ആദ്യദിനം ലഭിച്ചത് രണ്ടായിരത്തിലധികം പരാതികള്‍; നവകേരള സദസ് രണ്ടാം ദിവസം, പൗരപ്രമുഖരെ കണ്ട് മുഖ്യമന്ത്രി

ആദ്യദിനം ലഭിച്ചത് രണ്ടായിരത്തിലധികം പരാതികള്‍; നവകേരള സദസ് രണ്ടാം ദിവസം, പൗരപ്രമുഖരെ കണ്ട് മുഖ്യമന്ത്രി

വൈകിട്ട് മൂന്ന് മണിക്ക് ഉദുമയിലും നാലരക്ക് കാഞ്ഞങ്ങാടും ആറുമണിക്ക് തൃക്കരിപ്പൂരിലുമാണ് സദസുകള്‍ നിശ്ചയിച്ചിരിക്കുന്നത്

സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സദസ് ഇന്ന് രണ്ടാംദിവസം. കാസര്‍കോട് ജില്ലയിലെ പൗര പ്രമുഖരുമായി ആശയവിനിമയം നടത്തിയതിനുശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളെ കാണും. നായന്‍മാര്‍മൂല മിനി സ്‌റ്റേഡിയത്തിലാണ് കാസര്‍കോട് മണ്ഡലത്തിലെ നവകേരള സദസ്.

വൈകിട്ട് മൂന്ന് മണിക്ക് ഉദുമയിലും നാലരക്ക് കാഞ്ഞങ്ങാടും ആറുമണിക്ക് തൃക്കരിപ്പൂരിലുമാണ് മറ്റു സദസുകള്‍ നിശ്ചയിച്ചിരിക്കുന്നത്. നാളെ കണ്ണൂര്‍ ജില്ലയിലാണ് പര്യടനം.

ജനങ്ങളില്‍ നിന്ന് പരാതികള്‍ സ്വീകരിക്കുന്നതിനായി കൗണ്ടറുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. നിരവധിപേരാണ് പരാതി നല്‍കാനായി എത്തിയിരിക്കുന്നത്. നവകേരള സദസിന്റെ ആദ്യ ദിനം രണ്ടായിരത്തില്‍ അധികം പരാതികള്‍ ലഭിച്ചതായി റവന്യു മന്ത്രി കെ രാജന്‍ പറഞ്ഞു. ഈ പരാതികളില്‍ എത്രയും വേഗം പരിഹാരമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

നവകേരള സദസ് കേരളം ഏറ്റെടുത്തുതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അവകാശപ്പെട്ടു. 'കേരളമൊന്നാകെ ഏറ്റെടുത്ത നവകേരള സദസ്സ് പ്രൗഢോജ്ജ്വലമായ തുടക്കത്തിന് ശേഷം രണ്ടാം ദിനത്തിലേക്ക് കടക്കുകയാണ്. ഭരണനിര്‍വഹണത്തിലും ജനാധിപത്യ പ്രക്രിയകളിലും പൊതുജനപങ്കാളിത്തം ഉറപ്പുവരുത്താനായുള്ള ഈ ജനകീയ സദസിലേക്ക് ഒഴുകിയെത്തുന്ന ജനസഞ്ചയം ആവേശകരമായ കാഴ്ചയാണ്. ഇതിലും ശക്തമായ പങ്കാളിത്തം വരും ദിവസങ്ങളിലും 'നവകേരള സദസി'ലുണ്ടാകും. ഇന്ന് കാസര്‍കോട് ജില്ലയിലെ നാല് പ്രധാന മണ്ഡലങ്ങളിലാണ് സദസ്സ് സംഘടിപ്പിക്കുന്നത്. ഈ മണ്ഡലങ്ങളിലെ പദ്ധതി നിര്‍വ്വഹണ പുരോഗതി വിലയിരുത്താനും ജനങ്ങളുടെ പരാതികള്‍ കേള്‍ക്കാനും പരിഹരിക്കാനുമുള്ള അവസരമാണ് ഇത് വഴി ഒരുങ്ങുന്നത്. രാവിലെ 11.30 ന് ചെങ്കളയില്‍ കാസര്‍കോട് മണ്ഡലത്തിന്റെ സദസ്സോടെ ആരംഭിക്കുന്ന ഇന്നത്തെ യാത്ര വൈകുന്നേരം 6.30 ന് കാലിക്കടവില്‍ തൃക്കരിപ്പൂര്‍ മണ്ഡലത്തിന്റെ സദസ്സോടെ അവസാനിക്കും. ഈ സദസ്സുകള്‍ വന്‍വിജയമാക്കാന്‍ ഏവരെയും ക്ഷണിക്കുന്നു'- മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

