അവയവ കച്ചവടമോ! മാഫിയയും കച്ചവടവും ഇല്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുമെന്ന് മൃതസഞ്ജീവനി എക്സിക്യുട്ടീവ് ഡയറക്ടര്‍

സ്വകാര്യ ആശുപത്രികളില്‍ മസ്തിഷ്‌ക മരണം സംഭവിച്ചാലും അവയവ ദാനം നടത്തുന്നുണ്ടെങ്കില്‍, ഒരു കിഡ്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേക്ക് നല്‍കണമെന്ന പ്രത്യേക മാര്‍ഗനിര്‍ദേശം കേരളത്തില്‍ മാത്രമാണുള്ളത്‌

അവയവ ദാനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്നുവന്ന കച്ചവടമെന്ന ആരോപണങ്ങളെ പൂര്‍ണമായും തള്ളുകയാണ് മൃതസഞ്ജീവനി എക്സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ്. 2009ല്‍ ഉണ്ടായ സംഭവത്തെചൊല്ലി ഇന്നുണ്ടായ വിവാദങ്ങളും പ്രചരണങ്ങളും സമൂഹത്തില്‍ സംശയ ദൃഷ്ടി ഉണ്ടാക്കുന്നുവെന്നും അവയവദാനത്തിന് പുറകില്‍ കച്ചവടമെന്നും മാഫിയകളെന്നുമുള്ള പ്രചരണം അടിസ്ഥാന രഹിതമാണെന്നും ഡോ. നോബിള്‍ ഗ്രേഷ്യസ് 'ദ ഫോര്‍ത്തി'നോട് പറഞ്ഞു.

സംസ്ഥാനത്ത് 49 ആശുപത്രികള്‍ക്കാണ് അവയവമാറ്റത്തിനുള്ള അംഗീകാരമുള്ളത്. എന്നാല്‍ വര്‍ഷത്തില്‍ ഒരു ശസ്ത്രക്രിയ മാത്രമാണ് മിക്ക ആശുപത്രികളിലും നടക്കുന്നതെന്നും, അവയവ വിന്യാസത്തില്‍ ആശുപത്രികള്‍ക്ക് യാതൊരു റോളുമില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷത്തെ അവയവദാന ശസ്ത്രക്രിയകളുടെ കണക്ക് പരിശോധിച്ചാല്‍ ഇക്കാര്യം മനസിലാകുമെന്നും ഡോ. നോബിള്‍ ഗ്രേഷ്യസ് വ്യക്തമാക്കി.

കേരളത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച ശേഷമുള്ള അവയവ ദാനത്തേക്കാള്‍ ജീവിച്ചിരിക്കുമ്പോള്‍ നടത്തുന്ന അവയവ ദാനങ്ങളാണ് കണക്കില്‍ കൂടുതല്‍. 2022ല്‍ മാത്രം 1086 കിഡ്നി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയപ്പോള്‍ മസ്തിഷ്‌ക മരണത്തിന് ശേഷമുള്ള അവയവ ദാനം വെറും 14 ആണ്. അവയവദാന ശസ്ത്രക്രിയയുടെ ബുദ്ധിമുട്ട് എത്രത്തോളമെന്നതിന്റെ ഉദാഹരണമാണ് ഈ വ്യത്യാസമെന്നും അദ്ദേഹം പറയുന്നു.

സ്വകാര്യ ആശുപത്രികളായാലും മൃതസഞ്ജീവനിയില്‍ രജിസ്റ്റര്‍ ചെയ്ത ആളുകള്‍ക്ക് മുന്‍ഗണന പ്രകാരമേ അവയവ വിന്യാസത്തിന് സാധ്യമാകൂ, ആശുപത്രിക്ക് സ്വന്തം നിലയില്‍ തീരുമാനമെടുക്കാനാകില്ല. കൃത്യമായ സര്‍ക്കാര്‍ നിരീക്ഷണത്തില്‍ തന്നെയാണ് എല്ലാ നടപടി ക്രമങ്ങളും. സ്വകാര്യ ആശുപത്രികളില്‍ നിന്ന് മസ്തിഷ്‌ക മരണം സംഭവിച്ചാലും അവയവ ദാനം നടത്തുന്നുണ്ടെങ്കില്‍ ഇതില്‍ ഒരു കിഡ്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേക്ക് നല്‍കണമെന്ന പ്രത്യേക മാര്‍ഗ നിര്‍ദേശം കേരളത്തില്‍ മാത്രമാണ് നടപ്പാക്കിയിട്ടുള്ളതെന്നും ഇത് സുതാര്യത ഉറപ്പ് വരുത്താനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in