പ്രളയ രക്ഷാപ്രവർത്തനത്തിനിടെ ജീവൻ 
നഷ്ടപ്പെട്ടയാളുടെ കുടുംബത്തിന് വീട് നൽകി മോഹൻലാൽ;  താക്കോൽ കൈമാറി

പ്രളയ രക്ഷാപ്രവർത്തനത്തിനിടെ ജീവൻ നഷ്ടപ്പെട്ടയാളുടെ കുടുംബത്തിന് വീട് നൽകി മോഹൻലാൽ; താക്കോൽ കൈമാറി

വിശ്വശാന്തി ഫൗണ്ടേഷനാണ് വീട് വച്ച് നൽകിയിരിക്കുന്നത്

2019 ലെ പ്രളയത്തിലെ രക്ഷാപ്രവർത്തനത്തിനിടെ ജീവൻ നഷ്ടപ്പെട്ട കോഴിക്കോട് സ്വദേശി ജിനുവിന്റെ കുടുംബത്തിന് വീട് നൽകി മോഹൻലാൽ. മാതാപിതാക്കളുടെ പേരിൽ മോഹൻലാൽ ആരംഭിച്ച ചാരിറ്റബിൾ ട്രസ്റ്റായ വിശ്വശാന്തി ഫൗണ്ടേഷന്റെ ശാന്തിഭവനം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വീട് നിർമിച്ച് നൽകിയത്. മോഹൻലാലിന്റെ ജന്മദിനമായ ഇന്ന് ചെന്നൈയിൽ വച്ചായിരുന്നു താക്കോൽ കൈമാറ്റം. ഒരുപാട് പേരുടെ ജീവൻ രക്ഷിച്ച നായകനും കുടുംബത്തിനും ആദരമെന്നും മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു

വിശ്വശാന്തി ഫൗണ്ടേഷൻ നിർമിച്ച് നൽകുന്ന രണ്ടാമത്തെ വീടാണിത്. താക്കോൽ ദാന ചടങ്ങിൽ മോഹൻലാലിനൊപ്പം ഭാര്യ സുചിത്ര, സംവിധായകൻ മേജർ രവി, നിർമാതാവ് ആന്റണി പെരുമ്പാവൂർ എന്നിവരും പങ്കെടുത്തു.

കോഴിക്കോട് സ്വദേശിയായ ലിനു , ചാലിയാർ കരകവിഞ്ഞ് ഒറ്റപ്പെട്ടുപോയ ഭാഗത്ത് രക്ഷാപ്രവർത്തനം നടത്താൻ പോയപ്പോഴാണ് അപകടത്തിൽപ്പെട്ട് ജീവൻ നഷ്ടമായത്. രക്ഷാപ്രവർത്തനത്തിനായി രണ്ടു സംഘമായി തോണികളിൽ പുറപ്പെട്ടതായിരുന്നു ലിനുവും സംഘവും. തിരികെ വന്നപ്പോഴാണ് ലിനുവിനെ കാണാനില്ലെന്ന വിവരം സുഹൃത്തുകൾ അറിയുന്നത്. തുടർന്ന് അഗ്നിരക്ഷാസേന നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ലിനുവിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ വിശ്വശാന്തി ഫൗണ്ടേഷൻ പ്രതിനിധിയായി ചെറുവണ്ണൂരിലെ വീട്ടിലെത്തിയ മേജർ രവി അന്ന് തന്നെ കുടുംബത്തിന്റെ കടബാധ്യത ഏറ്റെടുക്കുന്നതായും, വീട് വച്ച് നൽകുമെന്നും അറിയിച്ചിരുന്നു

logo
The Fourth
www.thefourthnews.in