ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ  ശർമ്മ.
ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശർമ്മ.

ഇലന്തൂരിലെ നരബലി; റിപ്പോർട്ട് തേടി ദേശീയ വനിതാ കമ്മീഷന്‍

10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് കമ്മീഷന്‍ നിർദ്ദേശം.

പത്തനംതിട്ടയില്‍ നടന്ന ഇരട്ട നരബലിയില്‍ അടിയന്തര റിപ്പോര്‍ട്ട് തേടി ദേശീയ വനിതാ കമ്മീഷന്‍. 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് കമ്മീഷന്‍ നിർദ്ദേശം. ഞെട്ടിപ്പിക്കുന്ന സംഭവമാണ് നടന്നത്. കേരളത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു സംഭവം നടക്കുന്നത് അതിനാല്‍ തന്നെ ഗൗരവത്തോടെ കാണുന്നു. വിഷയത്തില്‍ അടിയന്തിരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പോലീസിനോട് ആവശ്യപ്പെട്ടതായി ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ പറഞ്ഞു.

നരബലി, മനുഷ്യക്കടത്ത് എന്നിവയ്ക്ക് എതിരേ ശക്തമായ പ്രചരണങ്ങള്‍ കേരളത്തില്‍ ആവശ്യമാണ്. അതിന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. സര്‍ക്കാരിന്റെ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും വനിതാ കമ്മീഷന്‍ നല്‍കും. സംഭവത്തില്‍ ഏജന്റുമാര്‍ക്ക് പങ്കുള്ളതായും സ്ത്രീകളെയും വിദ്യാഭ്യാസമില്ലാത്തവരെയുമാണ് ഇത്തരക്കാര്‍ ലക്ഷ്യം വെയ്ക്കുന്നതെന്നും അവര്‍ അഭിപ്രായപ്പെട്ടു.

ഐശ്വര്യവും സമ്പത്തും ലഭിക്കുമെന്ന് വിശ്വസിപ്പിച്ചാണ് പത്തനംതിട്ടയില്‍ സ്ത്രീകളെ ബലി നല്‍കിയതെന്നാണ് വിവരം. തിരുവല്ലയിലെ ദമ്പതികള്‍ക്കായി പെരുമ്പാവൂരില്‍ നിന്നുള്ള ഏജന്റ് കാലടി, കടവന്ത്ര എന്നിവിടങ്ങളില്‍ നിന്നുള്ള സ്ത്രീകളെ കടത്തിക്കൊണ്ടുപോകുകയായിരുന്നു. ഏജന്റും ദമ്പതികളും പിടിയിലായിട്ടുണ്ട്. തിരുവല്ല സ്വദേശി വൈദ്യന്‍ ഭഗവല്‍ സിംഗ്, ഭാര്യ ലൈല, ഏജന്റെന്ന് കരുതുന്ന പെരുമ്പാവൂര്‍ സ്വദേശി ഷിഹാബ് എന്ന റഷീദ് എന്നിവരാണ് കസ്റ്റഡിയിലായത്.

കാലടി സ്വദേശിയായ റോസ്ലി, കടവന്ത്ര പൊന്നുരുന്നി സ്വദേശി പത്മ എന്നിവരാണ് നരബലിയുടെ ഭാഗമായി കൊല്ലപ്പെട്ടത്. ഓഗസ്റ്റ് 17ന് റോസ്‌ലിയെ കാണാതായതായി മകള്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പല സ്ഥലത്തും മാറിമാറി താമസിക്കുന്ന സ്വഭാവമായതിനാല്‍ റോസ്ലിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

എന്നാല്‍ പത്മയെ കാണാതായ സംഭവത്തിലെ അന്വേഷണമാണ് നരബലി സംബന്ധിച്ച വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത്. അന്വേഷണം തിരുവല്ലയിലേക്ക് നീങ്ങിയപ്പോള്‍, കാലടിയില്‍ നിന്നുള്ള മറ്റൊരു സ്ത്രീയും കൊല്ലപ്പെട്ടതായി കണ്ടെത്തുകയായിരുന്നു.

logo
The Fourth
www.thefourthnews.in