള്ള പ്രതിച്ഛായകളെല്ലാം നായക പരിവേഷത്തിന് ശക്തികൂട്ടി. അരിക്കൊമ്പനൊപ്പം കാടിറങ്ങിയ ചക്കക്കൊമ്പന്‍ എന്ന ആനയുമായി ചേര്‍ത്തായിരുന്നു സൗഹൃദങ്ങളുടെ കഥകള്‍. ചിന്നക്കനാല്‍ മേഖലയില്‍ പതിവായി കാണപ്പെടാറുള്ള ആനക്കൂട്ടത്തെ നയിച്ചും പലപ്പോഴും അരിക്കൊമ്പന്‍ ജനങ്ങള്‍ക്കിടയിലേക്കെത്തി.

അരിക്കൊമ്പന്റെ അതിക്രമങ്ങളെ കുറിച്ച് ഒരുപാട് പറയാനുണ്ട് ചിന്നക്കനാല്‍ നിവാസികള്‍ക്ക്. ആനയുടെ ആക്രമണത്തില്‍ ജീവനും ജീവിതോപാധികളും നഷ്ടപ്പെട്ടവര്‍. അപ്പോഴും അരിക്കൊമ്പന്‍ അവര്‍ക്ക് സഹജീവിയായിരുന്നു. ഒടുവില്‍ സ്വതന്ത്രമായി വിഹരിച്ച കാട്ടില്‍ നിന്നും അരിക്കൊമ്പനെ ബലം പ്രയോഗിച്ച് നാടുകടത്തിയപ്പോള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ കണ്ണു നിറഞ്ഞ് നിന്നതും അതേ നാട്ടുകാരില്‍ പെട്ടവരായിരുന്നു.

ശല്യം രൂക്ഷമായപ്പോള്‍ പിന്നീട് ഹൈക്കോടതി വരെ ഇടപെടാന്‍ തുടങ്ങി

മയക്കുവെടിയ്ക്ക് മുന്നില്‍ വീഴാത്ത ഇരട്ടച്ചങ്കന്‍

ഇതാദ്യമായല്ല അരിക്കൊമ്പനെ പിടിച്ചു കെട്ടാന്‍ വനം വകുപ്പ് രംഗത്തിറങ്ങുന്നത്. അരിക്കൊമ്പന്റെ ശല്യം രൂക്ഷമായപ്പോള്‍ 2017 ല്‍ പിടികൂടാന്‍ ശ്രമിച്ചതാണ്. രണ്ട് തവണ മയക്കുവെടി വച്ചു. കലിം, വെങ്കിടേഷ് എന്നീ ശക്തരായ കുങ്കിയാനകളെ എത്തിക്കുകയും ചെയ്തു. എന്നാല്‍ പല തവണ മയക്കുവെടി വച്ചിട്ടും പൂര്‍ണമായി മയങ്ങാതിരുന്നതിനാല്‍ തളയ്ക്കാനുള്ള പദ്ധതി പാളുകയായിരുന്നു. ആദ്യത്തെ വെടിയില്‍ അല്‍പം മയങ്ങി നിന്ന ശേഷം പിന്നീട് ഓടിപ്പോവുകയാണുണ്ടായത്. അഞ്ച് തവണയായിരുന്നു അന്ന് അരിക്കൊമ്പന് നേരെ മയക്കുവെടി വച്ചത്. വെടിയേറ്റ ആന മരത്തില്‍ ചാരി നിന്ന് അല്‍പ നേരം മയങ്ങുക മാത്രമായിരുന്നു അന്നുണ്ടായത്. പിന്നീട് കാട്ടിലേക്ക് മറയുകയും ചെയ്തു.

ഇനി പെരിയാറിന്റെ കൊമ്പന്‍
ചിന്നക്കനാലിനെ വിറപ്പിക്കുന്ന ആനകളെ എങ്ങനെ തിരിച്ചറിയാം

കോടതി കയറിയ അരിക്കൊമ്പന്‍ ദൗത്യം

ആനയെ മയക്കുവെടിവച്ച് പിടിച്ച് കോടനാട് ആനക്കൂട്ടിലേക്ക് മാറ്റാനുള്ള സര്‍ക്കാര്‍ തീരുമാനമാണ് വിഷയം ഹൈക്കോടതിയുടെ മുന്നിലെത്തിച്ചത്. മൃഗസംരക്ഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം പീപ്പിള്‍ ഫോര്‍ ആനിമല്‍സ്, തൃശ്ശൂര്‍ വാക്കിങ് ഐ ഫൗണ്ടേഷന്‍ ഫോര്‍ ആനിമല്‍ ആഡ്വകസി എന്നീ സംഘടനകളാണ് കോടതിയെ സമീപിച്ചത്. പ്രത്യേക സിറ്റിങ് നടത്തിയാണ് ഹൈക്കോടതി വിഷയം പരിഗണിച്ചത്.

