ഖാഇദെമില്ലത്ത് സെന്റർ ധനസമാഹരണം: വീഴ്ച വരുത്തിയവർക്കെതിരെ നടപടിക്ക് ലീഗ്; കാരണം കാണിക്കൽ നോട്ടീസ്

ഖാഇദെമില്ലത്ത് സെന്റർ ധനസമാഹരണം: വീഴ്ച വരുത്തിയവർക്കെതിരെ നടപടിക്ക് ലീഗ്; കാരണം കാണിക്കൽ നോട്ടീസ്

ഏഴു ദിവസത്തിനകം കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകണം

ഖാഇദെമില്ലത്ത് സെന്ററിനായുള്ള ധനസമാഹരണത്തിൽ വീഴ്ച വരുത്തിയ പാർട്ടി ഘടകങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കാൻ മുസ്ലീം ലീഗ്. പാർട്ടി നേതൃയോഗത്തിലാണ് തീരുമാനം. നിശ്ചയിച്ചിരുന്ന ക്വാട്ട പൂർത്തിയാക്കാത്തവർക്ക് ഇന്ന് മുതൽ കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം വ്യക്തമാക്കി.

ഏഴു ദിവസത്തിനുള്ളിൽ നോട്ടീസിന് മറുപടി നൽകണം. ലഭിക്കുന്ന മറുപടിയുടെ അടിസ്ഥാനത്തിലായിരിക്കും തരംതാഴ്ത്തൽ, സസ്പെൻഷൻ, പിരിച്ചുവിടൽ തുടങ്ങിയ നടപടികൾ പാർട്ടി ഘടകങ്ങൾക്കുമേൽ നേതൃത്വം സ്വീകരിക്കുക.

ജില്ലാ ഘടകങ്ങളിൽ ക്വാട്ട പൂർത്തിയാക്കാത്തത് കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം, തൃശൂർ ജില്ലകളാണ്. കൊല്ലം 87 ശതമാനവും, പത്തനംതിട്ട 59 ശതമാനവും, തൃശൂരും, തിരുവനന്തപുരവും 40 ശതമാനത്തിൽ താഴെയുമാണ് ക്വാട്ട പൂർത്തീകരിച്ചത്. മലപ്പുറം ജില്ലയിൽ ക്വാട്ട പൂർത്തീകരിക്കാത്തത് പെരിന്തൽമണ്ണ, നിലമ്പൂർ മണ്ഡലങ്ങളാണ്. കോഴിക്കോട് സൗത്തിനും ക്വാട്ട പൂർത്തീകരിക്കാൻ ആയിട്ടില്ല.

തെക്കൻ ജില്ലകളിൽ പിരിച്ചുവിടൽ നടപടി സ്വീകരിക്കുമ്പോൾ ബദൽ സംവിധാനം ഉണ്ടാക്കാനാകുമോ എന്നതും പാർട്ടി പരിശോധിക്കും. 25 കോടി സമാഹരിക്കാനായിരുന്നു നിർദേശമെങ്കിലും 28 കോടിയിലധികം തുക സമാഹരിക്കാൻ സാധിച്ചെന്നും പിഎംഎ സലാം വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in