മൂക്കന്നൂർ കൂട്ടക്കൊല കേസ്: പ്രതി ബാബുവിന് വധശിക്ഷയും ഇരട്ട ജീവപര്യന്തവും

മൂക്കന്നൂർ കൂട്ടക്കൊല കേസ്: പ്രതി ബാബുവിന് വധശിക്ഷയും ഇരട്ട ജീവപര്യന്തവും

സ്വത്ത് തർക്കത്തിൻ്റെ പേരിൽ സഹോദരനെയടക്കം മൂന്ന് പേരെയാണ് പ്രതി ബാബു വെട്ടിക്കൊന്നത്

പ്രമാദമായ അങ്കമാലി മൂക്കന്നൂരിൽ സഹോദരൻ ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്നുപേരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതി ബാബുവിന് വധശിക്ഷ. സഹോദരൻ ശിവന്റെ മകൾ സ്മിതയെ കൊലപ്പെടുത്തിയ കേസിലാണ് വധശിക്ഷ. ശിവൻ, ഭാര്യ വത്സല എന്നിവരെ കൊലപ്പെടുത്തിയ കേസിൽ ഇരട്ട ജീവപര്യന്തം തടവുമാണ് ശിക്ഷ. സ്മിതയുടെ മകനെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് 10 വർഷം തടവും അനുഭവിക്കണം. ഇതിനൊപ്പം വിവിധ വകുപ്പുകളിലായി 4.14 ലക്ഷം രൂപ പിഴയൊടുക്കുകയും വേണം.

എറണാകുളം ജില്ലാ സ്പെഷൽ കോടതി വിധിച്ച ജഡ്ജി കെ സോമനാണ് ശിക്ഷ വിധിച്ചത്. വിധി സ്വാഗതം ചെയ്യുന്നതായി പബ്ലിക് പ്രോസിക്യൂട്ടർ ബിന്ദു പറഞ്ഞു. കേസില്‍ ഒന്നര വർഷത്തോളം വാദം നടന്നു. മുറിവുകളാണ് കേസിലെ പ്രധാന തെളിവുകൾ.

കുടുംബസ്വത്ത് വീതം വയ്ക്കുന്നതുമായി ബന്ധപ്പെട്ട വിൽപ്പത്രത്തെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലയില്‍ കലാശിച്ചത്

2018 ഫെബ്രുവരി 11നായിരുന്നു കേസിനാസ്പദമായ സംഭവം. സ്വത്ത് തർക്കത്തിന്റെ പേരിലാണ് സഹോദരനെയടക്കം മൂന്ന് പേരെ പ്രതി ബാബു വെട്ടിക്കൊന്നത്. കൊലപാതകം, കൊലപാതകശ്രമം ഉൾപ്പെടെ ആറ് കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരുന്നത്. പ്രതിക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു.

ബാബു മറ്റ് കേസുകളിൽ ഉൾപ്പെട്ടിട്ടില്ലെന്നും ജയിലിലെ നല്ല നടപ്പ് പരിഗണിക്കണമെന്നും പ്രതിഭാഗവും വാദിച്ചു. തന്റെ അച്ഛൻ മരിച്ചശേഷം മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്നുവെന്നും ഇതിന് ചികിത്സയിലാണെന്നും ബാബു കോടതിയെ അറിയിച്ചിരുന്നു. കുടുംബപശ്ചാത്തലം പരിഗണിക്കണം. കുറ്റകൃത്യത്തിനു മുമ്പ് സമൂഹത്തിൽ വിലയുള്ള ആളായിരുന്നു എന്നാൽ അമ്മയുടെ സ്വത്തുമായ ബന്ധപ്പെട്ട തർക്കത്തിൽ സംഭവിച്ചുപോയതാണെന്നും പ്രതിഭാഗം വാദം ഉന്നയിച്ചിരുന്നു.

കുടുംബസ്വത്ത് വീതം വയ്ക്കുന്നതുമായി ബന്ധപ്പെട്ട വിൽപ്പത്രത്തെ ചൊല്ലിയുണ്ടായ തർക്കമാണ് മൂന്നുപേരുടെ കൊലപാതകത്തിന് വഴിയായത്. സഹോദരനെയും കുടുംബത്തെയും കൊല്ലുകയെന്ന ലക്ഷ്യത്തോടെ മൂന്നു പേരുടെയും തലയ്ക്ക് പ്രതി പലപ്രാവശ്യം വെട്ടുകയായിരുന്നു.

ശിവനെ വീട്ടുമുറ്റത്തുവെച്ചും ഭാര്യ വത്സലയെ വീട്ടിനകത്ത് വെച്ചും സ്‌മിതയെ കുളിമുറിയിൽ വെച്ചുമാണ് പ്രതി വെട്ടി കൊലപ്പെടുത്തിയത്. സ്മിതയുടെ ഇരട്ടകുട്ടികളായ അപർണയ്ക്കും അശ്വിനും ആക്രമണത്തിൽ പരുക്കേറ്റിരുന്നു. കേസിൽ അഞ്ച് വർഷത്തിനുശേഷമാണ് വിചാരണ പൂർത്തിയാക്കി  വിധി പറഞ്ഞത്.

logo
The Fourth
www.thefourthnews.in