ജനറൽ സെക്രട്ടറിയായി പരിഗണിക്കണമെന്ന് സാദിഖലി തങ്ങളോട് ആവശ്യപ്പെട്ട് എം കെ മുനീർ; ലീഗ് നേതൃത്വത്തെ ഇന്നറിയാം

ജനറൽ സെക്രട്ടറിയായി പരിഗണിക്കണമെന്ന് സാദിഖലി തങ്ങളോട് ആവശ്യപ്പെട്ട് എം കെ മുനീർ; ലീഗ് നേതൃത്വത്തെ ഇന്നറിയാം

വൈകിട്ട് മൂന്ന് മണിക്ക് കോഴിക്കോട് ലീഗ് ഹൗസിൽ ചേരുന്ന സംസ്ഥാന കൗൺസിൽ യോഗത്തിലാകും തീരുമാനം

മുസ്ലീംലീഗ് സംസ്ഥാന ഭാരവാഹികളെ ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് മൂന്ന് മണിക്ക് കോഴിക്കോട് ലീഗ് ഹൗസിൽ ചേരുന്ന സംസ്ഥാന കൗൺസിൽ യോഗത്തിലാണ് നേതൃത്വത്തെ തീരുമാനിക്കുക. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് ഡോ. എം കെ മുനീർ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളോട് ആവശ്യപ്പെട്ടു. ഇ ടി മുഹമ്മദ് ബഷീർ, കെപിഎ മജീദ്, പി വി അബ്ദുൽ വഹാബ്, കെ എം ഷാജി എന്നിവർ മുനീറിനൊപ്പമാണെന്നാണ് സൂചന.

നിലവിലെ ജനറൽ സെക്രട്ടറി പിഎംഎ സലാം തുടരട്ടെയെന്നാണ് പി കെ കുഞ്ഞാലിക്കുട്ടിയുടെ നിലപാട്. ജനറൽ സെക്രട്ടറി ആരാകണമെന്ന അഭിപ്രായം തേടി ജില്ലാ നേതാക്കളെ സാദിഖലി തങ്ങൾ ഇന്നലെ കണ്ടിരുന്നു. കോഴിക്കോട് ജില്ലാ ഭാരവാഹികൾ എം കെ മുനീറിന്റെ പേര് പറഞ്ഞപ്പോൾ മറ്റ് 13 ജില്ലാ ഭാരവാഹികളും സാദിഖലി തങ്ങൾക്ക് തീരുമാനിക്കാമെന്ന നിലപാടാണ് സ്വീകരിച്ചത്. സാദിഖലി തങ്ങൾ എടുക്കുന്ന നിലപാട് നിർണായകമാകും. എം കെ മുനീറും പിഎംഎ സലാമും അല്ലാത്ത മറ്റൊരാളെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടുവന്ന് പ്രശ്നം പരിഹരിക്കാനുള്ള വിദൂര സാധ്യതയും തള്ളിക്കളയാനാവില്ല.

കൗൺസിൽ യോഗത്തിന് മുമ്പ് ധാരണയുണ്ടാക്കാൻ രാവിലെ 11 മണിക്ക് ഉന്നതാധികാര സമിതി വിളിച്ച് ചേർത്തിട്ടുണ്ട്. സംസ്ഥാന ട്രഷറർ സ്ഥാനത്തേക്ക് വി കെ ഇബ്രാഹിംകുഞ്ഞിന്റെ പേരിനാണ് മുൻതൂക്കം. സി ടി അഹമ്മദാലി, ഉമ്മർ പാണ്ടികശാല, പൊട്ടക്കണ്ടി അബ്ദുള്ള എന്നിവരുടെ പേരും ചർച്ചയിലുണ്ട്.

logo
The Fourth
www.thefourthnews.in