കേരള സർവകലാശാല
കേരള സർവകലാശാല

സർക്കാരിന്റേത് ദുർവിനിയോഗമോ? സർവകലാശാലകൾക്കുള്ള പ്രതിമാസ ഗ്രാന്റ് എവിടെ?

ഇത്തവണ സർക്കാർ ശമ്പളവും പെൻഷനും നൽകിയത് നിയമവിരുദ്ധമായിട്ടെന്ന് പി എസ് ശശികുമാർ

ഉന്നതവിദ്യാഭ്യാസത്തെ ലോകോത്തര നിലവാരത്തിൽ എത്തിച്ചുവെന്ന് സംസ്ഥാന സർക്കാർ അവകാശപ്പെടുമ്പോഴും സാമ്പത്തിക പ്രതിസന്ധിയിൽ വലയുകയാണ് കേരളത്തിലെ സർവകലാശാലകൾ. ആദ്യമായി സംസ്ഥാനത്തെ സർവകലാശാലകൾക്കുള്ള സർക്കാറിൻറെ പ്രതിമാസ ഗ്രാന്റ് തടസപ്പെട്ടിരിക്കുകയാണ്. ഇതോടെ അക്കാദമിക് പ്രവർത്തനങ്ങൾ താളം തെറ്റുകയും കടുത്ത പ്രതിസന്ധിയിലേക്ക് സർവകലാശാലകൾ കൂപ്പുകുത്തുകയും ചെയ്തു.

സർവകലാശാലകളുടെ പ്രവർത്തനങ്ങൾക്കുള്ള ഇന്റേണൽ റിസോഴ്സ് ഒഴികെയുള്ള ബാക്കി തുക നൽകുന്നത് സർക്കാരാണ്. ഈ ഗ്രാന്റിൽ നിന്നാണ് അധ്യാപകർക്കും മറ്റ് ജീവനക്കാർക്കുമുള്ള പ്രതിമാസ ശമ്പളവും പെൻഷനും നൽകുന്നത്. ജൂലൈ 22ന് സർവകലാശാലകൾക്ക് പ്രതിമാസ ഗ്രാൻന്റ് അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇറക്കിയിരുന്നു. എന്നാൽ സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണം ഗ്രാന്റ് തുക നൽകുവാൻ ധനവകുപ്പ് അനുമതി നൽകിയില്ല.

ഗ്രാന്റ് എന്തുകൊണ്ടു മുടങ്ങി?

കേരള സർവകലാശാലയ്ക്ക് 30 കോടി, കാലിക്കറ്റ് സർവകലാശാലയ്ക്ക് 20 കോടി, എംജിക്ക് 16 കോടി, കുസാറ്റിന് 14കോടി, സംസ്കൃത സർവകലാശാലയ്ക്ക് ആറ് കോടി, കണ്ണൂർ സർവകലാശാലയ്ക്ക് അഞ്ചുകോടി എന്നിങ്ങനെ 91 കോടി രൂപയാണ് കേരളത്തിലെ മുഴുവൻ സർവകാലശാലകൾക്കുമായി പ്രതിമാസം സർക്കാർ അനുവദിച്ചിരിക്കുന്ന ഗ്രാൻഡ്. എന്നാൽ ഇത്തവണ ഗ്രാൻഡ് നൽകുന്നതിൽ കാലതാമസം നേരിട്ടത് വലിയ തോതിൽ ആശങ്ക ഉയർത്തുകയാണ്.

പുതുതായി സർവ്വകലാശാലകൾ ആരംഭിച്ചതും വ്യാപക അധ്യാപക നിയമനങ്ങളും സർക്കാരിന്റെ ഖജനാവ് കാലിയാക്കി. കൂടാതെ, നിലവിലെ യൂണിവേഴ്സിറ്റികളുടെ വരുമാന മാർഗമായ ഡിസ്റ്റന്റ് എഡ്യൂക്കേഷൻ പിൻവലിച്ച് ഓപ്പൺ യൂണിവേഴ്സിറ്റികൾ ആരംഭിച്ചത്, ആഭ്യന്തര വരുമാനം കുറയാൻ കാരണമായെന്നും കേരള യൂണിവേഴ്സിറ്റി മുൻ രജിസ്ട്രാർ പി എസ് ശശികുമാർ വ്യക്തമാക്കി.

സംസ്ഥാന സർക്കാർ സമാഹരിക്കുന്ന ഫണ്ടുകള്‍ ദുർവിനിയോഗം ചെയ്യുന്നതുമൂലമാണ് സർവകലാശാലകൾക്കുള്ള ഗ്രാൻഡ് തടസപ്പെട്ടത്; പി എസ് ശശികുമാർ

അതേസമയം, ഇത്തവണ സർക്കാർ ശമ്പളവും പെൻഷനും നൽകിയത് നിയമവിരുദ്ധമായിട്ടാണെന്ന് ശശികുമാർ പറഞ്ഞു. സർവകലാശാലകളുടെ തനത് ഫണ്ടോ, യുജിസി അനുവദിച്ചിട്ടുള്ള പദ്ധതി ഫണ്ടോ ബാങ്കിൽ നിന്ന് ഓവർ ഡ്രാഫ്റ്റെടുത്തോ ശമ്പളവും പെൻഷനും നൽകാനായിരുന്നു സർക്കാർ നിർദ്ദേശം. അതുപ്രകാരം ഈ മാസം ശമ്പളവും പെൻഷനും നൽകിയെങ്കിലും ഈ നില തുടരുകയാണെങ്കിൽ പ്രശ്നം ഗുരുതരമാകുമെന്നും ശശികുമാർ വ്യക്തമാക്കി.

ബജറ്റിൽ ഫണ്ട് വകയിരുത്തുന്നുണ്ടെങ്കിലും അതനുസരിച്ച് ഫണ്ട് നൽകുവാൻ സർക്കാരിന് സാധിക്കുന്നില്ല. സംസ്ഥാന സർക്കാർ സമാഹരിക്കുന്ന ഫണ്ടുകള്‍ ദുർവിനിയോഗം ചെയ്യുന്നതുമൂലമാണ് സർവകലാശാലകൾക്കുള്ള ഗ്രാൻഡ് തടസപ്പെട്ടതെന്നും നോൺ ബാങ്ക് ഗ്രാൻഡ് ലഭിച്ചില്ലെങ്കിൽ അക്കാദമിക് പ്രവർത്തനങ്ങൾ താറുമാറാകുമെന്നും അധ്യാപകരുടെയും മറ്റ് ജീവനക്കാരുടെയും കൊഴിഞ്ഞുപോക്കിന് കാരണമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

അന്താരാഷ്ട്ര നിലവാരത്തിൽ വിദ്യാഭ്യാസ മേഖല എത്തുന്നത് അഭിമാനകരമായ നേട്ടമാണ്. എന്നാൽ ഈ നേട്ടത്തിനരികിൽ എത്തിച്ചവരെ കൈവിടുന്നത് തകർച്ചയ്ക്ക് വഴിതെളിക്കും. അതിനാൽ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് സർക്കാർ അടിയന്തിരമായി നടപടി സ്വീകരിക്കേണ്ടത്.

logo
The Fourth
www.thefourthnews.in