ആഴക്കടലിൽ വൻ ലഹരിവേട്ട; പിടികൂടിയത് 12000 കോടിയുടെ മയക്കുമരുന്ന്, പാകിസ്താൻ സ്വദേശി പിടിയിൽ

ആഴക്കടലിൽ വൻ ലഹരിവേട്ട; പിടികൂടിയത് 12000 കോടിയുടെ മയക്കുമരുന്ന്, പാകിസ്താൻ സ്വദേശി പിടിയിൽ

രാജ്യത്തെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയാണിതെന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ വൃത്തങ്ങൾ അറിയിച്ചു

ആഴക്കടലിൽ വൻ ലഹരിവേട്ട. അഫ്ഗാനിസ്ഥാനിൽ നിന്ന് കടൽമാർഗം കൊണ്ട് വന്ന കോടികൾ വില മതിക്കുന്ന ലഹരി മരുന്നുകളാണ് പിടികൂടിയത്. ഏകദേശം 12000 കോടി രൂപ വില വരുന്ന ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്. ഇന്ത്യൻ നേവിയും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും ചേർന്ന് നടത്തിയ ഓപ്പറേഷനിലാണ് ഇത്രയുമധികം ലഹരിമരുന്ന് പിടികൂടിയത്. രാജ്യത്തെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയാണിതെന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ വൃത്തങ്ങൾ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരു പാകിസ്താന്‍ സ്വദേശിയെ കസ്റ്റഡിയിലെടുത്തതായും അധികൃതർ അറിയിച്ചു. പിടികൂടിയ ലഹരിമരുന്ന് കൊച്ചിയിലെത്തിച്ചു.

ഓപ്പറേഷൻ സമുദ്രഗുപ്തിന്റെ ഭാഗമായാണ് ലഹരിവേട്ട. 3200 കിലോ മെത്തഫിറ്റമിന്‍, 500 കിലോ ഹെറോയിൻ, 529 കിലോ ഹാഷിഷ് ഓയിൽ എന്നിവയാണ് പിടികൂടിയത്. 134 ചാക്കുകളിലായിട്ടാണ് മെത്തഫിറ്റമിന്‍ എത്തിച്ചത്. ഇതുവരെ പിടികൂടിയിട്ടുള്ളതില്‍ ഏറ്റവും വലിയ മെത്തഫിറ്റമിന്‍ ശേഖരമാണിതെന്നും എൻസിബി വ്യക്തമാക്കി.

ഇന്ത്യൻ ഏജൻസിയുടെ കപ്പലിലാണ് ലഹരി കടത്തിയത്. ഇന്ത്യ, ശ്രീലങ്ക, മാലിദ്വീപ് എന്നീ തീരങ്ങൾ ലക്ഷ്യമിട്ടാണ് കപ്പൽ നീങ്ങിയതെന്നാണ് പ്രാഥമിക നിഗമനം. പരിശോധന തുടരുമെന്നും കൂടുതൽ പേർ വലയിലാകുമെന്നും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in