'അവിടെ ഐക്യത്തിന് ശ്രമം, ഇവിടെ മുണ്ടുടുത്ത മോദിയാകുന്നു'; സംസ്ഥാന സര്‍ക്കാരിനെതിരേ എഐസിസി

'അവിടെ ഐക്യത്തിന് ശ്രമം, ഇവിടെ മുണ്ടുടുത്ത മോദിയാകുന്നു'; സംസ്ഥാന സര്‍ക്കാരിനെതിരേ എഐസിസി

പിണറായി വിജയന്‍ മുണ്ടുടുത്ത മോദിയാവാനുള്ള ശ്രമത്തിലാണെന്ന് കോണ്‍ഗ്രസ് ദേശീയ വക്താവ് ജയറാം രമേശിന്‍റെ ട്വീറ്റ്

കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ അറസ്റ്റില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ ആഞ്ഞടിച്ച് കോണ്‍ഗ്രസ് ദേശീയ നേതൃത്വം. കോണ്‍ഗ്രസ് ദേശീയ വക്താവ് ജയറാം രമേശ് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ തുടങ്ങി മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം തുടങ്ങിയവരും അറസ്റ്റില്‍ പ്രതിഷേധിച്ച് രംഗത്തെത്തി.

ദേശീയ തലത്തില്‍ സംഘപരിവാര്‍ ഭീകരതയ്‌ക്കെതിരേ പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ചാണ് നില്‍ക്കുന്നത് എന്നാല്‍ പിണറായി വിജയന്‍ ''മുണ്ടുടുത്ത മോദി''യാവാനുള്ള ശ്രമത്തിലാണെന്ന് ജയറാം രമേശ് ട്വീറ്റ് ചെയ്തു. സുധാകരന്റെ അറസ്റ്റ് കേരളത്തില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുകയേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു. അറസ്റ്റ് ഏകാധിപത്യ നടപടിയാണെന്ന് എഐസിസി വ്യക്തമാക്കിയത്. അറസ്റ്റിലൂടെ നേതാക്കളുടെ പ്രതിച്ഛായ നശിപ്പിക്കാനുള്ള നീക്കത്തെ ഭയപ്പെടില്ല. സിപിഎമ്മിന്റെ തെറ്റായ നടപടികള്‍ക്ക് ജനഹിതത്തിലൂടെയും നീതിന്യായ വ്യവസ്ഥയിലൂടെയും മറുപടി നല്‍കുമെന്നും കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.

സിപിഎം കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യുകയാണെന്നായിരുന്നു എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്‍റെ പ്രതികരണം. പാറ്റ്നയിലെ പ്രതിപക്ഷസഖ്യ ചര്‍ച്ചാ ദിവസം തന്നെ ഉണ്ടായ അറസ്റ്റ് ബിജെപിയെ സുഖിപ്പിക്കാനാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

കെ സുധാകരനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം കടുപ്പിച്ച് കെപിസിസിയും രംഗത്തെത്തി. സുധാകരനെ മുഖ്യമന്ത്രി പിണറായി വിജയന്റെ പോലീസ് അറസ്റ്റ് ചെയ്യാനുള്ള തീവ്രശ്രമം അപലപനീയമാണ്. പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിട്ട് നിയമപാലകരെ ദുരുപയോഗം ചെയ്യാനുള്ള ഇത്തരം നഗ്‌നമായ ശ്രമങ്ങളിലൂടെ കോണ്‍ഗ്രസിനെ ഭയപ്പെടുത്താനാവില്ലെന്ന് ഓര്‍ക്കണമെന്ന് കോണ്‍ഗ്രസ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.

കടുത്ത ചോദ്യങ്ങള്‍ ചോദിക്കുന്നത് ഇനിയും തുടരുമെന്നും ദിനവും അഴിമതി നിറഞ്ഞ സര്‍ക്കാരിനെ കാല്‍ക്കല്‍ നിര്‍ത്തുമെന്നും കോണ്‍ഗ്രസ് പ്രസ്താവനയില്‍ വ്യക്തമാക്കി. മോദിയുടെ സ്വേച്ഛാധിപത്യവും ജനാധിപത്യവിരുദ്ധവുമായ തന്ത്രങ്ങളും അഴിമതിയും പിണറായി വിജയന്‍ പകര്‍ത്തുകയാണെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. രാജ്യത്തെ ഫാസിസ്റ്റ് ഭരണത്തിനെതിരെ പോരാടാന്‍ യോഗ്യരല്ലെന്ന് പിണറായിയും പാര്‍ട്ടിയും തെളിയിച്ചുവെന്നും കെപിസിസി ട്വീറ്റില്‍ വ്യക്തമാക്കി.

അഴിമതിയില്‍ മുങ്ങിയ പിണറായി സര്‍ക്കാര്‍ ജനങ്ങളെ പേടിച്ചാണ് പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ പ്രതികാര നടപടികളുമായി മുന്നോട്ട് പോകുന്നതെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. കെപിസിസി പ്രസിഡന്റ് കെ സുധാകരനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തമായ തെളിവുകളോടെ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ പോലും കഴിയാത്ത സര്‍ക്കാര്‍ യഥാര്‍ഥ വിഷയങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചു വിടാനാണ് ഇത്തരം നാടകങ്ങളുമായി മുന്നോട്ട് പോകുന്നത്. ജനങ്ങളെ നേരിടാന്‍ പിണറായി സര്‍ക്കാരിന് പേടിയാണ്. വിമര്‍ശനം ഉന്നയിക്കുന്നവരെ കള്ളക്കേസെടുത്ത് നിശ്ശബ്ദമാക്കാമെന്ന് കരുതുന്നത് മൗഢ്യമാണ്. കേന്ദ്രത്തില്‍ മോദി ചെയ്യുന്നതെന്തോ അതാണ് കേരളത്തില്‍ പിണറായിയും ആവര്‍ത്തിക്കുന്നതെന്നും പി എം എ സലാം വ്യക്തമാക്കി.

ഇന്ന് വൈകുന്നേരമാണ് മോന്‍സന്‍ മാവുങ്കല്‍ ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. രാവിലെ 11മണിമുതല്‍ വൈകിട്ട് വരെ കളമശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ തുടങ്ങിയ ചോദ്യം ചെയ്യലിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സുധാകരന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നതിന്റെ അടിസ്ഥാനത്തില്‍ ജാമ്യത്തില്‍ വിട്ടു.

logo
The Fourth
www.thefourthnews.in