സില്‍വര്‍ ലൈന്‍ നാടിന്റെ പദ്ധതി;  അനുമതി നല്‍കാന്‍ കേന്ദ്രത്തിന് ബാധ്യതയുണ്ടെന്ന്  മുഖ്യമന്ത്രി

സില്‍വര്‍ ലൈന്‍ നാടിന്റെ പദ്ധതി; അനുമതി നല്‍കാന്‍ കേന്ദ്രത്തിന് ബാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി

ദേശീയപാതാ വികസനത്തില്‍ ഗണ്യമായ മുന്നേറ്റം ഉണ്ടായി

സില്‍വര്‍ ലൈനിന്റെ കേന്ദ്രാനുമതി സംബന്ധിച്ച് വീണ്ടും ചര്‍ച്ചകള്‍ പുരോഗമിക്കെ പദ്ധതിയുടെ മുന്നോട്ട് പോക്കിന് സഹകരണം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍. സില്‍വര്‍ ലൈന്‍ നാടിനുവേണ്ടിയുള്ള പദ്ധതിയാണെന്നും വേഗത്തില്‍ പൂര്‍ത്തിയാക്കേണ്ട പദ്ധതിയുടെ തടസ്സങ്ങള്‍ നീക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടുകൂടി മാത്രമേ പദ്ധതി ചെയ്യാനാകുവെന്നും കേന്ദ്രം നിലപാട് തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു. അനുമതിയ്ക്ക് മുന്‍പ് ചെയ്യാവുന്ന കാര്യങ്ങള്‍ ചെയ്തതായും ഇപ്പോള്‍ നടക്കുന്ന കാര്യങ്ങള്‍ നിര്‍ഭാഗ്യകരമായ സംഭവങ്ങളാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സില്‍വര്‍ ലൈനില്‍ കേന്ദ്ര സര്‍ക്കാറിന്‍റെ പിന്തുണ തേടുമ്പോള്‍ കേരളത്തിലെ ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട അവകാശവാദങ്ങളില്‍ ബിജെപിയെ കടന്നാക്രമിക്കാനും മുഖ്യമന്ത്രി തയ്യാറായി. 2016 ല്‍ അധികാരത്തില്‍ വന്നപ്പോള്‍ ജനങ്ങളെ വിശ്വാസത്തിലെടുത്ത് ദേശീയ പാതാ വികസനം സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന ഉറപ്പാണ് ഇടതു മുന്നണി നല്‍കിയത്. ദേശീയപാതാ വികസനത്തില്‍ കഴിഞ്ഞ ആറ് വര്‍ഷം കൊണ്ട് ഗണ്യമായ മുന്നേറ്റമാണ് ഉണ്ടാക്കിയത്.

ഭൂമി ഏറ്റെടുക്കല്‍ മുടക്കാന്‍ അനേകം തടസ്സങ്ങള്‍ പലകോണുകളില്‍ നിന്നും വന്നു. സമരങ്ങള്‍ ആസൂത്രണം ചെയ്യപ്പെട്ടു. മഴവില്‍ മുന്നണികള്‍ക്കൊപ്പം കോണ്‍ഗ്രസ്സും ബിജെപിയും പരസ്യമായി രംഗത്തിറങ്ങി. നഷ്ടപരിഹാരം കിട്ടില്ലെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു. വ്യാജ കഥകള്‍ വലിയ തോതില്‍ പ്രചരിപ്പിച്ചു. നന്ദിഗ്രാമിലെ മണ്ണു പൊതിഞ്ഞെടുത്ത് വന്നത് ഒരു കേന്ദ്ര മന്ത്രി തന്നെയായിരുന്നെന്നും കീഴാറ്റൂര്‍ കേരളത്തിലെ സിപിഎമ്മിന്റെ നന്ദിഗ്രാം ആകുമെന്നായിരുന്നു പ്രഖ്യാപനമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

ഡല്‍ഹിയില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനം ഉണ്ടായത്

ദേശീയപാതാ വികസനത്തെ അട്ടിമറിക്കാനാണ് കേരളത്തിലെ ബിജെപി എല്ലാ ഘട്ടത്തിലും ശ്രമിച്ചത്. 2019 ജൂണ്‍ മാസത്തില്‍ പ്രതിഷേധങ്ങളുടെയും ചര്‍ച്ചകളുടെയും ഫലമായി കേരളത്തിലെ ദേശീയപാത വികസനത്തെ ഒന്നാം പരിഗണനാ പട്ടികയില്‍ വീണ്ടും ഉള്‍പ്പെടുത്താന്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഔദ്യോഗികമായി തീരുമാനിക്കുകയായിരുന്നു. ഡല്‍ഹിയില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനം ഉണ്ടായത്. രാജ്യത്ത് മറ്റെങ്ങുമില്ലാത്തവിധം ഭൂമി ഏറ്റെടുക്കലിന്റെ 25 ശതമാനം സംസ്ഥാനം നല്‍കേണ്ടി വന്നത് ദേശീയപാതാ വികസനം വൈകിപ്പിച്ച യുഡിഎഫും തടസ്സപ്പെടുത്താന്‍ ശ്രമിച്ച ബിജെപിയും ചേര്‍ന്ന് സംസ്ഥാനത്തിന്റെ തലയില്‍ കെട്ടിവെച്ച അധിക ബാധ്യതയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചില്ലായിരുന്നുവെങ്കില്‍ കേരളത്തിന്റെ ദേശീയപാതാ വികസനം അനന്തമായി നീണ്ടുപോകുമായിരുന്നു