അരിക്കൊമ്പനെ പിടികൂടാനുള്ള എല്ലാ തയ്യാറെടുപ്പും വനംവകുപ്പ് സ്വീകരിച്ചിരുന്നെങ്കിലും ഹൈക്കോടതി ഇടപ്പെട്ട് മാര്‍ച്ച് 29 വരെ വിലക്കി. പ്രത്യേക സിറ്റിങ് നടത്തിയാണ് ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റ്റ്റിസ് പി ഗോപിനാഥ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

ചിന്നക്കനാലില്‍ 301 കോളനിയില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിനെപ്പറ്റി ആലോചിച്ചു കൂടെ എന്ന് ഹൈക്കോടതി ചോദിച്ചു. ആനയുടെ സഞ്ചാര പാതയിലും ആവാസ മേഖലയിലും എന്തിനാണ് സര്‍ക്കാര്‍ മനുഷ്യനെ പാര്‍പ്പിച്ചതെന്നും റീസെറ്റില്‍മെന്റ് നടത്തുമ്പോള്‍ ഇത് ആനകളുടെ ആവാസമേഖലയെന്ന് അറിയാമായിരുന്നില്ലേയെന്നും കോടതി ചോദിച്ചിരുന്നു.

ഇനി പെരിയാറിന്റെ കൊമ്പന്‍
ആനപ്പേടിയിലെ ആകാശ ജീവിതം
ഇത്രയും അപകടകാരിയായ ആനയെ എങ്ങോട്ട് മാറ്റും എന്നതായിരുന്നു പിന്നീട് നടന്ന ചര്‍ച്ച

മനുഷ്യ ജീവന്റെയും, നഷ്ടങ്ങളുടെയും കണക്ക് നിരത്തി വനം വകുപ്പ്

മനുഷ്യവാസത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന അരിക്കൊമ്പനെ പ്രദേശത്ത് നിന്ന് മാറ്റിയേ തീരൂവെന്നായിരുന്നു വനം വകുപ്പ് സ്വീകരിച്ച നിലപാട്. കഴിഞ്ഞ മൂന്നുമാസത്തിനുളളില്‍ അരിക്കൊമ്പന്‍ മൂന്ന് റേഷന്‍ കടകള്‍ തകര്‍ത്തു. 22 വീടുകള്‍ക്കും ആറ് കെട്ടിടങ്ങള്‍ക്കും കേടുപാടുണ്ടാക്കിയെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. പ്രദേശവാസികളില്‍ നിന്നുയരുന്ന പ്രതിഷേധത്തെ കുറിച്ചും സത്യവാങ്മൂലത്തില്‍ സൂചിപ്പിക്കുന്നു. 2005 മുതല്‍ 34 പേരാണ് കാട്ടാന ആക്രമണത്തില്‍ ചിന്നക്കനാലില്‍ കൊല്ലപ്പെട്ടതെന്നും വനംവകുപ്പ് വിശദീകരിച്ചു.

ആരെയും ഒന്നിനെയും പേടിയില്ലാത്ത അരിക്കൊമ്പനെ വെടിവച്ച് ഓടിക്കാന്‍ ശ്രമിക്കുന്നതും വെറുതെയാണ്. അങ്ങനെ മനുഷ്യവാസത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന അരിക്കൊമ്പനെ പ്രദേശത്ത് നിന്ന് മാറ്റിയേ തീരുവെന്ന് വനം വകുപ്പ് വ്യക്തമാക്കി. ഇത്രയും അപകടകാരിയായ ആനയെ എങ്ങോട്ട് മാറ്റും എന്നതായിരുന്നു പിന്നീട് നടന്ന ചര്‍ച്ച. മാറ്റാന്‍ തീരുമാനിച്ച പല സ്ഥലങ്ങളിലും നിന്നും എതിര്‍പ്പും ഉയര്‍ന്ന് വന്നു.

