അഞ്ച് വർഷത്തിനുള്ളിൽ സമ്പൂർണ സാക്ഷരത; ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന് സംസ്ഥാനത്ത് ഇന്ന് തുടക്കം

അഞ്ച് വർഷത്തിനുള്ളിൽ സമ്പൂർണ സാക്ഷരത; ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന് സംസ്ഥാനത്ത് ഇന്ന് തുടക്കം

എല്ലാ ജില്ലകളിലും സമ്പൂർണ സാക്ഷരത ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം

സമ്പൂർണ സാക്ഷരത ഉറപ്പാക്കാനൊരുങ്ങി കേരളം. കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും സാക്ഷരതാ മിഷനും സംയുക്തമായി നടപ്പിലാക്കുന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം (NILP) പദ്ധതിക്ക് സംസ്ഥാനത്ത് ഇന്ന് തുടക്കമാകും. അഞ്ച് വർഷ കാലയളവിൽ കേരളത്തിലെ എല്ലാ ജില്ലകളിലും സമ്പൂർണ സാക്ഷരത ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ആദ്യ പടിയായി 15 വയസ്സിന് മുകളിലുള്ള 85,000 പേർക്ക് അടിസ്ഥാന വിദ്യാഭ്യാസം നൽകാനാണ് തീരുമാനം. തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ വച്ച് നടക്കുന്ന ചടങ്ങ് മുഖ്യമന്തി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ചടങ്ങിന് അധ്യക്ഷത വഹിക്കും.

സ്ത്രീകൾ, പട്ടികജാതി/പട്ടികവർഗക്കാർ, പിന്നാക്ക വിഭാഗങ്ങൾ, ന്യൂനപക്ഷങ്ങൾ, ഭിന്നശേഷിക്കാർ, ട്രാൻസ്‌ജെൻഡർ എന്നിവർക്കാണ് പദ്ധതി പ്രകാരം മുൻഗണന നൽകുക. തീരദേശ നിവാസികൾ, ചേരികളിൽ താമസിക്കുന്നവർ, നിർമാണ തൊഴിലാളികൾ എന്നിവർക്കിടയിൽ വിദ്യാഭ്യാസം ഉറപ്പുവരുത്താൻ വേണ്ട നടപടികളും സ്വീകരിക്കും. അടിസ്ഥാന വിദ്യാഭ്യാസം നൽകിയ ശേഷം സാക്ഷരതാ മിഷൻ സംഘടിപ്പിക്കുന്ന തുല്യതാ പ്രോഗ്രാമുകളുടെ ഭാഗമാക്കും.

നാല്, അഞ്ച് ക്ലാസുകൾ, SSLC, ഹയർ സെക്കൻഡറി തുല്യതാ കോഴ്സുകളും സാക്ഷരതാ മിഷൻ ലഭ്യമാക്കും. ഡിജിറ്റൽ വിദ്യാഭ്യാസവും പദ്ധതിയുടെ ഭാഗമാണ്. ഓൺലൈനായും ഓഫ്‌ലൈനായും ക്ലാസുകൾ സംഘടിപ്പിക്കും. സാക്ഷരതാ വൊളന്റിയർമാരും, അധ്യാപകരുമായിരിക്കും ക്ലാസുകൾ നടത്തുക. കേരള ഇൻഫ്രാസ്ട്രക്ചർ ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (KITE) പദ്ധതിക്കായുള്ള ഡിജിറ്റൽ സംവിധാനങ്ങളൊരുക്കും. പുസ്തകങ്ങളും ക്ലാസ് റൂം വിദ്യാഭ്യാസത്തിനാവശ്യമായ മറ്റ് സൗകര്യങ്ങളും സ്റ്റേറ്റ് കൗൺസിൽ ഫോർ എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് (SCERT) നൽകും.

വിദ്യാഭ്യാസ പദ്ധതികള്‍ കാര്യക്ഷമമായതിനാൽ തന്നെ പദ്ധതി പ്രകാരം നേടിയെടുക്കേണ്ട ലക്ഷ്യം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ കുറവാണെന്ന് സാക്ഷരതാ മിഷൻ ഉദ്യോഗസ്ഥര്‍ പറയുന്നു. സാക്ഷരതാ പ്രവർത്തകരുടെ സമരവും കോവിഡും കാരണമാണ് പദ്ധതിക്ക് കാലതാമസം വന്നതെന്നും അവര്‍ പറയുന്നു. സംസ്ഥാനത്തുടനീളം വിശദമായ സർവേ നടത്തി വിവരങ്ങൾ ശേഖരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

logo
The Fourth
www.thefourthnews.in