ഐഎഎസ് തലപ്പത്ത് വന്‍ മാറ്റം; എഐ ക്യാമറ വിവാദം അന്വേഷിക്കുന്ന മുഹമ്മദ് ഹനീഷിനെ ആരോഗ്യ വകുപ്പിലേക്ക് മാറ്റി

ഐഎഎസ് തലപ്പത്ത് വന്‍ മാറ്റം; എഐ ക്യാമറ വിവാദം അന്വേഷിക്കുന്ന മുഹമ്മദ് ഹനീഷിനെ ആരോഗ്യ വകുപ്പിലേക്ക് മാറ്റി

ക്യാമറകള്‍ സ്ഥാപിച്ച സംഭവത്തില്‍ മുഹമ്മദ് ഹനീഷ് ഈ ആഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയാണ് സ്ഥലം മാറ്റം

നിരത്തുകളിലെ നിയമ ലംഘനം തടയാൻ ക്യാമറകള്‍ സ്ഥാപിച്ച സംഭവത്തില്‍ ക്രമക്കേട് ആരോപണം അന്വേഷിക്കുന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷിന് വീണ്ടും സ്ഥലം മാറ്റം. വ്യവസായ വകുപ്പില്‍ നിന്ന് ട്രാന്‍സ്ഫര്‍ ചെയ്ത് മണിക്കൂറുകള്‍ക്കുള്ളിലാണ് മുഹമ്മദ് ഹനീഷിന് വീണ്ടും മാറ്റം. വ്യവസായ വകുപ്പില്‍ നിന്ന് റവന്യൂ വകുപ്പിലേക്കാണ് ആദ്യം മാറ്റിയത്. ഇതിന് പിന്നാലെ ഉത്തരവ് തിരുത്തി മുഹമ്മദ് ഹനീഷിനെ ആരോഗ്യ വകുപ്പിലേക്ക് മാറ്റുകയായിരുന്നു.

ക്യാമറകള്‍ സ്ഥാപിച്ച സംഭവത്തില്‍ മുഹമ്മദ് ഹനീഷ് ഈ ആഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയാണ് സ്ഥലം മാറ്റം. അന്വേഷണത്തിന്റെ ഭാഗമായി കെല്‍ട്രോണുമായി ബന്ധപ്പെട്ട രേഖകള്‍ ഉള്‍പ്പെടെ മുഹമ്മദ് ഹനീഷ് പരിശോധിച്ചിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി കരാറെടുത്ത എസ്ആര്‍ഐടി, ഉപകരാര്‍ കമ്പനികള്‍ എന്നിവയില്‍നിന്ന് തെളിവെടുപ്പ് ഇനിയും പൂര്‍ത്തിയാക്കിട്ടില്ല. വ്യവസായ സെക്രട്ടറിയുടെ അന്വേഷണ റിപ്പോര്‍ട്ട് വിവാദങ്ങളില്‍ സര്‍ക്കാരിന് നിര്‍ണായകമാണ്. അതേസമയം, ചുമതലകള്‍ മാറിയെങ്കിലും ക്യാമറ വിഷയത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി താന്‍ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് മുഹമ്മദ് ഹനീഷ് പ്രതികരിച്ചതായി മലയാള മനോരമയോട് പ്രതികരിച്ചു. രണ്ടുദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Attachment
PDF
GO 2034 23.pdf
Preview

ഐഎഎസ് തലപ്പത്തെ മറ്റ് മാറ്റങ്ങള്‍ ഇങ്ങനെ -

ചീഫ് സെക്രട്ടറി വി പി ജോയിക്ക് ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പിന്റെ അധിക ചുമതല നൽകി. ചീഫ് സെക്രട്ടറിക്ക് ഇതാദ്യമായാണ് ഒരു വകുപ്പിന്റെ ചുമതല നല്‍കുന്നത്. തൊഴില്‍ വകുപ്പ് സെക്രട്ടറി അജിത് കുമാറിന് വ്യവസായിക വകുപ്പിന്റെ അധികചുമതലയും നല്‍കി. റവന്യു ദുരന്തനിവാരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന ജയതിലകിനെ ഐഎഎസ്–എക്സൈസ്–നികുതി വകുപ്പുകളുടെ അഡീഷണൽ ചീഫ് സെക്രട്ടറിയായി നിയമിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ഡോ. ശര്‍മിള മേരി ജോസഫിന് സാമൂഹ്യ നീതി വകുപ്പിന്റെ അധിക ചുമതല നല്‍കി. സാമൂഹ്യനീതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായ റാണി ജോർജ് ഐഎഎസ് വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാകും. വനിത–ശിശു വികസന വകുപ്പിന്റെ അധികചുമതലയും നല്‍കി.

സഹകരണ വകുപ്പിന്റെ ചമുതലയുണ്ടായിരുന്ന മിനി ആന്റണിക്ക് ന്യൂനപക്ഷ ക്ഷേമത്തിന്റെ അധിക ചുമതല നല്‍കി. കാസര്‍കോട് ജില്ലാ കളക്ടറായിരുന്ന ഭണ്ടാരി സ്വാഗത് രവീര്‍ചന്ദിനെ ജല അതോറിറ്റിയുടെ എംഡിയാക്കി. കാസര്‍കോട് കളക്ടറായി ഇൻബശേഖറിനെ നിയമിച്ചു. പ്രവേശന പരീക്ഷ കമ്മീഷണറായി അരുണ്‍ കെ വിജയനെ നിയോഗിച്ചു. രജിസ്ട്രേഷന്‍ വകുപ്പ് ഐജിയായി കണ്ണൂര്‍ ജില്ല വികസന കമ്മീഷണര്‍ മേഘശ്രീയെയും നിയമിച്ചു. ഐടി വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന രത്തന്‍ ഖേല്‍ക്കര്‍ക്ക് ആരോഗ്യവിദ്യാഭ്യാസ വകുപ്പിന്റെ അധിക ചുമതല നല്‍കി. ഐടി വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന രത്തന്‍ ഖേല്‍ക്കര്‍ക്ക് ആരോഗ്യ-വിദ്യാഭ്യാസ വകുപ്പിന്റെ അധിക ചുമതല നല്‍കി.

logo
The Fourth
www.thefourthnews.in