കേരളത്തില്‍ കാലവര്‍ഷമെത്തി; 
കോഴിക്കോട് ഇന്ന് ഓറഞ്ച് അലര്‍ട്ട്,  ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കേരളത്തില്‍ കാലവര്‍ഷമെത്തി; കോഴിക്കോട് ഇന്ന് ഓറഞ്ച് അലര്‍ട്ട്, ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത 24 മണിക്കൂറിനുള്ളില്‍ മഴ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കും

സംസ്ഥാനത്ത് കാലവര്‍ഷം എത്തിയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒരാഴ്ച വൈകിയാണ് കാലവര്‍ഷം എത്തിയതെങ്കിലും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് മഴ വ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത 24 മണിക്കൂറിനുള്ളില്‍ മഴ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കും.

കോഴിക്കോട് ജില്ലയിൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

കിഴക്കന്‍ അറബിക്കടലിന് മുകളില്‍ ബിപോര്‍ജോയ് അതി തീവ്രചുഴലിക്കാറ്റായി സ്ഥിതി ചെയ്യുന്നുണ്ട്. അടുത്ത 48 മണിക്കൂറിൽ വീണ്ടും ശക്തി പ്രാപിക്കുന്ന ബിപോർജോയ് തുടർന്നുള്ള മൂന്ന് ദിവസം വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കും. നിലവില്‍ ഗോവ തീരത്ത് നിന്ന് 860 കി.മീ അകലെയായുള്ള ബിപോര്‍ജോയ് ചുഴലിക്കാറ്റിന് മണിക്കൂറില്‍ 160 കി.മിയാണ് വേഗം. കേരളത്തില്‍ ശരാശരി മഴ ലഭിക്കുന്നതിനുള്ള എല്ലാ അന്തരീക്ഷ ഘടകങ്ങളും അനകൂലമാണെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

ജൂണ്‍ ഒന്‍പതിന് 10 ജില്ലകളിലും 10ന് ആറ് ജില്ലകളിലും ജൂണ്‍ നാലിന് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചത്. എന്നാല്‍ മൂന്നുദിവസം കഴിഞ്ഞാണ് എത്തിയത്. കേരളത്തില്‍ ശരാശരി മഴ ലഭിക്കുന്നതിനുള്ള എല്ലാ അന്തരീക്ഷ ഘടകങ്ങളും അനകൂലമാണെന്നും കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കുന്നു.

തെക്കുകിഴക്കൻ അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ട് ശക്തിപ്രാപിച്ച് അടുത്ത രണ്ട് ദിവസത്തിനുള്ളിൽ കേരളത്തിൽ മൺസൂൺ എത്തുമെന്ന് ജൂൺ അഞ്ചിന് കാലാവസ്ഥാ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. തെക്കുകിഴക്കൻ മൺസൂൺ കഴിഞ്ഞ വർഷം മെയ് 29ന് സംസ്ഥാനത്തെത്തിയിരുന്നു.

logo
The Fourth
www.thefourthnews.in