പാര്‍ട്ടി നിയമനം ഇഎംഎസ്സിന്റെ കാലം മുതല്‍, അന്ന് ചോദ്യം ചെയ്തത് ഭരണകക്ഷി എംഎല്‍എ, ഉത്തരം മുട്ടി  മുണ്ടശ്ശേരി

പാര്‍ട്ടി നിയമനം ഇഎംഎസ്സിന്റെ കാലം മുതല്‍, അന്ന് ചോദ്യം ചെയ്തത് ഭരണകക്ഷി എംഎല്‍എ, ഉത്തരം മുട്ടി മുണ്ടശ്ശേരി

സർക്കാർ നിയമങ്ങളിലെ സ്വജന പക്ഷപാതം 1957-ലെ ഒന്നാം ഇ എം എസ് സർക്കാരിന്റെ കാലംമുതൽ തുടങ്ങി മാറിമാറി വന്ന സർക്കാരുകൾ പിന്തുടരുന്ന പതിവാണ്

അർഹതയുള്ള ഉദ്യോഗാർത്ഥികളെ കണ്ടെത്തി ജോലി നൽകാനായി രൂപീകരിച്ച പബ്ലിക് സർവീസ് കമ്മീഷനെയും നിരവധി റിക്രൂട്മെന്റ് ബോർഡുകളെയും മറികടന്ന് ഭരണകക്ഷി നേതാക്കൾ നൽകുന്ന ശുപാർശയുടെ അടിസ്ഥാനത്തിൽ പാർട്ടിക്കാരെയും ബന്ധുക്കളെയും ഒഴിവുള്ള തസ്തികകളിൽ നിയമിക്കാനുള്ള ശ്രമങ്ങൾ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. സർക്കാർ സർവിസിലെ നിയമങ്ങളിലെ സ്വജന പക്ഷപാതം കേരളം രൂപീകൃതമായ കാലം മുതൽ തുടങ്ങിയതാണ്. മാറി മാറി വന്ന ഇടത്, വലത് സർക്കാരുകൾ തങ്ങളുടെ അനുയായികളെയും നേതാക്കളുടെ ബന്ധുക്കളെയും സാധ്യമായ സ്ഥലങ്ങളിലെല്ലാം നിയമിക്കാൻ സാധ്യമായതെല്ലാം ചെയ്തു.

പാര്‍ട്ടി നിയമനം ഇഎംഎസ്സിന്റെ കാലം മുതല്‍, അന്ന് ചോദ്യം ചെയ്തത് ഭരണകക്ഷി എംഎല്‍എ, ഉത്തരം മുട്ടി  മുണ്ടശ്ശേരി
മുന്നണി ഭേദമില്ലാതെ രാഷ്ട്രീയ നിയമനങ്ങൾ; യുഡിഎഫ് ഭരണകാലത്തെ രണ്ട് മാസത്തിനിടയിൽ നൽകിയത് 35 ശുപാർശ കത്തുകൾ

ഒന്നാം കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ കാലത്ത് നിയമനങ്ങളിലെ സ്വജന പക്ഷപാതത്തെ പറ്റി ഭരണകക്ഷി എം എൽ എ തന്നെ നിയമസഭയിൽ ചോദ്യം ഉന്നയിക്കുന്ന അവസ്ഥയുണ്ടായി. സിപിഐ എംഎൽഎ പി രവീന്ദ്രന്റെ ചോദ്യത്തിന് മുന്നിൽ വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശ്ശേരിക്ക് ഉത്തരം മുട്ടിയ സന്ദർഭം നിയമസഭാ രേഖകളിൽ ലഭ്യമാണ്.