ദേശീയപാതാ വികസനത്തിനായി ഭൂമി ഏറ്റെടുക്കുമ്പോള്‍ കേന്ദ്രസര്‍ക്കാരാണ് മറ്റു സംസ്ഥാനങ്ങളില്‍ നഷ്ടപരിഹാരത്തുക നല്‍കുന്നത്. എന്നാല്‍ കേരളത്തിലെ ഉയര്‍ന്ന ഭൂമിവില ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ അതില്‍ നിന്ന് പിന്മാറി. അതോടെ ഭൂമിവിലയുടെ 25 ശതമാനം സംസ്ഥാനം വഹിക്കുകയും ആ തുക മുന്‍കൂറായി ദേശീയ പാതാ അതോറിറ്റിക്ക് കൈമാറുകയും ചെയ്താണ് സര്‍ക്കാര്‍ ദേശീയ പാതാ വികസനം സാധ്യമാക്കിയത്. ഏറ്റെടുക്കേണ്ട 1081 ഹെക്ടര്‍ ഭൂമിയില്‍ 1065 ഹെക്ടര്‍ ഏറ്റെടുത്തുകഴിഞ്ഞു. 5580 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ സ്ഥലം ഏറ്റെടുക്കലിനായി ഇതുവരെ ചെലവഴിച്ചത്. ഇത്രയും തുക സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചില്ലായിരുന്നുവെങ്കില്‍ കേരളത്തിന്റെ ദേശീയപാതാ വികസനം അനന്തമായി നീണ്ടുപോകുമായിരുന്നെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളത്തിലെ ഭൂമി ഏറ്റെടുക്കല്‍ നിര്‍ത്തിവെക്കണം എന്നാവശ്യപ്പെട്ട് 2018 സെപ്റ്റംബര്‍ 14ന് അന്നത്തെ ബിജെപി സംസ്ഥാന പ്രസിഡന്റ് കേന്ദ്ര ഹൈവേ മന്ത്രിക്ക് കത്തെഴുതി

കേരളത്തിലെ ഭൂമി ഏറ്റെടുക്കല്‍ നിര്‍ത്തിവെക്കണം എന്നാവശ്യപ്പെട്ട് 2018 സെപ്റ്റംബര്‍ 14ന് അന്നത്തെ ബിജെപി സംസ്ഥാന പ്രസിഡന്റ് കേന്ദ്ര ഹൈവേ മന്ത്രിക്ക് കത്തെഴുതി. സ്ഥലം ഏറ്റെടുക്കല്‍ ദ്രുതഗതിയില്‍ മുന്നോട്ടുപോയ ഘട്ടത്തിലായിരുന്നു ഈ ഇടപെടല്‍. തുടര്‍ന്ന് നിര്‍മാണം വൈകിപ്പിച്ചു കൊണ്ടുള്ള കേന്ദ്രത്തിന്റെ ഉത്തരവ് വന്നു. കണ്ണൂര്‍, കോഴിക്കോട് തുടങ്ങിയ ജില്ലകളില്‍ സ്ഥലം ഏറ്റെടുപ്പ് ഏകദേശം 80 ശതമാനവും തെക്കന്‍ ജില്ലകളില്‍ 50 ശതമാനവും പൂര്‍ത്തിയായിരുന്നു. ഇതേ ഘട്ടത്തില്‍ തന്നെ കാസര്‍കോട് ഒഴികെയുള്ള ജില്ലകളെ കേന്ദ്ര സര്‍ക്കാര്‍ ദേശീയപാതാ വികസനത്തിന്റെ ഒന്നാം മുന്‍ഗണനാ പട്ടികയില്‍ നിന്നും ഒഴിവാക്കി രണ്ടാം പട്ടികയിലേക്ക് മാറ്റിയെന്നും ഈ ജില്ലകളിലെ സ്ഥലം ഏറ്റെടുപ്പ് നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയെന്നും മുഖ്യമന്ത്രി മറുപടി നല്‍കി.

logo
The Fourth
www.thefourthnews.in