വിഴിഞ്ഞം സമരം: സഖിക്കെതിരേ നൽകിയ വ്യാജവാര്‍ത്തയിൽ ന്യൂസ് 18 മലയാളത്തിനെതിരെ എന്‍ബിഡിഎസ്എ യുടെ നടപടി

വിഴിഞ്ഞം സമരം: സഖിക്കെതിരേ നൽകിയ വ്യാജവാര്‍ത്തയിൽ ന്യൂസ് 18 മലയാളത്തിനെതിരെ എന്‍ബിഡിഎസ്എ യുടെ നടപടി

'സഖി' ക്ക് എതിരെ നല്‍കിയ വ്യാജവാര്‍ത്തകള്‍ സമൂഹ്യ മാധ്യമ അക്കൗണ്ടുകളില്‍ നിന്ന് ഒരാഴ്ചയ്ക്കുള്ളില്‍ പിന്‍വലിക്കണമെന്ന ന്യൂസ് ബ്രോഡ്കാസ്റ്റിങ്ങ് ആന്‍ഡ് ഡിജിറ്റല്‍ സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഉത്തരവ്

വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഫെമിനിസ്റ്റ് സംഘടനയായ 'സഖി' ക്ക് എതിരെ നല്‍കിയ വ്യാജവാര്‍ത്തകള്‍ സമൂഹ്യ മാധ്യമ അക്കൗണ്ടുകളില്‍ നിന്ന് ഒരാഴ്ചയ്ക്കുള്ളില്‍ പിന്‍വലിക്കണമെന്ന ന്യൂസ് ബ്രോഡ്കാസ്റ്റിങ്ങ് ആന്‍ഡ് ഡിജിറ്റല്‍ സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഉത്തരവ്.

വിഴിഞ്ഞം സമരക്കാര്‍ക്ക് വിദേശ പണം സഖി വഴി ലഭിക്കുന്നുണ്ടന്നായിരുന്നു ചാനല്‍ നല്‍കിയ വാര്‍ത്ത. വാര്‍ത്ത നല്‍കുമ്പോള്‍ കാണിക്കേണ്ട ധാര്‍മികത ചാനല്‍ കാണിച്ചില്ലെന്ന് ന്യൂസ് ബ്രോഡ്കാസ്റ്റിങ്ങ് ആന്‍ഡ് ഡിജിറ്റല്‍ സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ചെയര്‍പേഴ്‌സണ്‍ റിട്ട.ജസ്റ്റിസ് എ കെ സിക്രിയുടെ ഉത്തരവില്‍ വ്യക്തമാക്കി.

വിഴിഞ്ഞം തുറമുഖ പദ്ധതി അട്ടിമറിക്കാന്‍ ഗൂഢാലോചന നടക്കുന്നുവെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് സൂചന ലഭിച്ചെന്ന തരത്തിലാണ് ചാനല്‍ വാര്‍ത്ത നല്‍കിയത്. തുറമുഖ വിരുദ്ധസമരസമിതിയിലെ ഒരു നേതാവിന്റെയും ഭാര്യയുടെയും അക്കൗണ്ടിലേക്ക് 11 കോടി രൂപ എത്തിയത് പദ്ധതി അട്ടിമറിക്കാനായി വിനിയോഗിച്ചു എന്നാണ് ആരോപണമെന്നും വാര്‍ത്തയില്‍ പറഞ്ഞിരുന്നു.

സമരസമിതി നേതാവ് എ ജെ വിജയന്റെയും ഭാര്യ ഏലിയാമ്മ വിജയന്റെയും അഞ്ചുവര്‍ഷത്തെ ബാങ്ക് ഇടപാടുകളാണ് കേന്ദ്ര ഏജന്‍സികള്‍ കര്‍ശനമായി നിരീക്ഷിക്കുന്നതെന്നും ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ മൂത്ത സഹോദരനാണ് ജോസഫ് വിജയന്‍ എന്ന എ ജെ വിജയന്‍. പണം കൈമാറിയിരുന്നത് തിരുവനന്തപുരം വഞ്ചിയൂര്‍ കോണ്‍വെന്റ് റോഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സഖി എന്ന സന്നദ്ധ സംഘടനയുടെ പേരിലാണ് എന്നും കണ്ടെത്തിയിട്ടുണ്ടെന്നും സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന ഇതര സന്നദ്ധ സംഘടനകള്‍ക്ക് ലഭിച്ചിരുന്ന ഫണ്ടിന്റെ ഒരു വിഹിതവും മറ്റുകാര്യങ്ങള്‍ക്ക് കൈമാറിയിരുന്നതായി ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് വിവരം ലഭിച്ചെന്നും ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. ഇതിനെതിരേയാണ് സഖി സംഘടന ന്യൂസ് ബ്രോഡ്കാസ്റ്റിങ്ങ് ആന്‍ഡ് ഡിജിറ്റല്‍ സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റിയെ സമീപിച്ചതും അനുകൂല വിധി ലഭിച്ചതും.

logo
The Fourth
www.thefourthnews.in