ചെറുപ്പത്തിലേ 'പിടികൂടാന്‍' ലീഗും; ബാലസംഘം മാതൃകയില്‍  ബാലകേരളം

ചെറുപ്പത്തിലേ 'പിടികൂടാന്‍' ലീഗും; ബാലസംഘം മാതൃകയില്‍ ബാലകേരളം

കുട്ടികളുടെ സര്‍ഗ്ഗവാസനകള്‍ പ്രോത്സാഹിപ്പിക്കുന്ന കൂട്ടായ്മയാണ് സംഘടനയെന്നാണ് നേതൃത്വത്തിന്റെ അവകാശ വാദം.

പുതുതലമുറയെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ സിപിഎമ്മിന്റെ ബാലസംഘം മാതൃകയില്‍ കുട്ടികളുടെ സംഘടനയുമായി മുസ്ലീം ലീഗ്. എംഎസ്എഫിന്റെ കീഴിലാണ് ബാലകേരളമെന്ന് പേരിട്ടിരിക്കുന്ന സംഘടന സംസ്ഥാന വ്യാപകമായി വരുന്നത്. കുട്ടികളുടെ സര്‍ഗ്ഗവാസനകള്‍ പ്രോത്സാഹിപ്പിക്കുന്ന കൂട്ടായ്മയാണ് സംഘടനയെന്നാണ് നേതൃത്വത്തിന്റെ അവകാശ വാദം.

ഇതിനകം 120 ഓളം കമ്മിറ്റികള്‍ രൂപീകരിച്ച് കഴിഞ്ഞു. 5 മുതല്‍ 15 വരെ പ്രായമുള്ള കുട്ടികളുടെ സംഘടനയാണ് മുസ്ലീം സ്റ്റുഡന്റ്‌സ് ഫെഡറേഷന് കീഴില്‍ പുതുതായി ആരംഭിച്ചിരിക്കുന്നത്. മുസ്ലീം ലീഗിന്റെ രാഷ്ട്രീയും പാരമ്പര്യവും കുട്ടികളെ പഠിപ്പിക്കുക, ബാല്യം മുതല്‍ കുട്ടികളില്‍ രാഷ്ട്രീയ അവബോധം സൃഷ്ടിക്കുക, ധാര്‍മ്മിക മൂല്യങ്ങള്‍ പഠിപ്പിക്കുക തുടങ്ങിയവയാണ് സംഘടനകൊണ്ട് ലക്ഷ്യമിടുന്നതെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് ദ ഫോര്‍ത്തിനോട് പറഞ്ഞു.

കുട്ടികളില്‍ രാഷ്ട്രീയ അവബോധം സൃഷ്ടിക്കുക, ധാര്‍മ്മിക മൂല്യങ്ങള്‍ പഠിപ്പിക്കുക തുടങ്ങിയവയാണ് സംഘടനകൊണ്ട് ലക്ഷ്യമിടുന്നതെന്ന് എംഎസ്എഫ്

പഞ്ചായത്ത്, മണ്ഡലം, ജില്ലാ, സംസ്ഥാന അടിസ്ഥാനത്തില്‍ ബാലകേരളം കമ്മിറ്റികള്‍ രൂപീകരിക്കും. നേതൃ ശേഷിയും സര്‍ഗ്ഗാത്മക അഭിരുചിയുമുള്ള വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുത്ത് ബാലകേരളത്തിന്റെ ഭാരവാഹിത്വത്തിലേക്ക് കൊണ്ട് വരും. സെപ്റ്റംബര്‍ 30 നകം 2000 കമ്മിറ്റികള്‍ രൂപീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഒക്ടോബര്‍ ആദ്യവാരത്തോടെ പഞ്ചായത്ത് നഗരസഭാ അടിസ്ഥാനത്തിലുള്ള കമ്മിറ്റികളും തുടര്‍ന്ന് മണ്ഡലം കമ്മിറ്റികളും സജ്ജമാക്കും. നവംബര്‍ ആദ്യവാരത്തോടെ സംസ്ഥാന കമ്മിറ്റി നിലവില്‍ വരും.

ഒക്ടോബര്‍ ആദ്യവാരത്തോടെ പഞ്ചായത്ത് നഗരസഭാ അടിസ്ഥാനത്തിലുള്ള കമ്മിറ്റികളും തുടര്‍ന്ന് മണ്ഡലം കമ്മിറ്റികളും സജ്ജമാക്കും

ബാലകേരളം സംഘടനക്ക് കീഴില്‍ ചങ്ങാതിക്കൂട്ടം, ബാലസഭ, മത്സര പരീക്ഷകള്‍, കലകൗശല മേഖലയില്‍ അഭിരുചിയുള്ളവര്‍ക്കായി ഓലപ്പീപ്പി പദ്ധതി, ചന്ദ്രിക പത്രവുമായി ചേര്‍ന്ന് കിനാക്കൂട്ടം പദ്ധതി , ' സിത്താരോം സെ ആഗെ' എന്ന പേരില്‍ പഠന യാത്ര , ബാല പംക്തികള്‍, കാര്‍ട്ടൂണ്‍ മത്സരം തുടങ്ങി വിവിധ പരിപാടികളും ലക്ഷ്യമിടുന്നുണ്ട്. യൂട്യൂബ് ചാനലും ഒരുക്കും.

ലഹരിമരുന്ന്, വിപത്തടക്കമുള്ളവയെകുറിച്ച് ബോധവത്കരണം നടത്തുകയും

രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കുക എന്നതിനൊപ്പം വിദ്യാര്‍ത്ഥികളുടെ കലാ, കായിക മേഖലയിലെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുകയും വര്‍ധിച്ചുവരുന്ന ലഹരിമരുന്ന് , വിപത്തടക്കമുള്ളവയെകുറിച്ച് ബോധവത്കരണം നടത്തുകയും സംഘടനയുടെ ലക്ഷ്യമാണെന്ന് എം.എസ്.എഫ് നേതൃത്വം പറയുന്നു. എന്നാല്‍ സിപിഎമ്മിന്റെ കുട്ടികളുടെ സംഘടനയായ ബാലസംഘം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സമാനമായ തരത്തില്‍ ബാല്യം മുതലേ വിദ്യാര്‍ത്ഥികളെ സംഘടനാ പ്രവര്‍ത്തനത്തിലേക്ക് ആകര്‍ഷിച്ച് എം.എസ്.എഫില്‍ അംഗ സംഖ്യ കൂട്ടുകയെന്നതും സംഘനയുടെ രൂപകരണത്തിന് പിന്നിലുള്ള തന്ത്രമാണ്.

ബാലകേരളം സംഘടനയുടെ ഉദ്ഘാടന സമ്മേളനം മിന്നല്‍ മുരളി സിനിമയില്‍ അഭിനയിച്ച ബാലതാരം വസിഷ്ഠ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ക്യാംപസുകളില്‍ എസ്.എഫ്.ഐ അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകളുടെ മേല്‍ക്കോയ്മക്ക് തടയിടാന്‍ പുതിയ സംഘടനക്കാവുമെന്ന പ്രത്യാശയിലാണ് എംഎസ്എഫ് നേതൃത്വവും മുസ്ലീം ലീഗും.

logo
The Fourth
www.thefourthnews.in