140 മണ്ഡലങ്ങളിലും മുഖ്യമന്ത്രിയും മന്ത്രിമാരും പര്യടനം നടത്തും. ഡിസംബര്‍ 23ന് വൈകിട്ട് ആറിന് തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലാണ് നവകേരള സദസിന്റെ സമാപനം. ഒരു ദിവസം ശരാശരി നാല് മണ്ഡലങ്ങളിലെങ്കിലും ജനകീയ സദസുകള്‍ പൂര്‍ത്തിയാക്കുന്ന തരത്തിലാണ് നവകേരള സദസിന്റെ സമയക്രമീകരണം. അതേസമയം, മണ്ഡലങ്ങളിലെ പ്രതിപക്ഷ എംഎല്‍എമാര്‍ പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കും.

ആദ്യദിനം ലഭിച്ചത് രണ്ടായിരത്തിലധികം പരാതികള്‍; നവകേരള സദസ് രണ്ടാം ദിവസം, പൗരപ്രമുഖരെ കണ്ട് മുഖ്യമന്ത്രി
ഇന്ത്യയില്‍ 15 കോടിയിലധികം ജനങ്ങള്‍ക്ക് ഇപ്പോഴും ശൗചാലയമില്ല; തെക്കൻ ഏഷ്യയിലെ ഏറ്റവും കൂടിയ കണക്കെന്ന് റിപ്പോര്‍ട്ട്

നവകേരള സദസിന്റെ ഉദ്ഘാടന വേദിയില്‍ കോണ്‍ഗ്രസിനും ബിജെപിക്കും എതിരെ മുഖ്യമന്ത്രി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. കടുത്ത നിരാശയിലായിരുന്ന കേരളം, 2016 ന് ശേഷം ലോകം ശ്രദ്ധിക്കുന്ന നാടായെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയ്ക്ക് കേന്ദ്രത്തെ കുറ്റപ്പെടുത്തിയ മുഖ്യമന്ത്രി, നവകേരള സദസിന്റെ പേരില്‍ ധൂര്‍ത്ത് നടത്തുന്നുവെന്ന ആരോപണവും തള്ളി. മന്ത്രിമാര്‍ സഞ്ചരിക്കുന്ന ബസില്‍ ആഡംബരമില്ലെന്നു മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു.

'നവകേരള സദസ് തീര്‍ത്തും ഒരു സര്‍ക്കാര്‍ പരിപാടിയാണ്. സാധാരണ ഗതിയില്‍ ഈ പരിപാടിയില്‍ പ്രധാന റോളില്‍ ഇവിടുത്തെ നിയമസഭാംഗം ഉണ്ടാകേണ്ടതായിരുന്നു. ഇങ്ങനെയൊരു പരിപാടിയില്‍ പങ്കെടുക്കാതെ വിട്ടുനില്‍ക്കാന്‍ സ്ഥലം എംഎല്‍എയ്ക്ക് താത്പര്യമുണ്ടാകില്ല. പക്ഷേ യുഡിഎഫ് നേതൃത്വവും കോണ്‍ഗ്രസും പരിപാടിയില്‍ സഹകരിക്കാന്‍ പാടില്ലെന്ന് നിര്‍ബന്ധം പിടിച്ചു. ജനാധിപത്യപ്രക്രിയയ്ക്ക് എതിരായ വികാരമാണത്' മുസ്ലീം ലീഗിനെ ഒഴിവാക്കി കോണ്‍ഗ്രസിനെ ആക്രമിച്ചുകൊണ്ടുള്ള ഉദ്ഘാടന പ്രസംഗത്തില്‍ പിണറായി വിജയന്‍ പറഞ്ഞു. പരിപാടിയില്‍ മഞ്ചേശ്വരം എംഎല്‍എ വിട്ടുനില്‍ക്കുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.

logo
The Fourth
www.thefourthnews.in