ഇ എം എസ് സർക്കാർ അധികാരം ഏറ്റെടുത്ത് ഒരു വർഷം തികയും മുൻപേ അനധികൃത നിയമനങ്ങൾ വിവാദമായിത്തുടങ്ങി. 1958 മാർച്ച് ഒന്നാം തിയതി ഭരണകക്ഷി അംഗമായ പി രവീന്ദ്രൻ നിയമസഭയിൽ ചോദിച്ച ചോദ്യം ഇങ്ങനെയായിരുന്നു, “കേരള യൂണിവേഴ്സിറ്റി ആക്ട് നിലവിൽ വന്ന ശേഷം പബ്ലിക് സർവീസ് കമ്മിഷനോട് ആലോചിക്കാതെ എത്ര നിയമനങ്ങൾ സർക്കാർ കോളജുകളിൽ നടത്തിയിട്ടുണ്ട്?” എല്ലാ നിയമനങ്ങളും പി എസ് സി അംഗീകാരത്തോടെയാണെന്ന് മന്ത്രി ജോസഫ് മുണ്ടശ്ശേരി മറുപടി നൽകിയപ്പോൾ, രവീന്ദ്രൻ ഉപചോദ്യവുമായി എഴുന്നേറ്റു, “യൂണിവേഴ്സിറ്റി കോളേജിൽ മലയാളം അധ്യാപകന് വേണ്ടി അപേക്ഷകൾ ക്ഷണിച്ച ശേഷം അവ തിരസ്കരിച്ചു വേറൊരാളെ നിയമിച്ചിട്ടുണ്ടോ?”. അതിനു മറുപടിയായി നേരത്തെ ആക്ടിങ് ലക്ചറര്‍ ആയി ജോലി ചെയ്ത ഒരാളെ (ഗസ്റ്റ് ലക്ചറർ) പി എസ് സിയുടെ അനുമതിയോടെ നിയമിച്ചിട്ടുണ്ടെന്ന് മുണ്ടശ്ശേരി മറുപടി പറഞ്ഞു. വിടാൻ ഭാവമില്ലാതെ, “എങ്കിൽ എന്തിനാണ് പബ്ലിക് സർവീസ് കമ്മിഷൻ വഴി അപേക്ഷ ക്ഷണിച്ചത്?” എന്നായി രവീന്ദ്രൻ.

പാര്‍ട്ടി നിയമനം ഇഎംഎസ്സിന്റെ കാലം മുതല്‍, അന്ന് ചോദ്യം ചെയ്തത് ഭരണകക്ഷി എംഎല്‍എ, ഉത്തരം മുട്ടി  മുണ്ടശ്ശേരി
സിപിഎമ്മിനെ കുരുക്കി 'പാര്‍ട്ടിക്കത്ത്'; ആനാവൂര്‍ നാഗപ്പന്‍ നല്‍കിയ നിയമന ശുപാര്‍ശ പുറത്ത്

1958 ജനുവരിയിൽ തിരുവനന്തപുരത്തും ആലുവയിലും മലയാളം അധ്യാപക ഇന്റർവ്യൂ നടത്തിയിരുന്നു. സോമശേഖരൻ നായർ, വിജയൻ എന്നിവരാണ് ഈ അഭിമുഖങ്ങളിൽ ഒന്നാമത് എത്തിയത്. എന്നാൽ യൂണിവേഴ്സിറ്റി കോളജിൽ നിയമിച്ചതാവട്ടെ അപേക്ഷ പോലും നൽകാത്ത സുലോചന എന്ന അധ്യാപികയെയും. ഈ വിഷയമാണ് രവീന്ദ്രൻ, പേരുകൾ പറയാതെ നിയമസഭയിൽ ഉന്നയിച്ചത്. സുലോചന കുറച്ചുകാലം വിമൻസ് കോളജിൽ ആക്ടിങ് അധ്യാപികയായിരുന്നു. അതാണ് മുണ്ടശ്ശേരി സഭയിൽ പറഞ്ഞ ന്യായം. “എന്നാൽ ഫിലോസഫി അദ്ധ്യാപക തസ്തികയിലേക്ക് രണ്ടുവർഷം ആക്ടിങ് സർവിസ് ഉള്ള വേലായുധൻ നായർ അപേക്ഷിച്ചപ്പോൾ ഈ ന്യായം ഓർമിച്ചില്ല. യൂണിവേഴ്സിറ്റി കോളജിൽ ഇംഗ്ലീഷ് അധ്യാപികയായി ചെല്ലമ്മ ഫിലിപ്പിനെ നിയമിക്കുന്ന സമയത്ത് ഈ ന്യായം വീണ്ടും ഓർമിക്കുകയും ചെയ്തു,” കമ്യൂണിസ്റ്റ് ഭരണം കേരളത്തിൽ എന്ന പുസ്തകത്തിൽ കൈനിക്കര പത്മനാഭ പിള്ള എഴുതുന്നു.

