ക്രൈസ്തവ സ്നേഹവും, വികസന ചർച്ചകളും- മോദിയുടെ സാന്നിധ്യത്തിൽ പുത്തൻ മോഹങ്ങളുമായി ബിജെപി

ക്രൈസ്തവ സ്നേഹവും, വികസന ചർച്ചകളും- മോദിയുടെ സാന്നിധ്യത്തിൽ പുത്തൻ മോഹങ്ങളുമായി ബിജെപി

പ്രകാശ് ജാവേദക്കര്‍ കേരളത്തിന്റെ ചുമതലയുള്ള കേന്ദ്ര നേതാവായി എത്തിയതിന് ശേഷമുള്ള നിര്‍ണായക നീക്കങ്ങള്‍ അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഗുണമാകുമെന്ന വിലയിരുത്തലിലാണ് ബിജെപി

ക്രിസ്ത്യന്‍ സഭകളെ കൂടെ കൂട്ടി, വികസന രാഷ്ട്രീയം പറഞ്ഞുള്ള പുതു സമീപനത്തിലൂടെ കേരളത്തില്‍ നേരിടുന്ന ' പ്രതിസന്ധി' മറികടക്കാന്‍ ബിജെപി. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഈ പുതു രാഷ്ട്രീയ സമീപനത്തിന്റെ തുടക്കമാക്കി മാറ്റാനാണ് ബിജെപി കേന്ദ്ര സംസ്ഥാന നേതൃത്വങ്ങള്‍ ശ്രമിക്കുന്നത്. പ്രകാശ് ജാവേദക്കര്‍ കേരളത്തിന്റെ ചുമതലയുള്ള കേന്ദ്ര നേതാവായി എത്തിയതിന് ശേഷമുള്ള നിര്‍ണായക നീക്കങ്ങള്‍ അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്തുമെന്നാണ് ബിജെപി നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി, വന്ദേ ഭാരത് എക്‌സ്പ്രസ് പ്രഖ്യാപിക്കുകയും, തിരുവനന്തപുരം, നേമം സ്റ്റേഷനുകളുടെ വികസനത്തിന് പ്രത്യേകമായി തുക അനുവദിക്കുകയും ചെയ്തതിലൂടെ വികസനത്തിന്റെ രാഷ്ട്രീയമെന്ന അജണ്ട വലിയ രീതയില്‍ ചര്‍ച്ചയാക്കാന്‍ കഴിഞ്ഞുവെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്. ഇതിന് സമാന്തരമായി ചില ക്രൈസ്തവ സഭകളുമായി ബന്ധം തുടങ്ങിവെയ്ക്കാന്‍ കഴിഞ്ഞതും പാര്‍ട്ടിയ്ക്ക് സഹായകരമാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി നേതൃത്വം.

തീവ്ര ഹിന്ദുത്വ നിലാപടുകളില്‍ മാത്രമല്ലാതെ മധ്യവര്‍ഗത്തെ ആകര്‍ഷിക്കുന്ന വികസന രാ്ഷ്ട്രീയവും ഉയര്‍ത്തികൊണ്ടുവരുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രി കൊച്ചിയില്‍ യുവാക്കളുമായുള്ള സംവാദം തീരുമാനിച്ചിട്ടുള്ളത്.

കൊച്ചിയിൽ 8 ക്രൈസ്തവ സഭകളുടെ തലവൻമാരെയാണ് പ്രധാനമന്ത്രി കൂടിക്കാഴ്ചയ്ക്കായി ക്ഷണിച്ചിട്ടുള്ളത്

കൊച്ചിയിൽ 8 ക്രൈസ്തവ സഭകളുടെ തലവൻമാരെയാണ് പ്രധാനമന്ത്രി കൂടിക്കാഴ്ചയ്ക്കായി ക്ഷണിച്ചിട്ടുള്ളത്.സീറോ മലബാർ സഭ ആർച്ച് ബിഷപ്പ് മാർ ജോർജ്ജ് ആലഞ്ചേരി,വരാപ്പുഴ ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ,യാക്കോബായ സുറയാനി സഭയുടെ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയസ്,ക്നാനായ സിറിയൻ സഭയെ പ്രതിനിധീകരിച്ച് കുര്യാക്കോസ് മാർ സേവേറിയോസ് ,മലങ്കര ഓർത്തഡോക്സ് സഭയിൽ നിന്നും കാതോലിക്കോസ് ബസേലിയോസ് മാർത്തോമ മാത്യൂസ് മൂന്നാമൻ,കാൽഡീൻ സിറിയൻ ചർച്ചിന്റെ മെട്രോപൊളിറ്റൻ ആർച്ച് ബിഷപ്പ് ഓഗിൻ കുര്യാക്കോസ് എന്നിവർക്കാണ് ക്ഷണം കിട്ടിയിരിക്കുന്നത്.

