പുതിയ ചീഫ് സെക്രട്ടറി,  പോലീസ് മേധാവി എന്നിവരെ ഇന്നറിയാം; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

പുതിയ ചീഫ് സെക്രട്ടറി, പോലീസ് മേധാവി എന്നിവരെ ഇന്നറിയാം; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

ചീഫ് സെക്രട്ടറി ഡോ വി പി ജോയും പോലീസ് മേധാവി അനില്‍കാന്തും വിരമിക്കുന്ന ഒഴിവിലാണ് പുതിയ നിയമനം

കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയെയും സംസ്ഥാന പോലീസ് മേധാവിയെയും ഇന്നറിയാം. ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് ഡോ വി പി ജോയി വിരമിക്കുന്ന ഒഴിവിലേക്ക് ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ വി വേണുവിനെയാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. ഡിജിപിമാരായ കെ പത്മകുമാര്‍, ഷെയ്ക്ക് ദര്‍വേസ് സാഹിബ്, ഹരിനാഥ് മിശ്ര എന്നിവരാണ് പോലീസ് മേധാവിയാകാനുള്ള പട്ടികയിലുള്ളത്

ഇന്ന് ചേരുന്ന സംസ്ഥാന മന്ത്രിസഭായോഗത്തിലാണ് നിർണായക തീരുമാനം ഉണ്ടാവുക. ജൂണ്‍ 30നാണ് ഡോ. വി പി ജോയിയുടെ കാലാവധി അവസാനിക്കുന്നത്. ചീഫ് സെക്രട്ടറിക്ക് ഒപ്പം വിരമിക്കുന്ന സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്തിന് പകരക്കാരന്‍ ആരായിരിക്കുമെന്ന കാര്യത്തിലും മന്ത്രിസഭ യോഗം തീരുമാനമെടുക്കും. പുതിയ പോലീസ് മേധാവിയെ തെരഞ്ഞെടുക്കാനുള്ള മൂന്നംഗ ചുരുക്കപ്പട്ടികയ്ക്ക് കഴിഞ്ഞ ദിവസം യുപിഎസ്‌സി അംഗീകാരം നല്‍കിയിരുന്നു.

കെ പത്മകുമാര്‍, ഷെയ്ക്ക് ദര്‍വേസ് സാഹിബ്, ഹരിനാഥ് മിശ്ര എന്നിവരാണ് അന്തിമ പട്ടികയിലുള്ളത്. ഇവരില്‍ നിന്ന് ഒരാളെ മന്ത്രിസഭാ യോഗം തിരഞ്ഞെടുക്കും. മൂന്നുപേരില്‍ ഫയര്‍ഫോഴ്‌സ് മേധാവി ദര്‍വേസ് സാഹിബാണ് സീനിയോറിറ്റിയില്‍ ഒന്നാമത്. ജയില്‍ മേധാവിയാണ് കെ പത്മകുമാര്‍, ഹരിനാഥ് മിശ്ര നിലവില്‍ കേന്ദ്ര ഡെപ്യൂട്ടേഷനില്‍ ഇന്റലിജന്‍സ് ബ്യൂറോ അഡീഷണല്‍ ഡയറക്ടറാണ്.

സംസ്ഥാനം നല്‍കിയ എട്ടുപേരുടെ പട്ടികയില്‍ നിന്നാണ് മൂന്നുപേരുടെ അന്തിമ പട്ടിക യുപിഎസ്‌സി തിരഞ്ഞെടുത്തത്. അതില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന നിധിന്‍ അഗര്‍വാള്‍ സംസ്ഥാന സര്‍വീസിലേക്കില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് ഹരിനാഥ് മിശ്ര പട്ടികയില്‍ ഉള്‍പ്പെട്ടത്. നിധിന്‍ അഗര്‍വാള്‍ നിലവില്‍ ബിഎസ്എഫ് ഡയറക്ടര്‍ ജനറലാണ്. ലോക്നാഥ് ബെഹ്‌റയുടെ പിന്‍ഗാമിയായാണ് അനില്‍ കാന്ത് പോലീസിന്റെ തലപ്പത്ത് എത്തിയത്. ആറ്‌ മാസം സര്‍വീസ് ബാക്കി നില്‍ക്കെയായിരുന്നു നിയമനം. പിന്നീട് സർക്കാർ രണ്ട്‌ വര്‍ഷം കൂടി സര്‍വീസ് നീട്ടി നല്‍കുകയായിരുന്നു.

logo
The Fourth
www.thefourthnews.in