നയന സൂര്യന്റെ മരണം: മൊഴി പോലീസ് തിരുത്തിയെന്ന് ഫോറന്‍സിക് സര്‍ജന്‍

കൊലപാതക സാധ്യതയടക്കം താന്‍ പറഞ്ഞ കാര്യങ്ങള്‍ ഒഴിവാക്കിയാണ് 162 മൊഴി തയ്യാറാക്കിയതെന്ന് ഡോ. കെ ശശികല 'ദ ഫോര്‍ത്തി'നോട്

യുവ സംവിധായിക നയന സൂര്യന്റെ മരണത്തില്‍ ഫോറന്‍സിക് സര്‍ജന്റെ നിര്‍ണായക വെളിപ്പെടുത്തല്‍ 'ദ ഫോര്‍ത്തി'നോട്. തന്റെ മൊഴി പോലീസ് വളച്ചൊടിച്ചതായി ഫോറസിക് സര്‍ജന്‍ ഡോ. കെ ശശികല പറയുന്നു. കൊലപാതക സാധ്യതയടക്കം താന്‍ പറഞ്ഞ കാര്യങ്ങള്‍ ഒഴിവാക്കിയാണ് മൊഴി തയ്യാറാക്കിയതെന്നാണ് ഡോ. കെ ശശികല വ്യക്തമാക്കുന്നത്.

ആന്തരികാവയവങ്ങളിലെ ക്ഷതമടക്കം എല്ലാ മുറിവുകളും പോലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അത് ഒഴിവാക്കിയാണ് 162 മൊഴി തയ്യാറാക്കപ്പെട്ടത്.

ഡോ. കെ ശശികല

'' ആദ്യ സാധ്യതയായി പറഞ്ഞത് കൊലപാതകമാണ്. പല സാധ്യതകളില്‍ ഒന്നായി മാത്രമാണ് സെക്ഷ്വല്‍ അസ്ഫിക്‌സിയയെ കുറിച്ച് പരാമര്‍ശിച്ചത്. അത്തരം സാഹചര്യങ്ങള്‍ അപൂര്‍വമാണെന്ന് അന്ന് തന്നെ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞ ആന്തരാവയവങ്ങളിലെ ക്ഷതമടക്കം എല്ലാ മുറിവുകളും പോലീസിന് നല്‍കിയ മൊഴിയിലും പരാമര്‍ശിച്ചിരുന്നു. എന്നാല്‍ അത് ഒഴിവാക്കിയാണ് 162 മൊഴി തയ്യാറാക്കപ്പെട്ടത്''- നയനയുടെ പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍ കെ ശശികല 'ദ ഫോര്‍ത്തി' നോട് വെളിപ്പെടുത്തി.

തന്റെ മൊഴിയില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ പോലീസ് ഒഴിവാക്കിയത് എന്തിനെന്നറിയില്ലെന്ന് ഡോ. ശശികല

'' നിര്‍ണായക തെളിവുകളായ നയനയുടെ വസ്ത്രങ്ങളും നഖങ്ങളും പോലീസിന് കൈമാറിയിരുന്നു. 162 മൊഴിയില്‍ പരാമര്‍ശിക്കുന്ന ദുഃസ്വഭാവം എന്ന വാക്കൊന്നും ഒരു ഘട്ടത്തിലും ഉപയോഗിച്ചിട്ടില്ല. അത് പോലീസ് ഭാഷയാണ്. മൊഴിയില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ പോലീസ് ഒഴിവാക്കിയത് എന്തിനെന്നറിയില്ല'' - ഡോ. ശശികല പറഞ്ഞു.

നയന സൂര്യന്റെ കേസ് തീര്‍പ്പാക്കാന്‍ പോലീസ് അടിസ്ഥാനമാക്കിയ ഫോറന്‍സിക് സര്‍ജന്റെ മൊഴിയുടെ വിശദാംശങ്ങള്‍ കഴിഞ്ഞ ദിവസം 'ദ ഫോര്‍ത്ത്' പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഡോക്ടറുടെ വെളിപ്പെടുത്തല്‍.

Related Stories

No stories found.
logo
The Fourth
www.thefourthnews.in