കേരള രാഷ്ട്രീയത്തിൽ ക്രൈസ്തവസഭകൾക്കുള്ള നിർണായകമായ പങ്ക് മനസിലാക്കി അടുത്ത ലോക്സഭാ തെരഞ്ഞടുപ്പിൽ ക്രൈസ്തവ വിഭാഗത്തെ ഒപ്പം കൂട്ടാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ കൂടിക്കാഴ്ചയെന്നാണ് വിലയിരുത്തൽ.ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി ക്രൈസ്തവ ദേവാലയം സന്ദർശിച്ചതും ആർച്ച് ബിഷപ്പ് മാർ ജോർജ്ജ് ആലഞ്ചരി, താമരശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംബ്ലാനി അടക്കമുള്ള ക്രൈസ്തവസഭാ നേതാക്കൻമാർ നടത്തിയ ബിജെപി അനുകൂല പരാമർശങ്ങളും ക്രൈസ്തവ ബിജെപി കൂട്ടുകെട്ടിനുള്ള മുന്നൊരുക്കമായി കാണുന്നവരുണ്ട്. ക്രൈസ്തവ വിശ്വാസികളിൽ ഒരു വിഭാഗത്തിനുള്ള മുസ്ലീം വിരുദ്ധ മനോഭാവത്തെ ഉപയോഗപ്പെടുത്താൻ കഴിയുമെന്നും ബിജെപി കണക്കുകൂട്ടുന്നു

ജോണി നെല്ലൂരിന്റെ നേതൃത്വത്തിൽ നാഷണൽ പ്രോഗ്രസീവ് പാർട്ടി രൂപീകരിക്കപ്പെട്ടതടക്കമുള്ള കാര്യങ്ങളിൽ ബിജെപി കേന്ദ്രനേതൃത്വത്തിന്റെ നേരിട്ടുള്ള ഇടപെടൽ ഉണ്ടായിട്ടുണ്ട്.കേരള കോൺഗ്രസിൽ നിന്ന് പ്രാദേശിക നേതാക്കളിൽ പലരും ഒന്നൊന്നായി കൊഴിഞ്ഞ് നെല്ലൂരിന്റെ പാർട്ടിയിലേക്കും ബിജെപിയിലേക്കും ചേരുമെന്നാണ് ഇവർ പ്രതീക്ഷിക്കുന്നത്.

കൊച്ചി വാട്ടർ മെട്രോയുടെ ഉദ്ഘാടനവും വന്ദേഭാരത് ഫ്ലാഗ് ഓഫുമാണ് പ്രധാനമന്ത്രിയുടെ കേരളത്തിലെ മറ്റ് രണ്ട് പ്രധാന പരിപാടികൾ.തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് കൂടുതൽ വികസനപദ്ധതികൾ കേരളത്തിനായി പ്രധാനമന്ത്രി പ്രഖ്യാപിക്കുമോ എന്നാണ് എല്ലാവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.

കേരളത്തിൽ രണ്ട് മത സാമൂഹ്യ വിഭാഗങ്ങളെയാണ് ബിജെപി ലക്ഷ്യമിട്ടത്. എസ്എൻഡിപിയുടെ നേതൃത്വത്തെ സ്വാധീനിച്ച് ബിഡിജെസ് രൂപികരിച്ചതും തുഷാർ വെള്ളാപ്പള്ളിയെ എൻഡിഎയുടെ കേരളത്തിലെ കൺവീനറാക്കിയതുമായിരുന്നു ഒരു നീക്കം. എന്നാൽ ഈഴവരിൽ ഇതിന് യാതൊരു സ്വാധീനവുണ്ടാക്കാൻ കഴിഞ്ഞില്ല. അതിന് വർഷങ്ങൾക്ക് മുമ്പ് കെ എം മാണിയുമായി തെറ്റിയ പി സി തോമസിലൂടെ സഭ വിശ്വാസികളുടെ മനസ്സ് ആകർഷിക്കാനായിരുന്നു അന്ന് ബിജെപി ശ്രമിച്ചത്. പി സി തോമസിനെ വാജ്പേയി സർക്കാറിൽ സഹമന്ത്രിയാക്കിയെങ്കിലും അതും വിജയിച്ചില്ല. പിന്നീട് അൽഫോൺസ് കണ്ണന്താനം വഴിയും ശ്രമം നടത്തി.

എന്നാൽ അതിൽനിന്ന് വ്യത്യസ്തമാണ് ഇപ്പോഴത്തെതെന്നാണ് ബിജെപി നേതാക്കൾ പറയുന്നത്. പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ഇടപെടൽ കേരളത്തിൽ ചലനങ്ങൾ സൃഷ്ടിക്കുമെന്നും അവർ കണക്കുകൂട്ടുന്നു

logo
The Fourth
www.thefourthnews.in