പാര്‍ട്ടി നിയമനം ഇഎംഎസ്സിന്റെ കാലം മുതല്‍, അന്ന് ചോദ്യം ചെയ്തത് ഭരണകക്ഷി എംഎല്‍എ, ഉത്തരം മുട്ടി  മുണ്ടശ്ശേരി
നിയമന വിവാദം മറികടക്കാന്‍ സിപിഎം; കത്ത് വ്യാജമെന്ന് ചൂണ്ടിക്കാട്ടി മേയര്‍ പരാതി നല്‍കും

അക്കാലത്ത് സീറ്റുകൾ ഏറെ കുറവായിരുന്ന മെഡിക്കൽ കോളജുകളിലെ പ്രവേശനമായിരുന്നു ഇ എം എസ് സർക്കാർ വ്യാപകമായി സ്വജന പക്ഷപാതം കാട്ടിയ മറ്റൊരു മേഖല. കട്ടക്ക് മെഡിക്കൽ കോളജിൽ കേരളത്തിനുവേണ്ടി സംവരണം ചെയ്ത മൂന്നു സീറ്റുകളിൽ ഒന്നിലേക്ക് വിദ്യാഭ്യാസ മന്ത്രി മുണ്ടശ്ശേരിയുടെ മകളെയാണ് സർക്കാർ നാമനിർദേശം ചെയ്‌തത്‌. കട്ട് ഓഫ് മാർക്കിലും 17 മാർക്ക് കുറവുള്ള ധനകാര്യ മന്ത്രി സി അച്യുത മേനോന്റെ ബന്ധുവായ വിദ്യാർത്ഥിക്ക് കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശനം നൽകി. ആരോഗ്യ മന്ത്രി ഡോ എ ആർ മേനോന്റെ മകനെ മാനദണ്ഡങ്ങൾ ലംഘിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജിൽ നാലാം വർഷത്തിലേക്ക് പ്രവേശനം നൽകിയതും പ്രതിപക്ഷം വലിയ ആരോപണമായി അന്ന് ഉന്നയിച്ചിരുന്നു.

എകെജിയുടെ അനുജനായ എ കെ എൻ നമ്പ്യാരെ കോഴിക്കോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ തസ്തികയിൽ നിയമിച്ചതും വിവാദമായി. നമ്പ്യാർക്കായി സർക്കാർ സൃഷ്ടിച്ച പ്രത്യേക തസ്തികയാണിതെന്നായിരുന്നു പ്രതിപക്ഷ ആരോപണം. പബ്ലിക് ഹെൽത്ത് ലബോറട്ടറി ഡയറക്ടറായി നിയമിതനായ ഡോ എം കെ മേനോൻ ആരോഗ്യ മന്ത്രിയുടെ അടുത്ത ബന്ധുവായിരുന്നുവെന്നും തിരുവനന്തപുരം പബ്ലിക് ലൈബ്രറിയിൽ റീജിയണൽ ബിബ്ലിയോഗ്രാഫർ ആയി നിയമിതയായ ചന്ദ്രിക ഭരണകക്ഷി എം എൽ എ പികെ കോരുവിന്റെ മകളായിരുന്നുവെന്നും അഡ്വക്കേറ്റ് ജയശങ്കർ ‘കമ്യൂണിസ്റ്റ് ഭരണവും വിമോചന സമരവും’ എന്ന പുസ്തകത്തിൽ എഴുതുന്നു. സിപിഐ ഉള്ളൂർ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ഒരാളെ കേരള സർവകലാശാലയിൽ അസിസ്റ്റന്റ് ആയി നിയമിച്ചതും അക്കാലത്ത് വിവാദമായിരുന്നു.

പിഎസ്‌സി അംഗമായി പിടി ഭാസ്കര പണിക്കരെ നിയമിച്ചതും കാർഷിക ഉപദേശക സമിതി അംഗമായി വൈ എസ് കൃഷ്ണസ്വാമിയെ നിയമിച്ചതും ഖാദി ബോർഡ് അംഗമായി ത്രിവിക്രമനെ നിയമിച്ചതും അന്നത്തെ പ്രതിപക്ഷ പാർട്ടികൾ വിവാദമാക്കിയിരുന്നു. ഇവർ മൂന്നുപേരും സിപിഐ അംഗങ്ങളായിരുന്നു എന്നായിരുന്നു ആരോപണം.

logo
The Fourth
www.thefourthnews.in