ട്രോളുകളിലും വാര്‍ത്തകളിലും അരിക്കൊമ്പന്‍ മാത്രമായി

സിനിമയെ വെല്ലുന്ന ദൗത്യം

അവസാനം പിടികൂടുന്നതും സിനിമയിലെ ക്ലൈമാക്‌സുകളെ വെല്ലുന്ന രീതിയിലാണ്. ആദ്യ ദിവസം മയക്കുവെടി വയ്ക്കാനുള്ള സന്നാഹങ്ങളുമായി എത്തിയ ദൗത്യത്തെ കബളിപ്പിച്ച് കൊണ്ട് അരിക്കൊമ്പന്‍ അപ്രത്യക്ഷനായി. ഇതെല്ലാം നായകനെന്ന പരിവേഷത്തിന് മോടി കൂട്ടി. ട്രോളുകളിലും വാര്‍ത്തകളിലും അരിക്കൊമ്പന്‍ മാത്രമായി.

പിടികൂടിയതിങ്ങനെ

  • വനംവകുപ്പിന്റെ സീനിയര്‍ വെറ്റിനറി ഓഫീസര്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് അരിക്കൊമ്പനെ മയക്കുവെടിവെച്ചത്.

  • ശനിയാഴ്ച രാവിലെ 11.54-നാണ് അരിക്കൊമ്പന് ആദ്യ മയക്കുവെടിയേറ്റത്

  • രണ്ടാമത്തെ ഡോസ് 12.43 ന്. തുടരെ മൂന്നാമത്തെയും നാലാമത്തെയും അഞ്ചാമത്തെയും ഡോസ് രണ്ടുമണിയോടെ നല്‍കി. ഇതോടെയാണ് ആന മയങ്ങിയത്.

  • കുങ്കിയാനകളുടെ സഹായത്തോടെ ലോറിയിലേക്ക് കയറ്റി.

  • ലോറിയിലേക്ക് കയറ്റുന്നതിനിടെ പ്രദേശത്ത് കനത്തമഴ

  • കോന്നി സുരേന്ദ്രന്‍, സൂര്യന്‍, കുഞ്ചു, വിക്രം എന്നീ നാല് കുങ്കിയാനകളാണ് ഓപ്പറേഷന്‍ അരിക്കൊമ്പനില്‍ പങ്കെടുത്തത്.

  • ആനയെ വിജയകരമായി ലോറിയില്‍ കയറ്റി റേഡിയോ കോളര്‍ ഘടിപ്പിച്ചു.

അഭിനന്ദനവുമായി വനം മന്ത്രി

ഇടുക്കി ചിന്നക്കനാല്‍ മേഖലയില്‍ ഭീതി പരത്തിയ അരിക്കൊമ്പന്‍ എന്ന കാട്ടാനയെ മയക്കുവെടിവെച്ച ദൗത്യസംഘത്തിലെ ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നതായി വനംമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.

ഇനി പെരിയാറിന്റെ കൊമ്പന്‍

ചിന്നക്കനാല്‍ വിട്ടെങ്കിലും അരിക്കൊമ്പന് ആശ്വസിക്കാം, എല്ലാ സ്വാതന്ത്ര്യങ്ങളും നഷ്ടപ്പെട്ട് കൂട്ടിലടയ്ക്കപ്പെട്ടില്ല എന്നതില്‍. മറ്റൊരിടത്ത് പെരിയാര്‍ വന്യ ജീവി സങ്കേതത്തില്‍ സ്വതന്ത്രനായി വിഹരിക്കാം. ചിന്നക്കനാലില്‍ നിന്നും നൂറിലധകം കിലോമീറ്ററോളം അകലെ പെരിയാര്‍ വന്യ ജീവി സങ്കേതതത്തിലേക്ക് എത്തിയ അരിക്കൊമ്പനെ പൂജയും മറ്റും നടത്തിയായിരുന്നു വനം വകുപ്പ് സ്വീകരിച്ചത്. മാസങ്ങളായി പിന്തുടര്‍ന്ന ക്യാമറ കണ്ണുകളെയും മറികടന്ന് അരിക്കൊമ്പന്‍ വീണ്ടും ഉള്‍ക്കാട്ടിലേക്ക്.

logo
The Fourth
www.thefourthnews.in